
ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025 ആരാധക പങ്കാളിത്തത്തിൽ പുതിയൊരു ചരിത്രം സൃഷ്ടിച്ചു. ഗ്രൂപ്പ് ഘട്ടവും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും പൂർത്തിയായതോടെ സ്റ്റേഡിയങ്ങളിൽ മത്സരം കാണാനെത്തിയ ആരാധകരുടെ എണ്ണം ഒരു മില്യൺ പിന്നിട്ടു. ഇതുവരെ ആകെ 10,22,592 പേരാണ് മത്സരങ്ങൾ നേരിട്ട് കാണാൻ എത്തിയതെന്ന് സംഘാടകർ അറിയിച്ചു.
പ്രാദേശിക ആരാധകരോടൊപ്പം വിവിധ അറബ് രാജ്യങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് സന്ദർശകരുടെ സാന്നിധ്യം മത്സര വേദികളെ ആവേശത്തിന്റെ ഉത്സവമാക്കി. ടൂർണമെന്റിന് ലഭിച്ച ഈ വൻജനപ്രീതി അറബ് കപ്പിന്റെ വർധിച്ചുവരുന്ന ആകർഷണവും ഖത്തറിന്റെ ലോകോത്തര സംഘാടക ശേഷിയും വ്യക്തമാക്കുന്നു.
ഫിഫ ലോകകപ്പ് ഖത്തർ 2022-നായി നിർമ്മിച്ച ആധുനിക സ്റ്റേഡിയങ്ങളും കായിക അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗിച്ചതിലൂടെ, വൻകായിക മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതിൽ ഖത്തർ കൈവരിച്ച മികവിന്റെ മറ്റൊരു ശക്തമായ തെളിവാണ് ഈ നേട്ടം.
ടൂർണമെന്റ് ഇനി നിർണായക ഘട്ടങ്ങളിലേക്കാണ് കടക്കുന്നത്. അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്കും തുടർന്ന് നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിനും ഫൈനലിനുമായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇതോടെ, വരാനിരിക്കുന്ന ദിവസങ്ങളിൽ കാണികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.











