10:34am 24 August 2026
NEWS
ബാഗൽകോട്ടിൽ തീപ്പാറുന്ന പോരാട്ടം: 20 മന്ത്രിമാരെയും 40 എംഎൽഎമാരെയും പ്രചാരണത്തിനിറക്കി കോൺഗ്രസ്സ്.
04/04/2026  11:21 AM IST
വിഷ്ണുമംഗലം കുമാർ
ബാഗൽകോട്ടിൽ തീപ്പാറുന്ന പോരാട്ടം: 20 മന്ത്രിമാരെയും 40 എംഎൽഎമാരെയും പ്രചാരണത്തിനിറക്കി കോൺഗ്രസ്സ്

 ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലെ ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ രണ്ടു മണ്ഡലങ്ങളിൽ, സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് നന്നായി വിയർക്കുന്നത് വടക്കൻ കർണാടകത്തിലെ ബാഗൽകോട്ടിലാണ്. മണ്ഡലത്തിൽ ശക്തമായ അടിവേരുള്ള ബിജെപിയാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി ഉമേഷ്‌ മെറ്റിയുടെ പ്രധാന പ്രതിയോഗി. ഈ മണ്ഡലത്തിൽ നിന്നും മുമ്പ് മൂന്നുതവണ വിജയിച്ചിട്ടുള്ള വീരണ്ണ ചരന്ദി നാഥാണ് വീണ്ടും കോൺഗ്രസ്സ് സ്ഥാനാർത്ഥിയുമായി ഏറ്റുമുട്ടുന്നത്. 2023 ൽ 5878 വോട്ടുകൾക്കാണ് അദ്ദേഹം എച്ച് വൈ മെറ്റിയോട് പരാജയപ്പെട്ടത്. വിമതനായി മത്സരിച്ച സഹോദരൻ മല്ലികാർജ്ജുന ചരന്ദിനാഥ് പതിനായിരത്തോളം വോട്ട് പിടിച്ചിരുന്നു. ഇപ്പോൾ മല്ലികാർജ്ജുന ചരന്ദിനാഥ് കോൺഗ്രസ്സിൽ ചേർന്നാണ് പ്രവർത്തിക്കുന്നത്. മുൻ മന്ത്രികൂടിയായ എച്ച് വൈ മെറ്റിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതും അദ്ദേഹത്തിന്റെ മകൻ ഉമേഷ്‌ മെറ്റി കോൺഗ്രസ്സ് സ്ഥാനാർത്ഥിയായതും. 2.58 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. അതിൽ 1.18 ലക്ഷം നഗരവോട്ടർമാരും 1.40 ലക്ഷം ഗ്രാമീണ വോട്ടർമാരുമാണ്. നഗരകേന്ദ്രങ്ങളിൽ ബിജെപിയ്ക്കാണ് സ്വാധീനം; ഗ്രാമങ്ങളിൽ കോൺഗ്രസ്സിനും. പോരാട്ടം കനക്കുകയും ബിജെപിയ്ക്ക് വിജയ സാധ്യതയുണ്ടെന്ന് ചില സർവ്വേകൾ പ്രവചിക്കുകയും ചെയ്തതോടെയാണ് കോൺഗ്രസ്സ് ഉയർത്തെഴുന്നേറ്റത്. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ബെളഗാവിയോട് തൊട്ടുകിടക്കുന്ന ബാഗൽകോട്ട് ജില്ലയിൽ പറയത്തക്ക സ്വാധീനമില്ല. മാത്രവുമല്ല, ആസ്സാം തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അദ്ദേഹത്തിന് മണ്ഡലത്തിൽ പ്രചാരണത്തിന് നേതൃത്വം കൊടുക്കാനുമാവില്ല. ബെളഗാവി രാഷ്ട്രീയത്തിലെ അതികായനും പൊതുമരാമത്ത് മന്ത്രിയുമായ വിശ്വസ്തൻ സതീഷ് ജാർക്കിഹോളിയെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ബാഗൽകോട്ടിലെ പ്രചാരണച്ചുമതല ഏൽപ്പിച്ചിട്ടുള്ളത്.സിദ്ധരാമയ്യയും താരപ്രചാരകനായി മണ്ഡലത്തിലെത്തുന്നുണ്ട്. 20 മന്ത്രിമാരും 40 എംഎൽഎമാരും സതീഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നുണ്ട്. ഓരോ ഗ്രാമ പഞ്ചായത്തുകളിൽ രണ്ടുവീതം എംഎൽഎമാരും ജില്ലാ പഞ്ചായത്ത്‌ മേഖലയിൽ ഈരണ്ട് മന്ത്രിമാരും പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് ബിജെപിയുടെ ഭീഷണി ശക്തമായതിനാലാണ്. മുൻമുഖ്യമന്ത്രി യഡിയുരപ്പ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബിജെപിയ്ക്ക് വേണ്ടി മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്. ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട ബസന ഗൗഡ പാട്ടീൽ യത് നാലും ബിജെപിയുടെ സ്ഥാനാർത്ഥിയ്ക്കുവേണ്ടി പ്രചാരണം നടത്താനെത്തിയിരുന്നു. കടുത്ത പ്രതിരോധമാണ് ബാഗൽകോട്ടിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് മുഖ്യ പ്രതിപക്ഷമായ ബിജെപിയിൽ നിന്ന് നേരിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img