കൊച്ചി : മൂലധന ചെലവിനായുള്ള വിഹിതം വർദ്ധിപ്പിച്ചതും പ്രധാന വളർച്ചാ മേഖലകൾക്കായി കൂടുതൽ ഫണ്ട് അനുവദിച്ചതും രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. അശ്വതി റേച്ചൽ വർഗീസ് അഭിപ്രായപ്പെട്ടു. ഫിക്കി, സിസിഐ - കേരള, സിപിപിആർ എന്നിവർ ചേർന്ന് സംഘടിപ്പിച്ച പോസ്റ്റ് ബജറ്റ് വിശകലന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ഇത്തവണത്തെ ബജറ്റ് യുവശക്തിയിൽ കേന്ദ്രീകരിച്ചുള്ളതാണെന്നും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ചതും ട്രെഡ്‌സ് വഴി പണലഭ്യത ഉറപ്പാക്കിയതും നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നികുതി പരിഷ്കാരങ്ങളും സ്വാഗതാർഹമായ നടപടികളാണെന്നും അവർ കൂട്ടിചേർത്തു. എന്നാൽ ബാങ്കിംഗ്, നൈപുണ്യ വികസന മേഖലകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നും മൂലധന ചെലവിലെ വർദ്ധനവ് എങ്ങനെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ധാരണയില്ലെന്നും അവർ നിരീക്ഷിച്ചു.ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ ബജറ്റിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിലെ നിക്ഷേപ വിശകലനവും വരാനിരിക്കുന്ന മാസങ്ങളിലെ വിപണി പ്രവചനങ്ങളും അവതരിപ്പിച്ചു. പിഡബ്ല്യുസിയിൽ നിന്നുള്ള കെസിയ കുര്യൻ, രേവന്ത് കപഗാന്‍റി എന്നിവർ ബജറ്റിലെ പ്രത്യക്ഷ-പരോക്ഷ നികുതികളെക്കുറിച്ച് സംസാരിച്ചു. ഫിക്കി കെഇഎസ്‌സി ഫിനാൻസ് & ബാങ്കിംഗ് സെക്ടർ ചെയർമാൻ എ ഗോപാലകൃഷ്ണൻ മോഡറേറ്ററായി. ഫിക്കി ടാക്സേഷൻ സബ് കമ്മിറ്റി ചെയർമാൻ ആന്‍റണി തോമസ് കൊട്ടാരം, സിപിപിആർ സീനിയർ അസോസിയേറ്റ് ബനീഷ ബീഗം, എസ്‌ഐസിസിഐ കേരള ചെയർമാൻ ഡോ. തോമസ് കെ പൗലോസ് നെച്ചുപാടം , ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ഹെഡ് സാവിയോ മാത്യു എന്നിവർ സംസാരിച്ചു.








