
ദോഹ: 2027 ഫീബ ബാസ്ക്കറ്റ്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നാലാം വിൻഡോയിൽ ഖത്തർ ദേശീയ ടീം ചൈനയുമായി ഏറ്റുമുട്ടുന്നു. ഓഗസ്റ്റ് 27-ന് നടക്കുന്ന നിർണ്ണായക പോരാട്ടത്തിന് 'സൗത്ത് ഹാൾ' (South Hall) വേദിയാകും. ലോകകപ്പിന് ഒരു വർഷം മുമ്പ് നടക്കുന്ന ഈ മത്സരം, വേദി എന്ന നിലയിൽ സൗത്ത് ഹാളിന്റെ പ്രവർത്തന സജ്ജത വിലയിരുത്താനുള്ള അവസരം കൂടിയാണ്.
2022 ഫിഫ ലോകകപ്പിനായി ഉപയോഗിച്ച അൽ ജനൂബ് സ്റ്റേഡിയം തികച്ചും അത്യാധുനിക രീതിയിലാണ് ബാസ്ക്കറ്റ്ബോളിനായുള്ള ഇൻഡോർ സൗത്ത് ഹാളാക്കി മാറ്റിയിരിക്കുന്നത്. ലോക ഫുട്ബോൾ ചരിത്രത്തിലും ബാസ്ക്കറ്റ്ബോൾ ചരിത്രത്തിലും ആദ്യമായാണ് ഒരു ലോകകപ്പ് സ്റ്റേഡിയം പൂർണ്ണമായും അടച്ചുപൂട്ടിയ, അത്യാധുനിക സാങ്കേതികവിദ്യയോടു കൂടിയ ഇൻഡോർ ഏരീനയായി പുനർനിർമ്മിക്കപ്പെടുന്നത്.
ഏഷ്യൻ യോഗ്യതാ റൗണ്ടിന്റെ ആദ്യ ഘട്ടത്തിൽ ഗ്രൂപ്പ് ഡി-യിൽ ലെബനന് പിന്നിൽ 10 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഖത്തർ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ആതിഥേയ രാജ്യമെന്ന നിലയിൽ ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ കരുത്തർക്കെതിരെയുള്ള മത്സരങ്ങൾ ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങൾക്ക് കരുത്തുപകരും.
മധ്യപൂർവേഷ്യയിലും ഉത്തരാഫ്രിക്കൻ മേഖലയിലുമായി ആദ്യമായി നടക്കുന്ന ഫീബ ലോകകപ്പാണ് 'ഖത്തർ 2027'. മത്സരങ്ങളെല്ലാം ഒരൊറ്റ നഗരത്തിൽ തന്നെ നടക്കുന്നതിനാൽ കാണികൾക്ക് ഒരേ ദിവസം തന്നെ മത്സരങ്ങൾ നേരിട്ട് കാണാനുള്ള അപൂർവ്വ അവസരവും ഈ ലോകകപ്പ് ഒരുക്കുന്നുണ്ട്. മത്സരത്തിന്റെ സംഘാടക തടസ്സങ്ങളില്ലാത്ത നിർവ്വഹണവും ആരാധകരുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്ന് സംഘാടക സമിതി ജനറൽ ഡയറക്ടർ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുഐനൈൻ വ്യക്തമാക്കി.











