
ദോഹ: 2027-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പിന്റെ (FIBA Basketball World Cup 2027) തുടക്കത്തിലേക്ക് ഇനി 300 ദിവസങ്ങൾ മാത്രം ശേഷിക്കെ, ടൂർണമെന്റിന്റെ ഔദ്യോഗിക 'ടിസോട്ട് കൗണ്ട്ഡൗൺ ക്ലോക്ക്' (Tissot Countdown Clock) സംഘാടകർ പുറത്തിറക്കി.
2027 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 12 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ അരങ്ങേറുന്നത്. 32 രാജ്യങ്ങളുടെ ദേശീയ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്, മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ മേഖലയിലുമായി (MENA) നടക്കുന്ന ആദ്യ ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് എന്ന ചരിത്ര നേട്ടവും സ്വന്തമാക്കും.
കൗണ്ട്ഡൗൺ ക്ലോക്കിന്റെ അനാച്ഛാദന ചടങ്ങിൽ ഫിബ പ്രസിഡന്റ് ശൈഖ് സഊദ് ബിൻ അലി അൽ താനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറലും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി (LOC) വൈസ് പ്രസിഡന്റുമായ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, എൽ.ഒ.സി ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുഐനൈൻ, ലോകകപ്പ് സംഘാടക സമിതി ചെയർമാൻ ബർട്ടൺ ഷിപ്ലി, മുൻ തുർക്കി ബാസ്കറ്റ്ബോൾ താരവും ഫെഡറേഷൻ പ്രസിഡന്റുമായ ഹിദായത്ത് തുർക്കോൾ എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ബാസ്കറ്റ്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള ഒരു പ്രധാന നാഴികക്കല്ലാണ് ഈ കൗണ്ട്ഡൗൺ ക്ലോക്കിന്റെ അനാച്ഛാദനം. ലോകമെമ്പാടുമുള്ള ബാസ്കറ്റ്ബോൾ ആരാധകരെയും മികച്ച ടീമുകളെയും സ്വീകരിക്കാൻ ഖത്തർ പൂർണ്ണ സജ്ജമായിക്കഴിഞ്ഞതായി സംഘാടകർ വ്യക്തമാക്കി.










