
തിരുവനന്തപുരം: ചൂട് ഉയരുന്നതിനൊപ്പം കേരളത്തിൽ വിവിധതരം പനികളും വ്യാപകമാകുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ കുട്ടികൾക്കിടയിലും തക്കാളിപ്പനി വ്യാപകമാണ്. കാലവർഷം ദുർബലമായതോടെ അന്തരീക്ഷ താപനില പെട്ടെന്ന് ഉയർന്നതും രോഗവ്യാപനം വർധിക്കാൻ കാരണമാകുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തെ ആശുപത്രികളിലെ ഒ.പി. വിഭാഗങ്ങളിൽ പനി ബാധിതരുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
വൈറൽ പനി ബാധിച്ചവരിൽ പലർക്കും ദിവസങ്ങൾ കഴിഞ്ഞിട്ടും പൂർണമായി സുഖം പ്രാപിക്കാനാകാത്ത അവസ്ഥയാണ്. മരുന്ന് കഴിച്ച ശേഷവും പനി, ക്ഷീണം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ തുടരുന്നു. ചിലർക്ക് ഒരാഴ്ച കഴിഞ്ഞിട്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുന്നില്ല. രോഗം കുടുംബത്തിലെ മറ്റുള്ളവരിലേക്കും വേഗത്തിൽ പകരുന്നതായി പലരും പറയുന്നു.
ദിവസവും ചികിത്സ തേടുന്നത് 10,000ത്തിലധികം പേർ
സംസ്ഥാനത്ത് പ്രതിദിനം ശരാശരി 10,000ത്തിലധികം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. കഴിഞ്ഞ ദിവസം മാത്രം 10,922 പേർ ചികിത്സ തേടി. മലപ്പുറം, തൃശൂർ ജില്ലകളിലാണ് രോഗികളുടെ എണ്ണം കൂടുതൽ.
മലപ്പുറത്ത് 2,454 പേരും തൃശൂരിൽ 1,004 പേരുമാണ് കഴിഞ്ഞ ദിവസം ചികിത്സ തേടിയത്.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 51 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 13 പേർക്ക് എലിപ്പനിയും ആറ് പേർക്ക് മലേറിയയും കണ്ടെത്തി. മൂന്ന് പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്. ചിക്കുൻഗുനിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളും വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രണ്ടാഴ്ചയ്ക്കിടെ 9 മരണം
പനിയടക്കമുള്ള രോഗങ്ങളെ തുടർന്ന് സംസ്ഥാനത്ത് മരണനിരക്കും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 9 മരണങ്ങളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും എലിപ്പനി ബാധിച്ചവരാണ്. മലേറിയ, എച്ച്1എൻ1 തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ലക്ഷണങ്ങൾ അവഗണിക്കരുത്
ഡെങ്കിപ്പനി: ഉയർന്ന പനി, തലവേദന, പേശിവേദന, കണ്ണിന് പിന്നിലെ വേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവ പ്രധാന ലക്ഷണങ്ങളാണ്.
എലിപ്പനി: പനിക്കൊപ്പം കാലുകളിലെ പേശികളിൽ കടുത്ത വേദന, കണ്ണിന് ചുവപ്പോ മഞ്ഞനിറമോ ഉണ്ടാകാം. മൂത്രത്തിന്റെ അളവ് കുറയുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്.
ചിക്കുൻഗുനിയ: ശക്തമായ പനി, വിവിധ സന്ധികളിൽ നീരും വേദനയും, കണ്ണിന് ചുവപ്പ്, അമിത ക്ഷീണം, ഛർദി, മനംമറിച്ചിൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
2026ൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണങ്ങൾ
ഇൻഫ്ലുവൻസ: 104
എലിപ്പനി: 97
അമീബിക് മസ്തിഷ്കജ്വരം: 44
ഡെങ്കിപ്പനി: 40
ഹെപ്പറ്റൈറ്റിസ് എ: 40
ഷിഗെല്ല: 8
പനി ദിവസങ്ങളോളം തുടരുകയോ, ശക്തമായ ശരീരവേദന, ശ്വാസതടസം, അമിത ക്ഷീണം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ സ്വയം ചികിത്സയിൽ തുടരാതെ ഉടൻ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.










