
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയെകുറിച്ച് (കുസാറ്റ്) പൊതുജനങ്ങൾക്ക് അടുത്ത് അറിയുവാനായി ഫെബ്രുവരി 12,13 തീയതികളിൽ അറിവിന്റെ ഉത്സവമായ നോളജ് ഫെസ്റ്റിവൽ (Knowledge Festival) ഒരുക്കുന്നു. ദേശീയ റാങ്കിങ്ങിൽ ആദ്യപത്തിൽ വന്ന സർവകലാശാല, ഗവർണ്ണറുടെ ചാൻസലേർസ് അവാർഡ് രണ്ട് തവണ നേടിയ സർവകലാശാല, അന്താരാഷ്ട്ര റാങ്കിങ്ങിൽ കേരളത്തിലെ നമ്പർ വൺ സർവകലാശാല എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള കുസാറ്റ്, സർവകലാശാലയുടെ പ്രവർത്തനങ്ങൾ മനസിലാക്കുവാൻ എല്ലാവർക്കും അവസരം ഒരുക്കുന്നു. സന്ദർശനത്തോടൊപ്പം വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, പ്രഗദ്ഭരുടെ ക്ലാസുകൾ, എക്സിബിഷൻ എന്നിങ്ങനെ വിവിധ പരിപാടികളാണ് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്നത്. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ എത്തിയാൽ അവിടെ രജിസ്ട്രേഷനുശേഷം അവിടെത്തന്നെ നടക്കുന്ന വിവിധ ക്ലാസ്സുകളിൽ കുട്ടികൾക്ക് പങ്കെടുക്കാം. അതിനുശേഷം മറൈൻ സയൻസ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സ്റ്റാളുകൾ സന്ദർശിച്ചതിനുശേഷം സംഘാടകർ മുൻകൂട്ടി തയ്യാറാക്കിയ ടൈംടേബിൾ അനുസരിച്ച് കുസാറ്റിന്റെ ബസ്സിൽ തന്നെ കുട്ടികളെ വിവിധ വിഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയും നിശ്ചിത സമയമനുസരിച്ചു അവർക്ക് എല്ലാം കാണുകയുമാകാം.
സർവകലാശാലയെന്നാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനപ്പുറം സമൂഹത്തെ എങ്ങനെയാണ് സ്വാധീനിക്കുകന്നത് എന്ന് അറിയിക്കുക എന്നതാണ് ഈ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് കുസാറ്റിലെ എല്ലാ പഠനവിഭാഗങ്ങളും സന്ദർശിക്കുകയും, പഠനം, ഗവേഷണം, കുട്ടികൾക്കായുള്ള മറ്റു സൗകര്യങ്ങൾ എന്നിവയെല്ലാം കണ്ടുമനസിലാക്കാം.
തെക്കേ ഇന്ത്യയിലെ മറ്റൊരു സർവകലാശാലകൾക്കും അവകാശപ്പെടാൻ കഴിയാത്തവിധം മികച്ച കമ്പ്യൂട്ടിങ് മികവോടെ കിഫ്ബിയുടെ സഹായത്തോടെ 26 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഹൈബ്രിഡ് ഹൈ പെർഫോമിംഗ് കംപ്യുട്ടിങ് സിസ്റ്റം കാണുവാനുള്ള അവസരവും നോളജ് ഫെസ്റ്റിവൽ ഒരുക്കുന്നു. 102 കമ്പ്യൂട്ടിങ് നോഡുകളും, 9 ജി.പി.യു നോഡുകളും, 2 പെറ്റ ബൈറ്റ് ഫയാസ് സ്റ്റോറേജ് എന്നിവയും ഉൾപ്പെടുന്ന ഈ സിസ്റ്റം കുസാറ്റിലെ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 118 കോടി ചെലവിൽ വിവിധ വകുപ്പുകളിലായി വാങ്ങിയ വിലകൂടിയതും, സങ്കിർണവുമായ ഉപകരണങ്ങളും സന്ദർശകർക്ക് കണ്ട് പരിചയപ്പെടാം.
കുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളിലാണ് കുസാറ്റിലെ വിദഗ്ദ്ധർ പ്രഭാഷണങ്ങൾ നടത്തുന്നത്. പുതുതായി വന്ന നാലുവർഷ ഡിഗ്രി കോഴ്സുകളുടെ സാധ്യതയെക്കുറിച്ച് ഫോട്ടോണിക്സ് വിഭാഗം പ്രൊഫസറും, ഇന്റഗ്രെറ്റഡ് സയൻ സ്സെന്റർ കോഡിനേറ്ററുമായ ഡോ.സജി, കുസാറ്റിലെ അഡ്മിഷനെക്കുറിച്ച് അഡ്മിഷൻ ഡയറക്ടർ ഡോ.ജയിംസ് വർഗീസ്, കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള പ്രഭാഷണം റഡാർ സെന്റർ ഡയറക്ടർ ഡോ.അഭിലാഷ്.എസ്, ബ്ലൂ എക്കോണമിയെക്കുറിച്ച് ഡോ.സ്വപ്ന, കേരളത്തിൽ ത്തന്നെ ഏറ്റവും വിപുലമായ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയായ കുസാറ്റിലെ സി.ഐ.എഫ് സെന്ററിനെക്കുറിച്ച് ഡോ.സജീവൻ, ഡോ.ശിവാനന്ദൻ ആചാരി, ഡോ.ജി.സന്തോഷ് കുമാർ എന്നിവരും, പേറ്റന്റിന്റെ അടിസ്ഥാന ശാസ്ത്രത്തെക്കുറിച്ച് ഡോ.ഐ.ജി.രതീഷ് എന്നിവരും സംസാരിക്കും.
സർവകലാശാലയിൽ മുപ്പത്തിമൂന്ന് പഠന വിഭാഗങ്ങളാണുള്ളത് . അവയിൽ ഏറെയും ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ ആണെങ്കിലും മറ്റു വിഭാഗങ്ങളായ നിയമവും, ബിസിനസ്സും, സാമ്പത്തിക പഠനവും, ഹിന്ദിയും, ഇംഗ്ളീഷും ഒക്കെ കുസാറ്റിന്റെ നെറുകയിലെ പൊൻതൂവലുകളാണ്. പഠന വിഭാഗങ്ങൾക്കൊപ്പം ശാസ്ത്രം സമൂഹവുമായി ചേർത്തുവെക്കുന്ന സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കാലാവസ്ഥാ പഠനം കൂടുതൽ രസകരമാക്കുന്ന അഡ്വാൻസ്ഡ് റഡാർ സെന്റർ എന്നിങ്ങനെ എണ്ണം പറഞ്ഞ സെന്ററുകൾ വേറെ. എൻജിനീയറിങ്ങിന് മാത്രമായി ഒരു പ്രത്യേകമായ ക്യാമ്പസ്, കേരളത്തിൽ തന്നെ അപൂർവ്വമായിഉള്ള മറൈൻ എൻജിനീയറിങ് കോഴ്സ് ഒപ്പം മറൈൻ മറൈൻ സയൻസിന് മാത്രമായി എറണാകുളം സൗത്തിൽ ഒരു ക്യാമ്പസ്. പഠനം ഇവിടെയെന്ന് ഉറപ്പിക്കാൻ ഇനിയുമേറെ കാരണങ്ങളുണ്ട്. മറ്റെവിടെയുമില്ലാത്ത കുസാറ്റിന്റെ മാത്രം പ്രത്യേകതയായ കോഴ്സുകൾ അടുത്തറിയുവാനും നോളജ് ഫെസ്റ്റിവൽ ഒരവസരമാണ്.
എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ക്യാംപസിൽ കഴിയുന്നത്ര കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. പഠനത്തിനൊപ്പം കലാകായിക പ്രവർത്തങ്ങളിൽ കുസാറ്റിലെ കുട്ടികൾ മുൻപന്തിയിൽ എത്തുന്നതിന്റെ രഹസ്യങ്ങളും കുസാറ്റിൽ എത്തുന്നവർക്ക് കാണുവാനാകും.
സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ആവട്ടെ 'വിഭവ' എന്ന പേരിൽ വിപുലമായ ഒരു പരിപാടിയാണ് നോളജ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മൾട്ടിനാഷണൽ കമ്പനികളുടെ പ്രതിനിധികൾ സ്റ്റാർട്ട്അപ്പ് കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന സെമിനാറുകൾ, ഓട്ടോമോട്ടീവ്പ്രദർശനത്തിൽ പ്രീമിയം, എക്സോട്ടിക് വിഭാഗത്തിലെ കാറുകൾ സ്ഥാനം പിടിക്കും. ഇവയെല്ലാം എൻജിനീയറിങ് പഠിക്കുവാൻ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് വലിയ ഊർജ്ജമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രണ്ടുദിവസങ്ങളിലും വൈകുന്നേരങ്ങളിൽ കലാപരിപാടികളും അരങ്ങേറും. ലഘുഭക്ഷണത്തിനായി സ്റ്റാളുകളും, ഉച്ചഭക്ഷണം നൽകാനായി കുസാറ്റ് കാന്റീനും ക്രമീകരിച്ചിട്ടുമുണ്ട്.








