
പൂക്കളും പൂമ്പാറ്റകളും കണ്ണാടിച്ചിറകുകൾ വിടർത്തി പാറിക്കളിക്കുന്ന തുമ്പികളും ജാലകക്കാഴ്ചകളിലെ കൗതുകം മാത്രമായിരുന്നു കുഞ്ഞുന്നാളിൽ കാവ്യയ്ക്ക്.
മനസ്സിന്റെ ക്യാൻവാസിൽ അറിയാതെ കോറിയിട്ട ആ നിറക്കാഴ്ചകൾ ക്യാൻവാസിലേക്ക് പടർന്നുപന്തലിച്ച് അറിയപ്പെടുന്ന ഒരു ചിത്രകാരിയാകുമെന്ന് സ്വപ്നത്തിൽപ്പോലും കാവ്യ എസ്. ദിവാകർ ചിന്തിച്ചിരുന്നില്ല.
ചിത്രകലയുടെ ബാലപാഠങ്ങൾ പോലും പഠിക്കാതെ ഇന്ന് തിരക്കുള്ള ചിത്രകാരിയായി മാറിയത് എങ്ങനെയെന്ന് ചോദിച്ചാൽ കൈകൾ മലർത്തി കുടുകുടാ ചിരിക്കുന്ന കാവ്യയെ മാത്രമേ കാണാൻ കഴിയൂ.
എച്ച് ആർ. മാനേജരിൽ നിന്നും ചിത്രം വരയിലേക്ക് തെന്നിവീഴ്ത്തിയത് കോവിഡ് ആണെന്ന് അഭിമാനപൂർവ്വം പറയുന്ന കാവ്യയുടെ വാക്കുകൾ കേട്ടാൽ വട്ടാണല്ലേ എന്നേ ആരും പറയൂ. ബംഗളുരു നഗരത്തിലെ അറിയപ്പെടുന്ന കമ്പനിയുടെ എച്ച്. ആർ. മാനേജരായി ഉയർന്ന ശമ്പളം വാങ്ങിയ കൈകളിൽ പെയിന്റും ബ്രഷുമായി നിൽക്കുമ്പോൾ അമ്മ തന്നെ പലപ്പോഴും ഈ ചോദ്യം ചോദിച്ചിട്ടുണ്ടെന് കാവ്യ തന്നെ സമ്മതിക്കുന്നു.
നിറങ്ങളിലൂടെയുള്ള സഞ്ചാരം
അച്ഛനും അമ്മയ്ക്കും ആണായും പെണ്ണായും ഞാൻ മാത്രം. ഓർമ്മവെച്ച നാള് മുതൽ കേൾക്കുന്നതോ നന്നായി പഠിക്കണം നല്ല കുട്ടിയാകണം എന്നൊക്കെയാണ്. അന്നുമുതൽ കേട്ട കാര്യങ്ങൾ ഇന്നും ജീവിതത്തിൽ പകർത്തിക്കൊണ്ട് നടക്കുന്നു.
പഠിക്കാൻ മിടുക്കിയായിരുന്നു. ചെറിയ ക്ലാസ് മുതൽ കോളേജ് വരെയെല്ലാം പഠനത്തിൽ മികച്ച നിലവാരം തന്നെ പുലർത്തി.
കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിലെ ചരിത്ര അധ്യാപികയായിരുന്ന ഡോ. ഇ.കെ. സ്വർണ്ണകുമാരിയാണ് അമ്മ. അച്ഛൻ റിട്ടയേർഡ് എഞ്ചിനീയർ കെ. ദിവാകരൻ നായർ. കോളേജ് അധ്യാപികയുടേയും എഞ്ചിനീയറുടേയും മകളായതുകൊണ്ടുതന്നെ ചിത്രം വരയെ അവർ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
അച്ഛന് മംഗളുരൂവിലായിരുന്നു ജോലി. അതുകൊണ്ട് ഞാനും അമ്മയും അവിടെയായിരുന്നു. അമ്മ അവിടെ നിന്നാണ് ജോലിക്ക് പോയിരുന്നത്. കുട്ടിക്കാലത്ത് മലയാളം വായിക്കാനൊന്നും അങ്ങനെ അറിയില്ലായിരുന്നു. കുറേ കഴിഞ്ഞാണ് അക്ഷരങ്ങൾ പഠിച്ചുതുടങ്ങിയത്.
ബംഗളൂരുവിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രാജ്യത്തെ പിടിമുറുക്കിയ കോവിഡ് മഹാമാരി കടന്നുവരുന്നത്. അതൊരു അനുഗ്രഹമായാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്. കോവിഡ് കാരണം എല്ലാം സ്തംഭനാവസ്ഥയിലായപ്പോൾ ഞാനും ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്നു. അച്ഛനും അമ്മയും അന്ന് കോഴിക്കോട്ടായിരുന്നു. പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ആ ഒരവസ്ഥയിൽ എനിക്ക് കൂട്ടായെത്തിയത് കുഞ്ഞുന്നാളിൽ ഉപേക്ഷിച്ച ചിത്രം വരയായിരുന്നു.
ക്രയോണിൽ തുടങ്ങി അക്രിലിക്കിലും ഓയിൽ പെയിന്റിലൂടെയും ഞാൻ സഞ്ചരിച്ചു. വരച്ചുകൂട്ടുന്നതെല്ലാം ബന്ധുക്കളും കൂട്ടുകാരുമെല്ലാം കണ്ടുതുടങ്ങി. പലരും നല്ല അഭിപ്രായങ്ങളും പറഞ്ഞു. അതൊരു പ്രോത്സാഹനമായി. ചിത്രരചനയെ പ്രോത്സാഹിപ്പിക്കാതിരുന്ന അച്ഛനും അമ്മയും എന്റെ നിറങ്ങളെ ഇഷ്ടപ്പെട്ടുതുടങ്ങി. ഞാൻ വരച്ച ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പലരിലും എത്തി. ചിത്രങ്ങളുടെ വില എത്രയാണ് എന്ന അന്വേഷണങ്ങളും ഞാൻ അറിയാതെ തന്നെ ഒരു ചിത്രകാരിയായി എന്നെ വളർത്തിക്കൊണ്ടിരുന്നു.
സ്ത്രീരൂപങ്ങളുടെ നേർചിത്രം
രാജസ്ഥാൻ മരുഭൂമികളിലൂടെ സഞ്ചരിക്കുന്ന ഒട്ടകങ്ങളെയായിരുന്നില്ല എന്റെ കണ്ണിൽ ഉടക്കിയത്. അവിടെയുള്ള സ്ത്രീകളുടെ മുഖഭാവങ്ങളായിരുന്നു എന്നെ ആകർഷിച്ചത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ച എനിക്ക് ഓരോ യാത്രകളിലും മിന്നിമറയുന്ന സ്ത്രീകളുടെ മുഖങ്ങളും വസ്ത്രങ്ങളുമൊക്കെയായിരുന്നു മനസ്സിൽ ഉടക്കിയത്. അങ്ങനെ വരച്ചെടുത്ത ചിത്രങ്ങളാണ് 'പിക്‌ചേർ ക്യൂ.'
ഉത്തരേന്ത്യൻ യാത്രകളിൽ ദൃശ്യമായ സ്ത്രീകളുടെ സൗഹൃദം, ഗർഭധാരണം, തൊഴിലിടം, വീട്ടുജോലികളിൽ മുഴുകിയവർ അങ്ങനെ പോകുന്നു ക്യാൻവാസിലൂടെ ഗ്രാമീണ സ്ത്രീകളുടെ കഥകൾ. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ പ്രദർശനം നടത്തിയപ്പോൾ മലബാറിലെ അറിയപ്പെടുന്ന ചിത്രകാരികളുടെ ഗണത്തിലേക്കാണ് കാവ്യ എസ്. ദിവാകർ നടന്നുകയറിയത്.
കൂടുതൽ ചിത്രങ്ങൾ വരച്ച് പല സ്ഥലങ്ങളിലായി പ്രദർശനം നടത്താനും ഒരുങ്ങുമ്പോൾ ഉള്ളിൽ ഉറഞ്ഞുകൂടിയ പാഷൻ പ്രൊഫഷനാക്കിയ സന്തോഷത്തിന്റെ നിറവും ആ മുഖത്ത് കാണാം.
കാർത്തിക
Photo Courtesy - ഫോട്ടോ: അമീർ മാങ്കോ