
ദോഹ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും തണലേകാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 'ഫീഡ് എ ഫ്രണ്ട്' (Feed a Friend) എന്ന കൂട്ടായ്മയ്ക്ക് ഈ വർഷത്തെ ഖത്തർ ഫൗണ്ടേഷൻ 'അഖ്ലാഖുന' (Akhlaquna) പുരസ്കാരം. വ്യക്തിഗത വിഭാഗത്തിൽ മികച്ച സേവനത്തിനുള്ള പുരസ്കാരം ചൊവ്വാഴ്ച വൈകുന്നേരം ഖത്തർ ഫൗണ്ടേഷൻ അധ്യക്ഷയായ ശൈഖ മോസ ബിൻത് നാസർ ജഫ്രിൻ അലിയ ചൗധരിക്ക് സമ്മാനിച്ചു.
2020-ൽ കോവിഡ് മഹാമാരിയുടെ ദുരിതകാലത്താണ് ജഫ്രിൻ അലിയ ചൗധരി 'ഫീഡ് എ ഫ്രണ്ട്' എന്ന ലാഭേച്ഛയില്ലാത്ത സംരംഭത്തിന് തുടക്കമിട്ടത്. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ഇന്ന് ഖത്തറിലെ ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമായി മാറിക്കഴിഞ്ഞു. ഇതുവരെ 46,000-ത്തിലധികം വ്യക്തികൾക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.
ഭക്ഷണം നൽകുന്നതിനോടൊപ്പം തന്നെ, സേവനസന്നദ്ധരായ ഏകദേശം 2,500-ഓളം വോളന്റിയർമാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാനും സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും ഞങ്ങൾക്ക് സാധിച്ചു എന്നതാണ് വലിയ നേട്ടമെന്ന് ജഫ്രിൻ അലിയ ചൗധരിപറഞ്ഞു.
ഒരു ചെറിയ നന്മ പോലും സങ്കൽപ്പങ്ങൾക്കപ്പുറമുള്ള വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന സന്ദേശമാണ് ഈ കൂട്ടായ്മ നൽകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അർഹരായവരുടെ വീട്ടുപടിക്കൽ നേരിട്ട് ഭക്ഷണമെത്തിക്കുന്നതിനായി നിരവധി പങ്കാളികളും ഈ ഉദ്യമത്തിൽ ഫീഡ് എ ഫ്രണ്ടിനൊപ്പം അണിനിരക്കുന്നുണ്ട്. ഖത്തറിലെ ഈ കൊച്ചു കൂട്ടായ്മ നേടിയ അംഗീകാരം മനുഷ്യത്വത്തിന്റെയും സേവനത്തിന്റെയും മഹനീയ മാതൃകയായി മാറുകയാണ്.











