08:31pm 16 October 2026
NEWS
ഫെഡറൽ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വളർച്ചയോടെ 1386 കോടി രൂപയായി കുതിച്ചു
മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപ കടന്നു

16/10/2026  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫെഡറൽ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വളർച്ചയോടെ 1386 കോടി രൂപയായി കുതിച്ചു   മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപ കടന്നു

2026 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വളർച്ചയോടെ 1386 കോടി രൂപയായി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദവാർഷിക അറ്റാദായമാണിത്. അറ്റ പലിശ വരുമാനം 26.38 ശതമാനം  വർദ്ധനവോടെ 3153 കോടി രൂപയും, ഫീ ഇൻകം 31.86 ശതമാനം  വർദ്ധനവോടെ 1168 കോടി രൂപയുമായി. നിഷ്ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 
“എക്കാലത്തെയും ഉയർന്ന ലാഭം, മൊത്തം ബിസിനസ്സ് 6.4 ലക്ഷം കോടി രൂപ കടന്നത്,  വായ്പകൾ 3 ലക്ഷം കോടി രൂപ കടന്നത് എന്നിവ ഉൾപ്പെടെ പല സുപ്രധാന നാഴികക്കല്ലുകളും ഈ പാദത്തിൽ ബാങ്കിന് കൈവരിക്കാൻ സാധിച്ചു. ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ നിന്നായിരുന്നു ഈ വളർച്ച  എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അറ്റപലിശ വരുമാനത്തിൽ 26 ശതമാനവും ഫീ വരുമാനത്തിൽ 32 ശതമാനവും വളർച്ചയുണ്ടായി. വരുമാനം നൽകുന്ന ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ, ഫീ വരുമാനം എക്കാലത്തെയും ഉയർന്ന നിലയിലാണ്,” ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു.“മൊത്ത - അറ്റ നിഷ്ക്രിയ ആസ്തികൾ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. വായ്പകൾ കിട്ടാക്കടങ്ങളിലേക്ക് മാറുന്ന നിരക്കിൽ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്, കൂടാതെ പ്രൊവിഷൻ കവറേജ് നിരക്ക് 87 ശതമാനവുമാണ്. വായ്പകളുടെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടുതന്നെ ഞങ്ങൾ കൂടുതൽ വേഗത്തിൽ വളരുകയാണ്.”“ഊന്നൽ കൊടുത്ത മേഖലകൾ   പ്രതീക്ഷിച്ചതു പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കൂടാതെ, കാസാ, പ്രവാസിനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് അടിത്തറ കൂടുതൽ ശക്തമാവുകയും ചെയ്യുന്നു. പലിശനിരക്കുകളിലെ മാറ്റങ്ങൾക്കിടയിലും, ശക്തമായ മൂലധന പശ്ചാത്തലവും, സൂക്ഷ്മമായി ക്രമീകരിച്ച ബാലൻസ് ഷീറ്റും, പ്രധാന ബിസിനസ്സിലെ മികച്ച മുന്നേറ്റവുമായി ഞങ്ങൾ ഈ വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.ബാങ്കിന്റെ മൊത്തം ബിസിനസ്  വാർഷികാടിസ്ഥാനത്തിൽ 20.12  ശതമാനം വര്‍ധിച്ച്  6.41 ലക്ഷം കോടി രൂപയിലെത്തി.  നിക്ഷേപം 18.61 ശതമാനം വർദ്ധനവോടെ 3.43 ലക്ഷം കോടി രൂപയായി.  കാസാ നിക്ഷേപം 103 ബിപിഎസ് വർധിച്ച് 1.09 ലക്ഷം കോടി രൂപയായി ആകെനിക്ഷേപത്തിന്റെ 32.04 ശതമാനമാണിത്. പ്രവാസിനിക്ഷേപം 26.63 ശതമാനം വർദ്ധനവോടെ 1.19 ലക്ഷം കോടി രൂപയായി ഉയർന്നു. 
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ വാർഷികാടിസ്ഥാനത്തിൽ 21.66 ശതമാനം വർദ്ധനവോടെ 3.02 ലക്ഷം കോടി രൂപയായി.  ഇതോടെ വായ്പയിൽ   മൂന്നു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് കടന്നു.ഗോൾഡ് ലോൺ വാർഷികാടിസ്ഥാനത്തിൽ 37.13 ശതമാനവും വാണിജ്യ ബാങ്കിങ് വായ്പകള്‍ 25.46  ശതമാനവും, കോര്‍പറേറ്റ് വായ്പകള്‍ 17.19 ശതമാനവും  കൊമേർഷ്യൽ വെഹിക്കിൾ/ കൊമേർഷ്യൽ എക്വിപ്മെന്റ് വായ്പകള്‍ 21.74 ശതമാനവും  പ്രോപ്പർട്ടി ലോൺ 32.21 ശതമാനവും ബിസിനസ് ബാങ്കിംഗ് 12.39 ശതമാനവും ക്രെഡിറ്റ് കാർഡ് 28.27 ശതമാനവും വർദ്ധിച്ചു.  വരവ്- ചെലവ് അനുപാതം 196 ബി പി എസ് നേട്ടത്തോടെ 52.08 ശതമാനമായി. ആസ്‌തിയിന്മേലുള്ള ആദായം 1.32 ശതമാനമായും  ഓഹരിമേലുള്ള  ആദായം 256 ബി പി എസ് വർദ്ധനവോടെ 13.57 ശതമാനമായും പ്രതി ഓഹരി ബുക്ക് വാല്യൂ 166.32 രൂപയായും ഉയർന്നു. 51 ബി പി എസ് മെച്ചപ്പെടലോടെ മൊത്ത നിഷ്ക്രിയ ആസ്തി 1.32 ശതമാനമായും 31 ബി പി എസ് മെച്ചപ്പെടലോടെ അറ്റ നിഷ്ക്രിയ ആസ്തി 0.17  ശതമാനമായും കുറഞ്ഞു.86.78  ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. 16.84 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ഈ പാദത്തിൽ തുടങ്ങിയ 12 ശാഖകൾ ചേരുമ്പോൾ ബാങ്കിന് നിലവിൽ 1662 ബാങ്കിംഗ് ഔട്ട് ലെറ്റുകളായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img