09:52pm 22 November 2026
NEWS
മലംദാനവും മഹാദാനമാകുമോ? മറ്റൊരാളുടെ മലം സ്വീകരിച്ച് രോഗം ഭേദമാക്കുന്ന അപൂർവ ചികിത്സാരീതി!
22/11/2026  06:22 AM IST
nila
മലംദാനവും മഹാദാനമാകുമോ? മറ്റൊരാളുടെ മലം സ്വീകരിച്ച് രോഗം ഭേദമാക്കുന്ന അപൂർവ ചികിത്സാരീതി!

രക്തവും അവയവങ്ങളും ദാനം ചെയ്യുന്നതിനെക്കുറിച്ച് നമുക്കറിയാം. എന്നാൽ ഒരാളുടെ മലം മറ്റൊരാൾക്ക് ദാനം ചെയ്യുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ നെറ്റി ചുളിയാൻ സാധ്യതയുണ്ട്. പക്ഷേ, വൈദ്യശാസ്ത്രലോകത്ത് ഏറെ പ്രാധാന്യം നേടുന്ന ചികിത്സാരീതികളിലൊന്നാണ് മലംദാനം. കുടലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ മറ്റൊരാളുടെ മലത്തിലെ ഗുണകരമായ ബാക്ടീരിയകളെ ഉപയോഗിക്കുന്ന ഈ രീതിയാണ് ഫീക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്റേഷൻ (FMT).

മനുഷ്യന്റെ കുടലിൽ കോടിക്കണക്കിന് സൂക്ഷ്മജീവികളുണ്ട്. ഇവയിൽ പലതും ഭക്ഷണത്തിന്റെ ദഹനം, പോഷകങ്ങളുടെ ആഗിരണം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നു. എന്നാൽ ചില രോഗങ്ങളും അണുബാധകളും മരുന്നുകളുടെ ഉപയോഗവുമെല്ലാം കുടലിലെ ഈ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥ തകർക്കാം. അത്തരമൊരു സാഹചര്യത്തിലാണ് മലംദാനത്തിന്റെ പ്രസക്തി.

ആരോഗ്യമുള്ള ഒരാളുടെ മലത്തിൽനിന്ന് ഗുണകരമായ സൂക്ഷ്മജീവികളെ ശേഖരിച്ച് രോഗിയുടെ കുടലിലേക്ക് എത്തിക്കുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. കുടലിലെ സ്വാഭാവിക ബാക്ടീരിയ സമൂഹത്തെ പുനഃസ്ഥാപിച്ച് അണുബാധ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അറപ്പിൽനിന്ന് ചികിത്സയിലേക്ക്

കുടലിലെ ബാക്ടീരിയകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ മലംദാനം സംബന്ധിച്ച ഗവേഷണങ്ങൾക്കും വേഗം കൂടി. ഗുരുതരമായ കുടൽ അണുബാധയും ദഹനപ്രശ്നങ്ങളും നേരിടുന്ന രോഗികൾക്ക് ഗുണകരമായ ബാക്ടീരിയകളെ മറ്റൊരു വ്യക്തിയിൽനിന്ന് എത്തിച്ചുനൽകാമെന്ന ആശയമാണ് ഈ ചികിത്സാരീതിയുടെ അടിസ്ഥാനം.

മലത്തിൽ ഗുണകരമായ ബാക്ടീരിയകൾ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലാണ് ഗവേഷകർക്ക് പുതിയ വഴി തുറന്നത്. അവയെ വേർതിരിച്ച് ആവശ്യമായ രീതിയിൽ സംസ്കരിച്ചശേഷം രോഗിയുടെ കുടലിലെത്തിക്കാം. കേൾക്കുമ്പോൾ അസാധാരണമായി തോന്നുമെങ്കിലും കുടലിലെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള ശാസ്ത്രീയമായ മാർഗമാണിത്.

കാപ്സ്യൂളിലൂടെ പോലും മലംദാനം!

മലംദാനം നടത്തുന്നതിന് ഒന്നിലധികം മാർഗങ്ങളുണ്ട്. കോളനോസ്കോപ്പി വഴി സംസ്കരിച്ച മലത്തിലെ സൂക്ഷ്മജീവികളെ നേരിട്ട് കുടലിലെത്തിക്കാം. ചില ചികിത്സാരീതികളിൽ പ്രത്യേകമായി തയ്യാറാക്കിയ കാപ്സ്യൂളുകളും ഉപയോഗിക്കുന്നു.

ആരോഗ്യമുള്ള ദാതാവിൽനിന്ന് ശേഖരിക്കുന്ന മലം കൃത്യമായ പരിശോധനകൾക്കും സംസ്കരണത്തിനും ശേഷമാണ് ഉപയോഗിക്കുന്നത്. ഈ കാപ്സ്യൂളുകൾ രോഗി വിഴുങ്ങുന്നതോടെ അവ ദഹനവ്യവസ്ഥയിലൂടെ സഞ്ചരിച്ച് കുടലിലെത്തുന്നു. അവിടെ പുറംപാളി അലിഞ്ഞ് ഉള്ളിലുള്ള സൂക്ഷ്മജീവികൾ പുറത്തുവരുന്നു. തുടർന്ന് കുടലിലെ ബാക്ടീരിയ സമൂഹത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ ഇവ സഹായിക്കുന്നു.

എല്ലാ രോഗങ്ങൾക്കും മലംദാനം പരിഹാരമാകുമോ?

പ്രത്യേകിച്ച് ക്ലോസ്ട്രിഡിയോയിഡസ് ഡിഫിസൈൽ (C. difficile) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ആവർത്തിച്ചുള്ള കുടൽ അണുബാധകളിൽ ഫീക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്റേഷൻ ഫലപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ചികിത്സകൾക്കുശേഷവും വീണ്ടും അണുബാധയുണ്ടാകുന്ന രോഗികൾക്ക് ഇത് പ്രയോജനപ്പെടാം.

അതേസമയം ഓട്ടിസം ഉൾപ്പെടെയുള്ള നാഡീവികാസ പ്രശ്നങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും മലംദാനം സഹായകമാകുമോയെന്ന കാര്യത്തിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം രോഗങ്ങൾക്കുള്ള അംഗീകൃത ചികിത്സയായി ഇതിനെ കണക്കാക്കാൻ നിലവിൽ മതിയായ ശാസ്ത്രീയ തെളിവുകളില്ല.

മലംദാനം എന്നത് ഒരാളുടെ വിസർജ്യം മറ്റൊരാൾക്ക് നേരിട്ട് നൽകുന്ന ലളിതമായ നടപടിയല്ല. ദാതാവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും മലത്തിൽ രോഗാണുക്കളോ അപകടകാരികളായ സൂക്ഷ്മജീവികളോ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. വിദഗ്ധരുടെ മേൽനോട്ടത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ചികിത്സ നടത്താവൂ.

ഒരിക്കൽ കേൾക്കുമ്പോൾ അറപ്പുണ്ടാക്കുന്ന ആശയമായി തോന്നിയിരുന്ന മലംദാനം ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിലെ ശ്രദ്ധേയമായ ഗവേഷണ മേഖലയാണ്. കുടലിലെ സൂക്ഷ്മജീവികളുടെ ലോകത്തെക്കുറിച്ച് കൂടുതൽ അറിവുകൾ പുറത്തുവരുന്നതോടെ ഈ ചികിത്സാരീതിയുടെ സാധ്യതകളും വർധിക്കുകയാണ്. ഭാവിയിൽ രക്തദാതാക്കളെപ്പോലെ മലംദാതാക്കൾക്കും ആരോഗ്യരംഗത്ത് വലിയ പ്രാധാന്യം ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img