
കേരളാ കാത്തോലിക് ബിഷപ്സ് കൗൺസിൽ ഡപ്യൂട്ടി സെക്രട്ടറി ജനറലും കെ.സി.ബി.സി. ഔദ്യോഗികവക്താവുമായ ഫാദർ. തോമസ് തറയിലും ചാർട്ടേഡ് അക്കൗണ്ടന്റ് ജോണി പള്ളിവാതുക്കലും ചേർന്ന് കേരളശബ്ദത്തോട് സംസാരിക്കുന്നു.
വലിയ കോളിളക്കം സൃഷ്ടിച്ചുവന്ന എഫ്.സി.ആർ.എ ബിൽ (ഫോറിൻ കോൺട്രീബ്യൂഷൻ റഗുലേഷൻ ആക്ട്) വിവാദം താൽക്കാലികമായി കെട്ടടങ്ങി. വിഷയം പരിഹരിച്ചതുകൊണ്ടല്ല-ബിൽ അവതരിപ്പിക്കുന്നത് നീട്ടിവച്ചുകൊണ്ടാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീട്ടിവയ്പ്പ് എന്നതും പകൽപോലെ വ്യക്തമാണ്. ക്രൈസ്തവ സഭകൾ ഉൾപ്പെടെയുള്ളവർ ഈ ബില്ലിൽ പരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നതു മറന്നുകൊണ്ടല്ല ഇത് പറയുന്നത്. അവരുടെ ശക്തമായ എതിർപ്പിന് കേന്ദ്ര ഭരണാധികാരികൾ വിലകല്പിക്കാൻ കാരണം ഈ തിരഞ്ഞെടുപ്പാണ് എന്നതാണ് വസ്തുത. എങ്കിലും ആശങ്കകൾ അകലുന്നില്ല. കാരണം, ബിൽ പിൻവലിച്ചിട്ടില്ല നീട്ടിവച്ചിട്ടേയുള്ളൂ. ഡമോക്ലീസിന്റെ വാൾ പോലെ ഇത് സന്നദ്ധസംഘടനകളുടെയും സേവനമേഖലകളുടെയും മുകളിൽ തൂങ്ങിനിൽക്കുന്നുണ്ട്.
എന്താണ് എഫ്‌സിആർഎ ബിൽ? ഇത് ആരെയൊക്കെയാണ് ബാധിക്കുന്നത്? എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? എന്തുകൊണ്ടാണ് ഇതിനെ എതിർക്കുന്നത്? ഇതൊക്കെയാണ് അന്വേഷിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ. പക്ഷെ ദൗർഭാഗ്യവശാൽ ആഴത്തിലുള്ള പഠനമോ വിശകലനമോ ഇതുസംബന്ധിച്ച് അധികമാരും നടത്തിയിട്ടില്ല. കുറച്ചെങ്കിലും ക്രിയാത്മകമായ ഇടപെടൽ നടത്തിയത് കെ.സി.ബി.സി (കേരള കത്തോലിക് ബിഷപ്‌സ് കൗൺസിൽ) മാത്രമാണ്. മറ്റുള്ളവർ പ്രത്യേകിച്ച് പ്രതിപക്ഷപാർട്ടികൾ എന്തുകൊണ്ട് ശക്തമായ സമരപരിപാടികൾ നടത്തുന്നില്ല? ലോക്‌സഭയിൽ കുറച്ചു വാക്‌പോര് നടത്തി എന്നതു മറക്കുന്നില്ല. അത് കേവലം രാഷ്ട്രീയമായ ഇടപെടൽ മാത്രമാണ്. ഇവിടെ ഈ ബില്ലിന്റെ കാര്യത്തിൽ അതുമാത്രം പോര. ശക്തമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുകയായിരുന്നു ആദ്യം വേണ്ടത്. കാരണം ഇത് രാഷ്ട്രീയവിഷയം മാത്രമല്ല സാമൂഹികപ്രശ്‌നം കൂടിയാണ്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളെ ഇക്കാര്യത്തിൽ ബോധവാന്മാരാക്കേണ്ട ചുമതല രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കുണ്ട്. വിശാലമായ അർത്ഥത്തിൽ ഇന്നാട്ടിലെ ഒരു വലിയ വിഭാഗം ജനങ്ങളെ ബാധിക്കാൻ പോകുന്ന വിഷയമാണിത്. പക്ഷെ നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ല എന്നുപറയേണ്ടിവരും. അവരിതിനെ കാണുന്നത് ഭരണപക്ഷത്തിനെതിരെയുള്ള ഒരായുധം മാത്രമായാണ്. അങ്ങനെയല്ല വേണ്ടത്, അനതിവിദൂരഭാവിയിൽ വിദ്യാഭ്യാസ-ആതുരസേവനമേഖലയെയൊക്കെ ആഴത്തിൽ ബാധിക്കാൻ പോകുന്ന ഈ ബില്ലിനെതിരെ ഒരുവലിയ ജനകീയ മുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാത്തതാണ് പ്രതിപക്ഷത്തിന്റെ അജ്ഞതയോ അലംഭാവമോ ആയി നമുക്ക് കാണേണ്ടിവരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ നാലു ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. ഒന്നാമതായി എന്താണ് എഫ്‌സിആർഎ ബിൽ (ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) എന്നുമനസ്സിലാക്കണം. പിന്നീട് അതിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ അറിയണം. അതിനോടനുബന്ധിച്ച് ചിന്തിക്കേണ്ടതാണ് ആരെയൊക്കെ അതുബാധിക്കും എങ്ങനെയൊക്കെ ബാധിക്കും എന്നുള്ളത്. ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനം നടത്തിയിട്ടുള്ള ആളാണ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയ പി.ജെ. ജോണി പള്ളിവാതുക്കൽ. കേരള കാത്തോലിക് ബിഷപ്സ് കൗൺസിൽ ഉൾപ്പെടെയുള്ള പല ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും കണക്കുകൾ ഓഡിറ്റ് ചെയ്യുന്ന ഇദ്ദേഹത്തിന് ഈ ബില്ലിന്റെ എല്ലാവിധ പ്രശ്‌നങ്ങളും കൃത്യമായി അറിയാം. അതുകൊണ്ടാണ് ആധികാരിക വിവരങ്ങൾക്കായി ഇദ്ദേഹത്തെ സമീപിച്ചത്. അതോടൊപ്പം കെ.സി.ബി.സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ടറിയാവുന്ന ആളാണ് കേരളാ കാത്തോലിക് ബിഷപ്സ് കൗൺസിൽ ഡപ്യൂട്ടി സെക്രട്ടറി ജനറലും കെ.സി.ബി.സി. ഔദ്യോഗികവക്താവുമായ ഫാദർ. തോമസ് തറയിൽ. ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ ബിൽ ഇന്ത്യൻ സമൂഹത്തിനുണ്ടാക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് ജോണി പള്ളിവാതുക്കലും ഫാദർ തോമസ് തറയിലുമായി 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി നടത്തിയ അഭിമുഖ സംഭാഷണം.
? രാജ്യത്തിന്റെ പൊതുനന്മയ്ക്കും സാമ്പത്തിക ദുർവിനിയോഗത്തിനുമെതിരെയുമാണ് പുതിയ എഫ്.സി.ആർ.എ ബിൽ എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടല്ലോ. അതിനെ എതിർക്കുന്നത് എന്തിനുവേണ്ടിയാണ്.
അത്തരം അവകാശവാദങ്ങൾ വസ്തുതാവിരുദ്ധമാണ്. മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഒരു നിയമം അഥവാ ഭേദഗതി എങ്ങനെ ജനനന്മയ്ക്കാണെന്ന് പറയാൻ കഴിയും?
? എഫ്.സി.ആർ.എ ഇന്ത്യയിൽ നിലവിൽ വരുന്നത് എന്നാണ്? ഇപ്പോൾ അതിൽ ഭേദഗതി വരുത്തേണ്ട സാഹചര്യം എന്താണ്.
1976-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് എഫ്.സി.ആർ.എ നിയമം നിലവിൽ വരുന്നത്. അന്ന് അടിയന്തിരാവസ്ഥ ക്കാലമാണെന്ന് അറിയാമല്ലോ. ജനാധിപത്യ നിയമങ്ങളോ പാർലമെന്റോ അന്ന് സജീവമല്ലല്ലോ. എങ്കിലും അങ്ങനെ നിയമം കൊണ്ടുവന്നതിനെ ആർക്കും എതിർക്കാൻ കഴിയില്ല. അതിനുള്ള കാരണവും ഇല്ലായിരുന്നു. വിദേശ ധനസഹായം ഇന്ത്യയിൽ ചെലവാക്കുന്നതിൽ സർക്കാരിന്റെ അറിവും സമ്മതവും വേണമെന്നും ചെലവാക്കുന്ന രീതിക്ക് ചില മാനദണ്ഡങ്ങളും അന്ന് കൊണ്ടുവന്നു. പിന്നീട് 2010-ൽ അതിൽ ഭേദഗതികൾ വരുത്തി. അതിൽ എഫ്.സി.ആർ.എ ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നുണ്ട്. കൂടാതെ പ്രധാനപ്പെട്ട മാറ്റം എഫ്.സി.ആർ.എ ഫണ്ട് വാങ്ങുന്നതിന് നൽകുന്ന ലൈസൻസ് അഞ്ചുവർഷം കൂടുമ്പോൾ പുതുക്കണം എന്നാണ്. അഞ്ചുവർഷം തികയുന്നതിന് ആറുമാസം മുമ്പുതന്നെ പുതുക്കാനുള്ള അപേക്ഷ നൽകണം. അതിൽ കേന്ദ്രസർക്കാർ കൃത്യമായ പരിശോധന നടത്തിയാണ് പുതുക്കി നൽകാറുള്ളത്.
? ഏതാണ്ട് പതിനാറായിരത്തോളം സംഘടനകൾ (ഇതിൽ വ്യക്തിഗതവും ഉണ്ടാകാം) എഫ്.സി.ആർ.എ ഫണ്ട് വാങ്ങുന്നുണ്ട് എന്നാണ് അന്വേഷണത്തിൽ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഇവരിൽ നിന്നെല്ലാം നേരിട്ട് വിവരം ശേഖരിച്ച് ലൈസൻസ് പുതുക്കി നൽകാനുള്ള സംവിധാനം കേന്ദ്രസർക്കാരിനുണ്ടോ.
തീർച്ചയായും മിനിസ്റ്ററി ഓഫ് ഹോം അഫയേഴ്‌സിന്റെ കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നാണ് ഇതുസംബന്ധിച്ച ചുമതല. ഇന്ത്യയിലെ എല്ലാ ജില്ലയിലും ഇവരുടെ ഇൻവെസ്റ്റിഗേഷൻ വിംഗുണ്ട്. അവർ നേരിട്ട് അന്വേഷണം നടത്തിയാണ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷൻ പുതുക്കി നൽകിയിരുന്നത്. ഇതിൽ കൃത്യമായി പ്രവർത്തിക്കാത്തതോ സർക്കാർ നിബന്ധനകൾ പാലിക്കാത്തതോ ആയ സംഘടനകളുടെ ലൈസൻസ് പുതുക്കി നൽകാതിരിക്കാനോ ക്യാൻസൽ ചെയ്യാനോ ഉള്ള അധികാരം സർക്കാരിനുണ്ടായിരുന്നു. 2010 ലെ അമന്റ്‌മെന്റിൽ തന്നെ ഇത് വ്യക്തമായി പറയുന്നുണ്ട്. പക്ഷെ അത് ഏകപക്ഷീയമായ ക്യാൻസലേഷൻ ആയിരുന്നില്ല. നിയമം ലംഘിക്കുകയോ പ്രവർത്തനത്തിൽ മാറ്റം വരുത്തിയതായോ കണ്ടെത്തിയാൽ നിയമാനുസൃതം അവർക്ക് നോട്ടീസ് അയച്ച് അവരുടെ വിശദീകരണം കൂടി കേട്ടശേഷമാണ് നടപടി എടുത്തിരുന്നത്. ജനാധിപത്യപരമായ ആ രീതിയാണ് പിന്നീട് മാറ്റിയത്.
? എഫ്.സി.ആർ.എ ഫണ്ട് ചെലവഴിക്കുന്നതിൽ കൃത്യവും സുതാര്യവുമായ നിയമങ്ങളും ചട്ടങ്ങളും നിലവിൽ ഉണ്ടല്ലോ. അതിൽ എന്തുവ്യത്യാസമാണ് പുതിയ ബില്ലിലൂടെ വരുത്തുന്നത്.
പുതിയ ബില്ലിലെ മാറ്റത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ ഇതിന് മുമ്പുനടത്തിയ അമന്റ്‌മെന്റുകളെ കുറിച്ച് അറിയണം. 2010-ൽ നടത്തിയ അമന്റ്‌മെന്റ് ജനാധിപത്യപരവും നീതിയുക്തവും ആയിരുന്നു എന്ന് പറഞ്ഞല്ലോ. പിന്നീട് 2020-ൽ വളരെ പ്രധാനപ്പെട്ട അമന്റ്‌മെന്റുകൾ കൊണ്ടുവന്നു. ഓരോ നിയമപരിഷ്‌കരണത്തെക്കുറിച്ചും വിശദമായി വിവരിച്ചാൽ അതൊരു ലേഖനത്തിന്റെയോ അഭിമുഖത്തിന്റെയോ പരിമിതിക്കുള്ളിൽ ഒതുങ്ങി. അതുകൊണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം പറയാം.
2010-2020 കാലഘട്ടത്തിലെല്ലാം പുതിയ അമന്റ്‌മെന്റുകൾ കൊണ്ടുവന്നിട്ടുണ്ട്. 2020-ലെ പുതിയ നിയമം അനുസരിച്ച് എഫ്.സി.ആർ.എ ഫണ്ട് വാങ്ങുന്ന എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഡൽഹി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് എടുത്തിരിക്കണം എന്നുണ്ട്. അവിടുത്തെ അക്കൗണ്ടിലേക്ക് മാത്രമേ വിദേശത്തുനിന്നും പണം സ്വീകരിക്കാൻ കഴിയൂ. മാത്രമല്ല എല്ലാവർഷവും കൃത്യമായി റിട്ടേൺ ഫയൽ ചെയ്യണം. വന്ന പണത്തിന്റെയും ചെലവഴിച്ച പണത്തിന്റെയും കൃത്യമായ കണക്കുകൾ കാണിക്കണം. ട്രസ്റ്റിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും വേണം. ട്രസ്റ്റികളുടെ വ്യക്തിപരമായ വിവരങ്ങൾ (ആധാർ, പാൻകാർഡ് ഉൾപ്പെടെ) എല്ലാം അറിയിക്കണം. മാത്രമല്ല, എഫ്.സി.ആർ.എ രജിസ്‌ട്രേഷൻ ഉള്ള സ്ഥാനപനത്തിലേക്ക് എത്തുന്ന പണം അതിന്റെ അക്കൗണ്ടിൽ നിന്ന് മാത്രമേ ചെലവഴിക്കാൻ പാടുള്ളു. മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പാടില്ല. ഉദാഹരണം പറഞ്ഞാൽ ഒരു വിദ്യാഭ്യാസ സ്ഥാപനം എഫ്.സി.ആർ.എ ഫണ്ട് ഉപയോഗിച്ച് ഒരു വാഹനം വാങ്ങുന്നു. ആ വണ്ടിയുടെ നിർമ്മാതാക്കൾക്കോ ഡീലർക്കോ മാത്രമേ പണം നൽകാൻ പാടുള്ളൂ. മറ്റൊരു ട്രസ്റ്റിലേക്കോ ഏജന്റിനോ നൽകാൻ പാടില്ല. അത്ര കൃത്യവും സുതാര്യവുമാണ് നിലവിലുള്ള നിയമങ്ങൾ. ഇതുപോലെ സുതാര്യതയ്ക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ വേറെയുമുണ്ട്. എല്ലാം വിശദീകരിക്കേണ്ടതില്ലല്ലോ.
നിലവിലുള്ള ഏറ്റവും പ്രധാന പ്രശ്‌നത്തെക്കുറിച്ചു പറയാം. അതിന്റെ തുടക്കം 2020-ൽ ആണെന്ന് പറയാം. തുടർച്ച 2021-ൽ തുടങ്ങിയെന്നും. അന്നത് ആരും അത്ര ശ്രദ്ധിച്ചില്ല. നിയമം ഉണ്ടാക്കി എന്നല്ലാതെ നടപ്പിലാക്കാൻ സർക്കാരും ഉത്സാഹിച്ചില്ല. അതുകൊണ്ടാകാം അന്ന് കാര്യമായ പ്രതിഷേധങ്ങൾ ഉയരാതിരുന്നത്. പക്ഷെ ഇപ്പോൾ അതല്ല സ്ഥിതി. വ്യക്തമായ കാരണങ്ങൾ പറയാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളെ അവരുടെ അപാകത എന്തെന്നറിയിക്കാതെ രജിസ്‌ട്രേഷൻ തിരസ്‌ക്കരിച്ചിരിക്കുകയാണ്. 2021 മുതലുള്ള കണക്കെടുത്താൽ ആയിരക്കണക്കിന് അപേക്ഷകളാണ് ഇങ്ങനെ തിരസ്‌ക്കരിച്ചിരിക്കുന്നത്.
? 2020-ലെ അമന്റ്‌മെന്റിൽ തന്നെ ജനാധിപത്യവിരുദ്ധമായ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നു പറഞ്ഞല്ലോ. എന്തായിരുന്നു അത്.
ശരിയായി നടത്താത്ത സ്ഥാപനങ്ങളുടെ അഥവാ പ്രവർത്തനങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്താത്ത സ്ഥാപനങ്ങളുടെ ലൈസൻസ്, അതായത് രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യാനോ റിജക്ട് ചെയ്യാനോ ഉള്ള അധികാരം പുതിയ അമന്റ്‌മെന്റിലൂടെ സർക്കാരിന് ലഭിച്ചിരുന്നു. കൂടാതെ ഏറ്റെടുക്കാനും പിന്നീട് അതിൽ സറണ്ടർ എന്നൊരു വകുപ്പുകൂടി കൂട്ടിച്ചേർത്തു. അതാണ് ഏറ്റവും വിചിത്രമായ നിയമം.
? സറണ്ടർ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.
ഒരു സ്ഥാപനമോ വ്യക്തിയോ പ്രവർത്തനങ്ങൾക്കായി കുറെ വർഷങ്ങൾ എഫ്.സി.ആർ.എ ഫണ്ട് ഉപയോഗിച്ചിരുന്നു എന്നു കരുതുക. പിന്നീട് വിദേശഫണ്ടില്ലാതെ തദ്ദേശഫണ്ടുകൊണ്ടോ അഥവാ സാമ്പത്തികമായി സ്വയം പര്യാപ്തതയിൽ എത്തിയതുകൊണ്ടോ വിദശഫണ്ട് വേണ്ടെന്നു വയ്ക്കുന്നു എന്നു കരുതുക. സ്വാഭാവികമായും തങ്ങൾക്ക് വിദേശഫണ്ട് വാങ്ങാൻ ലഭിച്ച ലൈസൻസ് ആ സ്ഥാപനം തിരിച്ചേൽപ്പിക്കുന്നു. ഇങ്ങനെ തിരിച്ചേൽപ്പിക്കുമ്പോൾ ആ ഫണ്ട് ഭാഗികമായെങ്കിലും ഉപയോഗിച്ച അസറ്റ് (കെട്ടിടമോ സ്ഥലമോ എന്തായാലും) കൂടി സർക്കാർ ഏറ്റെടുക്കും എന്നതാണത്. അതിൽ പ്രത്യേകം ഓർക്കേണ്ടത് ഭാഗികമായെങ്കിലും ഉപയോഗിച്ച എന്ന പ്രയോഗമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു വ്യക്തി അഥവാ സ്ഥാപനം ഒരു കെട്ടിടം പണിയുന്നു. മൊത്തം അഞ്ചുകോടിയാണ് ചെലവ്. അതിൽ ഒരുകോടി രൂപ എഫ്.സി.ആർ.എ ഫണ്ടായി ലഭിക്കുന്നു. ബാക്കി നാല് കോടി രൂപ ലോക്കൽ ഫണ്ടായി സംഘടിപ്പിക്കുന്നു. പിന്നീട് ഈ സ്ഥാപനം ലൈസൻസ് സറണ്ടർ ചെയ്യുമ്പോൾ ഈ അഞ്ചുകോടി രൂപയുടെ കെട്ടിടം കൂടിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. എത്രമാത്രം ജനവിരുദ്ധമാണ് അതെന്ന് നോക്കുക. ഇനിയും ഏകാധിപത്യപരവും മാനവികവുമല്ലാത്ത മറ്റൊരു നിയമം കൂടി അടിച്ചേൽപ്പിക്കുന്നുണ്ട്. റിന്യൂവൽ ഓഫ് രജിസ്‌ട്രേഷൻ. ഇത് മറ്റെല്ലാ അമന്റുമെന്റുകൾക്കും മീതെ പുതുതായി അടിച്ചേൽപ്പിച്ചതാണ്. ഇത് മൂന്നുവിധത്തിലുണ്ടാകാം. ഒന്ന് പുതുക്കാനുള്ള അപേക്ഷ നൽകാത്തവർക്ക് അവരുടെ കാലാവധി തീരുന്നു. റിജക്ട് ചെയ്യുന്നു. രണ്ടാമതായി റിന്യൂവൽ അപേക്ഷ കൊടുത്തിട്ടുണ്ട്. അതിൽ ചില അപാകതകൾ തോന്നുന്നു. അതുകൊണ്ട് റിജക്ട് ചെയ്യുന്നു. മൂന്നാമത്തേത് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് റിന്യൂവൽ ചെയ്യാതിരിക്കുക. ഇങ്ങനെ മൂന്നിലേതെങ്കിലും ഒരുകാരണം കൊണ്ട് പുതുക്കാതിരുന്നാൽ ആ സ്ഥാപനം ഒരു ഡസിഗ്‌നേറ്റഡ് അതോറിറ്റിക്ക് ഏറ്റെടുക്കാം. നേരത്തെ ഞാൻ സൂചിപ്പിച്ചല്ലോ-2021 ന് ശേഷം ആയിരക്കണക്കിന് റിന്യൂവലുകളാണ് റിജക്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ അപേക്ഷ നിരാകരിക്കുന്ന സ്ഥാപനങ്ങളുടെ മുഴുവൻ സ്ഥാവര ജംഗമവസ്തുക്കളും ഏറ്റെടുക്കാം എന്നാണ് ഇതിൽ പറയുന്നത്. അതും മുൻകാലപ്രാബല്യത്തോടെ. മുൻകാല പ്രാബല്യം എന്നതിന്റെ ഇവിടുത്തെ നിർവ്വചനം എഫ്.സി.ആർ.എ നിയമം നിലവിൽ വന്ന കാലഘട്ടമാണ്. അതായത് 1976 ൽ. അതാണ് ഇതിലെ ഏറ്റവും ജനവിരുദ്ധവും നീതിരഹിതവുമായ വകുപ്പ്. 1976 മുതൽ ഉണ്ടാക്കിയ അസറ്റ് പിടിച്ചെടുക്കുക എന്നു പറഞ്ഞാൽ അതിനെ എങ്ങനെയാണ് നിർവചിക്കാൻ കഴിയുക?
? ഇത്തരം നിയമങ്ങളെയാണല്ലോ കരിനിയമങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. വളരെ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതല്ലേ ഇത്.
എന്താ സംശയം? പത്തോ നാൽപ്പതോ വർഷമായി നടത്തുന്ന ഒരാശുപത്രിയാണെന്നിരിക്കട്ടെ, മേൽസൂചിപ്പിച്ച ഏതെങ്കിലും കാരണത്താൽ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ല. സ്വാഭാവികമായും ആ ഒരപേക്ഷ നിരാകരിച്ച സമയം മുതൽ ആശുപത്രിയുടെ പരമാധികാരി ഡസിഗ്‌നേറ്റഡ് അതോറിറ്റിയായി തീരുന്നു. അതാരാണെന്ന് ഇപ്പോൾ കൃത്യമായ നിർവചനമില്ല. ഒരുപക്ഷെ സർക്കാർ സംവിധാനം ആയതുകൊണ്ട് ചീഫ് സെക്രട്ടറിയോ മറ്റോ ആകാം. അതിലും ഇപ്പോൾ വ്യക്തതയില്ല. ഇവിടെ പ്രശ്‌നം അതല്ല. ഈ നിയമപ്രകാരം ഡസിഗ്‌നേറ്റഡ് അതോറിറ്റി (നിയുക്താധികാരി) യുടെ ചുമതലയിൽ ലഭിച്ചുകഴിഞ്ഞാൽ ആ ആശുപത്രിയിൽ ഒരു രോഗിയെ അഡ്മിറ്റ് ചെയ്യണമെങ്കിൽ അതല്ലെങ്കിൽ ചികിത്സിക്കണമെങ്കിൽ ഈ അധികാരിയുടെ അനുവാദം വാങ്ങണം. എത്രത്തോളം അപ്രായോഗികവും ജനാധിപത്യവിരുദ്ധവുമാണ് അതെന്ന് നോക്കുക. മാത്രമല്ല ഏതുനിയമവും ജനങ്ങൾക്കുവേണ്ടിയുള്ളതാണ് അഥവാ മനുഷ്യർക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ ആ നിയമങ്ങൾക്കും മാനവികമായ ഒരു മുഖം ഉണ്ടാകേണ്ടതുണ്ട്. ഈ നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിനങ്ങനെ ഒരു മാനുഷികമുഖവുമില്ല എന്നതാണ്. തികച്ചും യാന്ത്രികമായ നടപടിക്രമങ്ങൾ മാത്രം. ഓൺലൈനിൽ നമ്മൾ അപേക്ഷ നൽകുന്നു. ബന്ധപ്പെട്ട രേഖകൾ ഓൺലൈനിലൂടെ തന്നെ സമർപ്പിക്കുന്നു. അത് ഡൽഹിയിലുള്ള അതോറിറ്റി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നു. തള്ളിയാൽ എന്തുകൊണ്ടാണെന്ന് നമ്മളെ അറിയിക്കുന്നില്ല. നമ്മൾ നേരിട്ട് വിശദീകരിക്കാൻ ശ്രമിച്ചാൽ അതിന് അവസരം നൽകില്ല. എന്റെ വ്യക്തിപരമായ ഒരനുഭവം പറയാം.
എന്റെ ഒരു കക്ഷിയുടെ ലൈസൻസ് റിന്യൂ ചെയ്തില്ല. സ്വാഭാവികമായും ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിൽ അതിന്റെ കാരണം ഞാൻ അന്വേഷിക്കുമല്ലോ. ന്യായമായും കിട്ടേണ്ടതായതുകൊണ്ട് ഞാനൊരു അപ്പീൽ ഫയൽ ചെയ്തു. മിനിസ്റ്ററി ഓഫ് ഹോം അഫയേഴ്‌സിൽ. എന്നെ കേൾക്കണം. അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. ഞാനൊരു കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചു. ഡൽഹിയിൽ മിനിസ്റ്ററി ഓഫ് ഹോം അഫയേഴ്‌സിന്റെ ഓഫീസിൽ എത്തിയിട്ടുപോലും ഒരു ഉത്തരവാദിത്തപ്പെട്ട ഓഫീസറെയും നേരിൽ കാണാൻ കഴിഞ്ഞില്ല. അവിടെ എത്തിയതുകൊണ്ടുമാത്രം ഇന്റർകോമിലൂടെ സംസാരിച്ചു എന്നുമാത്രം. ഇതിൽ നമുക്ക് ആകെ ചെയ്യാൻ കഴിയുന്നത് എഫ്.സി.ആർ.എയുടെ പോർട്ടലിൽ കയറി അവിടെ ഒരപേക്ഷ കൊടുക്കുക എന്നതുമാത്രമാണ്. ഇ-മെയിൽ ചെയ്തിട്ടും കാര്യമില്ല. ഈ പോർട്ടലിൽ ആണെങ്കിൽ ഒരു നിശ്ചിത പരിധിയിൽക്കൂടുതൽ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല. എല്ലാ എവിഡൻസും അപ്‌ലോഡ് ചെയ്യാതെ പരാതി കൊടുത്തിട്ടും കാര്യമില്ലല്ലോ.
? തികച്ചും ഏകാധിപത്യ രീതിയിലുള്ള ഒരു കൈകടത്തൽ ആണ് ഈ നിയമം മൂലം ഉണ്ടാകാൻ പോകുന്നതെന്ന് തോന്നുന്നു. ഇന്ത്യയിലെ ആതുരസേവന-വിദ്യാഭ്യാസമേഖലകളെ എല്ലാം ഇത് സാരമായി ബാധിക്കില്ലേ.
ഇതിന്റെ അനന്തരഫലം എന്തെന്ന് ഇപ്പോൾ നമുക്ക് പൂർണ്ണമായും നിർവചിക്കാൻ കഴിയില്ല. 2026-ലെ ഈ ആക്ട് നിലവിൽ വന്നാൽ 2021 മുതൽ റിജക്ട് ചെയ്ത ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ ശതകോടികളുടെ ആസ്തി മേൽസൂചിപ്പിച്ച ഡസിഗ്‌നേറ്റഡ് അതോറിറ്റിയിലേക്ക് വന്നുചേരും. ആശുപത്രികൾ, അനാഥാലയങ്ങൾ, വയോജനമന്ദിരങ്ങൾ, പള്ളികൾ, ക്ഷേത്രങ്ങൾ, മോസ്‌ക്കുകൾ എന്നുവേണ്ട എഫ്.സി.ആർ.എ ഫണ്ട് എന്നെങ്കിലും വാങ്ങി ഇപ്പോൾ പുതുക്കാൻ കഴിയാത്ത എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാകും. ഇവിടെ ഓർക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇതിന് നോട്ടീസ് പീരിയഡ് ഒന്നുമില്ല. 2026 ലെ ഈ നിയമം പാർലമെന്റിൽ പാസാക്കി പ്രസിഡന്റ് ഒപ്പിട്ട് ഗസറ്റിൽ പരസ്യം ചെയ്തുകഴിഞ്ഞാൽ ആ നിമിഷം നിയമം പ്രാബല്യത്തിലായി എന്നതാണ്. ആർക്കും ഒരന്വേഷണത്തിനോ വിശദീകരണത്തിനോ ഉള്ള അവസരം പോലുമില്ല. ഏതുനിയമത്തിനും നോട്ടീസും ഓർഡറും വേണം. പൊതുവഴിക്കായി ഒരു ഭൂമി അക്വയർ ചെയ്യണമെങ്കിൽപ്പോലും ഇങ്ങനെയുള്ള നടപടിക്രമങ്ങൾ ഉണ്ട്. പക്ഷെ ഇവിടെ അതൊന്നുമില്ല. പാർലമെന്റിൽ പാസ്സായി പ്രസിഡന്റ് അംഗീകരിച്ച് ഗസറ്റിൽ നോട്ടിഫിക്കേഷൻ വന്നാൽ ആ നിമിഷം മുതൽ രജിട്രേഷൻ നിരസിക്കപ്പെട്ട ഈ ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ ശതകോടികളുടെ ഭൂമിയും കെട്ടിടവുമെല്ലാം ഈ നിയുക്താധികാരിയിലേക്ക് ചെന്ന് ചേരുകയാണ്. ഇത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഒരു നിയമം നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ടോ? തികച്ചും നിയമവിരുദ്ധമായ മറ്റൊന്നുകൂടി ഇതിലുണ്ട്. എഫ്.സി.ആർ.എ ആക്ട് എന്നുപറയുന്നത് വിദേശഫണ്ട് വിനിമയ നിയമമാണ്. അതിന്റെ വിനിയോഗ സംബന്ധമായ എന്തെങ്കിലും കാരണം കൊണ്ട് ഒരു സ്ഥാപനത്തിന്റെ ലൈസൻസ് അഥവാ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ല എന്നു കരുതുക. സ്വാഭാവികമായും പുതിയ നിയമം അനുസരിച്ച് ആ സ്ഥാപനം തുടങ്ങിയ കാലം മുതലുള്ള ആസ്തികൾ പിടിച്ചെടുക്കുന്നു. അല്ലെങ്കിൽ നിയുക്താധികാരിയിലേക്ക് ചെന്നുചേരുന്നു. അതിൽ വിദേശഫണ്ട് കൊണ്ടല്ല, സ്വദേശഫണ്ടുകൊണ്ടു നിർമ്മിച്ച ആസ്തിയാണെങ്കിലും അതിനും ബാധകമായിരിക്കും എന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ഇത് സാമാന്യനീതിക്ക് നിരക്കുന്നതാണോ?
? എഫ്.സി.ആർ.എ ആക്ട് എന്നുപറയുന്നത് വിദേശഫണ്ട് വിനിമയം ചെയ്യുന്നത് സംബന്ധിച്ചാണല്ലോ. അത് സംബന്ധിച്ച് കൃത്യവും സുതാര്യവുമായ നിയമങ്ങളും ഉണ്ട്. അങ്ങനെയെങ്കിൽ ഈ അമന്റ്‌മെന്റ് കൊണ്ട് ഗവൺമെന്റ് ഉദ്ദേശിക്കുന്നത് ആസ്തികൾ പിടിച്ചെടുക്കുക എന്നതുമാത്രമല്ലേ. ഭീകരപ്രവർത്തകരിലേക്ക് വിദേശഫണ്ട് എത്തുന്നത് തടയാനാണെന്നൊക്കെ പറയുന്നത് വസ്തുതാവിരുദ്ധമല്ലേ.
തീർച്ചയായും. വിദേശ വിരുദ്ധശക്തികളിലേക്ക് ഫണ്ട് ചെല്ലുന്നുണ്ടെങ്കിൽ അത് തടയാനുള്ള മാർഗ്ഗങ്ങൾ അവലംബിച്ചാൽ പോരെ? നിലവിലുള്ള നിയമസംവിധാനങ്ങൾ പര്യാപ്തമല്ലെങ്കിൽ ഫണ്ട് തടയാൻ മറ്റെന്താല്ലാം വഴികളുണ്ട്. ഇവിടെ അതല്ലാ പ്രശ്‌നം. വിദേശഫണ്ട് സംബന്ധിച്ചുള്ള നിയമങ്ങളെ നിലവിലുള്ളൂ. അസറ്റ് ടേക്ക് ഓവർ ചെയ്യാനുള്ള നിയമം നിലവിലില്ല. ഏറ്റവും ചുരുക്കി ലളിതമായി പറഞ്ഞാൽ ഈ അമന്റ്‌മെന്റുകൊണ്ട് ഉദ്ദേശിക്കുന്നത് അതുമാത്രമാണ്. ഈ ബില്ലിലെ ചാപ്റ്റർ കകക-എ വായിച്ചുനോക്കിയാൽ ഇക്കാര്യം ബോധ്യമാകും.
? കെ.സി.ബി.സി. ആണല്ലോ ഈ ബില്ലിനെതിരെ ആദ്യം ശക്തമായി രംഗത്തുവന്നത്. കൃത്യമായ ഇടപെടൽകൊണ്ട് അവതരണം നീട്ടിവയ്പ്പിക്കാനും കഴിഞ്ഞു. ഇതുസംബന്ധിച്ച് കെ.സി.ബി.സി മുമ്പോട്ടുവയ്ക്കുന്ന ആവശ്യം എന്താണ്.
ഇത് കെ.സി.ബി.സിയുടെ മാത്രം പ്രശ്‌നമല്ല. ജാതി മത-വർഗ്ഗ വർണ്ണ-ലിംഗഭേദമില്ലാതെ സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ വേണ്ടത്ര അവധാനതയോടെയുള്ള പഠനമോ ചർച്ചയോ കൂടാതെ ഈ ബില്ല് നിയമമാക്കരുത്. അതുകൊണ്ട് ബില്ല് പാർലമെന്ററി സബ് കമ്മിറ്റിക്ക് വിടണമെന്നാണ് കെ.സി.ബി.സി ആവശ്യപ്പെടുന്നത്. ഈ ആവശ്യം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അത് ഫലപ്രാപ്തിയിൽ എത്തുമെന്നാണ് വിശ്വാസം.
? ഈ ബില്ലിലെ ഏറ്റവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭാഗം ചാപ്റ്റർ അസറ്റ് ടേക്ക് ഓവർ നിയമം ആണെന്ന് പറഞ്ഞു. അതിൽ മനുഷ്യത്വപരമായ ഒരു അനീതി കൂടി ഇല്ലേ. പതിറ്റാണ്ടുകളോളം നല്ല രീതിയിൽ സാമൂഹ്യസേവനം ചെയ്തിരുന്ന സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ എന്തെങ്കിലും സാങ്കേതികപ്രശ്‌നത്തിന്റെ പേരിൽ തടയപ്പെട്ടാൽ പതിറ്റാണ്ടുകളായി ആ സ്ഥാപനം ഉണ്ടാക്കിയ ആസ്തികൾ പിടിച്ചെടുക്കുക എന്നു പറയുന്നത് നീതി രഹിതം എന്നതുപോലെ മനുഷ്യത്വമില്ലായ്മ കൂടിയല്ലേ? എത്രയോ ആളുകളുടെ പ്രയത്‌നഫലമാണത്?
വളരെ പ്രസക്തമായ ഇത്തരം കാര്യങ്ങൾ കൂടി നിയമം കൊണ്ടുവരുന്നവർ ഓർക്കേണ്ടതുണ്ട്. ചരിത്രപരമായി ഈ വിഷയത്തെ വിശകലനം ചെയ്താൽ മുക്കാൽ നൂറ്റാണ്ട് പിന്നോട്ട് പോകേണ്ടിവരും. 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ നമ്മുടെ അവസ്ഥ എന്തായിരുന്നു. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും എല്ലാം വളരെ പിന്നോക്കം നിൽക്കുന്ന ഒരു ജനത. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമൊക്കെ പിന്നീട് വലിയ മുന്നേറ്റങ്ങൾ നമുക്കുണ്ടായി. അത് സർക്കാരുകളുടെ കഴിവുമാത്രമാണെന്ന് ആരും പറയില്ല. ചാരിറ്റി സ്ഥാപനങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളും അതിനു പിന്നിലുണ്ട്. ഇന്ത്യയുടെ സമഗ്രമായ വളർച്ചയ്ക്കു പിന്നിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച സ്ഥാപനങ്ങളുടെ പങ്ക് സർക്കാരിനും വ്യക്തമായി അറിയാം. അതുകൊണ്ടാണ് അത്തരം സ്ഥാപനങ്ങളെ ഇൻകം ടാക്‌സ് വിമുക്തമാക്കിയത്. ഇൻകം ടാക്‌സായി സർക്കാർ വാങ്ങുന്ന പണം കൂടി സേവനമേഖലയിൽ എത്തട്ടെ എന്ന സദുദ്ദേശം. ആ അടിസ്ഥാന ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം ബില്ലുകൾ. അതുകൊണ്ടുതന്നെ വിവേകപൂർവ്വം സർക്കാർ തീരുമാനം എടുക്കുമെന്നും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ ഈ ബില്ലിൽനിന്ന് പിന്മാറുമെന്നും പ്രതീക്ഷിക്കുന്നു. ജനഹിതം കണക്കിലെടുക്കുന്ന ഒരു സർക്കാർ അതാണ് ചെയ്യേണ്ടത്.










