
കേന്ദ്ര സർക്കാർ കൊണ്ടു വന്ന എഫ് സി ആർ എ നിയമഭേദഗതി തികച്ചും ന്യൂനപക്ഷ വിരുദ്ധമെന്നും ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തെ തുറങ്കിലാക്കുമെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ നിയമ ഭേദഗതി. രാജ്യത്തിന്റെ വികസന മേഖലയിൽ ഒട്ടനവധി സംഭാവനകൾ ചെയ്ത നിരവധി ന്യൂനപക്ഷ സ്ഥാപനങ്ങളെ ഈ നിയമ ഭേദഗതി ഇല്ലാതാക്കും. ഇത് കേവലം ന്യൂനപക്ഷ അവകാശ പ്രശ്‌നമല്ല. മനുഷ്യാവകാശ ലംഘനമാണ്. നോർത്ത് ഇന്ത്യയിലും സൗത്ത് ഇന്ത്യലുമൊക്കെയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നടത്തുന്ന ജീവകാരുണ്യ സംഘടനകളെ ഈ നിയമഭേദഗതി വല്ലാതെ ബാധിക്കും . പാരിസ്ഥിതീക പ്രശ്‌നങ്ങൾ ഉയർത്തി പ്രാദേശീക സമരങ്ങൾ ഏറ്റ് എടുക്കുന്ന സംഘടനകളെയടക്കം ഈ നിയമ ഭേദഗതി കൊണ്ട് കേന്ദ്രം നോട്ടമിടുന്നുണ്ട്. വിയോജിപ്പിന്റെ സ്വരങ്ങളെ തുടച്ചു നീക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഹൈബി ഈഡൻ കുറ്റപ്പെടുത്തി. എഫ് സി ആർ എ നിയമ ഭേദഗതി നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്ത് നൽകിയതായി ഹൈബി പറഞ്ഞു.
Photo Courtesy - Google











