NEWS
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി ഉണർത്താൻ എഫ്.സി.സി. 'മലയാള മഴ – സമ്മർ ബൊനാൻസ 2026
10/07/2026 12:20 PM IST
nila

ദോഹ: വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുകയും വേനൽ അവധിയെ കൂടുതൽ അർത്ഥവത്താക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫ്രൻ്റ്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി.) സംഘടിപ്പിക്കുന്ന 'മലയാള മഴ – സമ്മർ ബൊനാൻസ 2026' ക്രിയേറ്റീവ് സമ്മർ മത്സരങ്ങൾക്ക് തുടക്കമാകുന്നു.
ഗ്രേഡ് അടിസ്ഥാനത്തിൽ ജൂനിയർ (4–6), പ്രീ-സീനിയർ (7–9), സീനിയർ (10–12) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ സർഗ്ഗശേഷിയും കലാപരമായ കഴിവുകളും പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ജൂനിയർ വിഭാഗത്തിൽ 'എന്റെ വേനൽക്കാല ഓർമ്മകൾ' എന്ന വിഷയത്തെ ആസ്പദമാക്കി സ്ക്രാപ്ബുക്ക് ചലഞ്ച് സംഘടിപ്പിക്കും. പ്രീ-സീനിയർ, സീനിയർ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വേദിയിൽത്തന്നെ നിർവഹിക്കേണ്ട ഓൺ ദി സ്പോട്ട് എഴുത്ത് മത്സരവും നടക്കും.
കൂടാതെ, ജൂനിയർ, പ്രീ-സീനിയർ വിഭാഗങ്ങൾക്കായി 'വേനൽക്കാല നിമിഷങ്ങൾ' എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരവും സീനിയർ വിഭാഗത്തിനായി '60 സെക്കൻഡിൽ എന്റെ വേനൽക്കാല കഥ' എന്ന വിഷയത്തിൽ ക്രിയേറ്റീവ് റീൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ എൻട്രികളും വിദ്യാർത്ഥികളുടെ സ്വന്തം സൃഷ്ടികളായിരിക്കണമെന്ന് സംഘാടകർ അറിയിച്ചു. സൃഷ്ടിപരത, വിഷയത്തോടുള്ള പ്രസക്തി, അവതരണ മികവ് എന്നിവ വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുക.
രജിസ്ട്രേഷൻ നടപടിക്രമങ്ങളും മത്സരങ്ങളുടെ വിശദമായ മാർഗനിർദേശങ്ങളും ഉടൻ പ്രഖ്യാപിക്കും. ഖത്തറിലെ മലയാളി വിദ്യാർത്ഥികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും മലയാള മഴ – സമ്മർ ബൊനാൻസ 2026 എന്ന് എഫ്.സി.സി. ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
5553 6801,66787007
Email:
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











