12:47am 15 June 2026
NEWS
ഫാത്തിമാ തഹ്‌ലിയായുടെ നിലവിളക്ക് വിവാദം: എം.എസ്.എഫ് നേതാവിന്റെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റ്
14/06/2026  08:51 AM IST
നെല്ലിക്കുത്ത് ഹനീഫ
ഫാത്തിമാ തഹ്‌ലിയായുടെ നിലവിളക്ക് വിവാദം: എം.എസ്.എഫ് നേതാവിന്റെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റ്

അഞ്ച് മന്ത്രിമാരുമായി മുസ്ലിംലീഗ് യു.ഡി.എഫ് സർക്കാറിന്റെ ഭാഗമായതോടെ, മന്ത്രിമാർക്കെതിരെ മലബാറിൽ പല തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്ന് തുടങ്ങി. സുന്നീ വിഭാഗത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടിയെ മാത്രം മന്ത്രിയാക്കിയതിൽ ഇ.കെ സുന്നീ വിഭാഗം (സമസ്ത)യ്ക്ക് തികഞ്ഞ അതൃപ്തി. മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് അഞ്ച് മന്ത്രിമാരുണ്ടെങ്കിലും പരമ്പരാഗത സുന്നീ ആശയധാരയെ പ്രതിനിധീകരിയ്ക്കുന്നത് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന പി.കെ കുഞ്ഞാലിക്കുട്ടി മാത്രമാണ്.  ലീഗിലെ മറ്റ് മന്ത്രിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ ബഷീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, കെ.എം ഷാജി എന്നിവർ സുന്നീ ആശയം പുലർത്തുന്നവരല്ല എന്നാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്. അതിന് പുറമെ മുസ്ലിംലീഗ് മന്ത്രിമാർ സത്യപ്രതിജ്ഞാ വേളയിൽ സാധാരണ അനുവർത്തിക്കാറുള്ള രീതിയിൽ നിന്ന് മാറി, ഇത്തവണ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതും പുതുമയും ശ്രദ്ധേയവുമായിരുന്നു. മുൻകാലങ്ങളിലെല്ലാം 'അല്ലാഹു'വിന്റെ നാമത്തിലാണ് മുസ്ലിംലീഗ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. 

ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള അഞ്ച് പേരും ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മാത്രമല്ല, ഇതിലാരും തന്നെ, മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി തൊപ്പി ധരിച്ചതുമില്ല. ഇതിന്റെയെല്ലാം കെറുവ് ഇരു സുന്നീ വിഭാഗങ്ങളുടേയും സമസ്ത മുസ്ലിംലീഗ് നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. കാസർഗോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന് പാർട്ടി പ്രാദേശിക നേതാക്കളും, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉൾപ്പെടെയുള്ളവരുടെയും ആവശ്യം സജീവമായിരുന്നിട്ടും, അത് അവഗണിച്ചതിൽ, സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമ്പോൾ മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിംലീഗ് നേതാക്കൾ ശക്തമായ പ്രതിഷേധ നിലപാടിലായിരുന്നു. അതേസമയം കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ പ്രതിഷേധം കണക്കിലെടുത്ത് 'ടേം വ്യവസ്ഥ' ഏർപ്പെടുത്താനും പാർട്ടി നിർബന്ധിതമായി. രണ്ടര വർഷത്തിന് ശേഷം നിലവിലെ മന്ത്രിമാരിൽ ഒരാൾ മാറി, പകരം കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് സാദിക്കലി തങ്ങൾ വ്യക്തമാക്കി. അഞ്ച് മന്ത്രിമാരിൽ ഒരാൾ രണ്ടര വർഷത്തിന് ശേഷം പദവി ഒഴിഞ്ഞ്, പകരം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല മന്ത്രിസഭയുടെ ഭാഗമാകും.  അഞ്ച് പേരിൽ ആരെയാണ് മാറ്റുക എന്ന കാര്യം ആ സമയത്താണ് തീരുമാനിക്കുക. ആദ്യഘട്ടത്തിൽ ഏറനാട് എം.എൽ.എ പി.കെ ബഷീറിന് മന്ത്രി സ്ഥാനം നൽകില്ല എന്ന നിലപാടിലായിരുന്നു നേതൃത്വം. എന്നാൽ ബഷീറിന്റെ കരുനീക്കം ചടുലവും ശക്തവുമായിരുന്നു. എറണാകുളത്ത് നിന്നുള്ള വി.ഇ അബ്ദുൽ ഗഫൂറിന് അദ്ദേഹത്തിന്റെ പിതാവ് ഇബ്രാഹിം കുഞ്ഞ് കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പ് നൽകാനുള്ള നീക്കത്തിലായിരുന്നു പാർട്ടി. എന്നാൽ തനിക്ക് പൊതുമരാമത്ത് വകുപ്പ് വേണമെന്ന നിർബന്ധത്തിലായിരുന്നു പി.കെ ബഷീർ.  കുഞ്ഞാലിക്കുട്ടിയുടെ വിയോജിപ്പിനെ അതിജീവിച്ചാണ് ബഷീറിന് പൊതുമരാമത്ത് വകുപ്പ് ലഭിക്കുന്നതും. 

ചരിത്രവനിത

സി.പി.എം നേതാവും, മുൻ മന്ത്രിയും, ഇടത് മുന്നണി കൺവീനറുമായ ടി.പി രാമകൃഷ്ണനെ 5087 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് മുസ്ലിംലീഗിലെ ഫാത്തിമ തഹ്‌ലിയ വിജയിക്കുന്നതും, എം.എൽ.എ ആകുന്നതും. ഇതൊരു ചരിത്രമാണ്. പതിറ്റാണ്ടുകൾ നീണ്ട മുസ്ലിംലീഗിന്റെ രാഷ്ട്രീയ പ്രയാണത്തിൽ നിയമസഭയിലെത്തുന്ന മുസ്ലിംലീഗിന്റെ ആദ്യ വനിത എം.എൽ.എ എന്ന നിലയിൽ ഫാത്തിമയും ദൈവ നാമത്തിലാണ് സത്യവാചകം ചൊല്ലിയത്. പ്രതിപക്ഷ നിരയിലേക്ക് ചെന്ന് പിണറായി വിജയൻ അടക്കമുള്ളവരെ ഫാത്തിമ കൈകൂപ്പി അഭിവാദ്യമർപ്പിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞാൽ  സാധാരണ നിലയിൽ ഭരണപക്ഷത്തേയും, പ്രതിപക്ഷത്തേയും മുൻനിരയിലുള്ളവർക്ക് മാത്രമാണ് ഏറിയ പേരും അഭിവാദ്യം ചെയ്യാറുള്ളത്. ആ പതിവ് മാറ്റി ഫാത്തിമ പുതിയ മാതൃകയും തീർത്തു. മറ്റ് 139 പേരുടേയും ഇരിപ്പിടത്തിലെത്തി അഭിവാദ്യമർപ്പിച്ചു. കാര്യം ഇതൊക്കെയാണെങ്കിൽ പോലും ഫാത്തിമാ തഹ്‌ലിയായ്ക്ക് പാർട്ടിക്കകത്തും, പുറത്തും ശത്രുക്കൾ സദാ ജാഗരൂകരാണ്. പാർട്ടി ഇവർക്ക് മത്സരിക്കാൻ സീറ്റ് നൽകിയത് മുതൽ ശത്രുക്കൾ സജീവമാണ്. വനിതാ ലീഗ് നേതാവ് നൂർബിനാ റഷീദ് തന്റെ പ്രതിഷേധം പ്രകടമാക്കി പാർട്ടിയിലെ സ്ഥാനമാനങ്ങളെല്ലാം രാജി വെച്ച് ഒഴിഞ്ഞത് വാർത്തയായിരുന്നു. ഹരിത വിവാദത്തിലൂടെ, 'നാലാം ഖലീഫ' എന്ന് പാണക്കാട് തങ്ങളെ തഹ്ലിയ അധിക്ഷേപിച്ചതായും, തലമുറ മാറ്റമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാനമെങ്കിൽ, ഫാത്തിമ തഹ്‌ലിയേക്കാൾ എത്രയോ മികച്ചവർ പാർട്ടിയിൽ വേറെയുണ്ടെന്നും, ഫാത്തിമായ്ക്ക് സീറ്റ് നൽകരുതെന്നും വനിതാ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

തഹ്‌ലിയക്കെതിരെ എം.എസ്.എഫ്

കോൺഗ്രസ്സ്, ബി.ജെ.പി തുടങ്ങി  ഇതര രാഷ്ട്രീയ കക്ഷികളിൽ ഉള്ളതിനേക്കാൾ ശക്തമായ ഗ്രൂപ്പിസവും, വടംവലിയും നില നിൽക്കുന്ന രാഷ്ട്രീയ കക്ഷിയാണ് മുസ്ലിംലീഗും. എന്നാൽ പലതരത്തിലുള്ള ചാരിറ്റി പ്രവർത്തനത്തിലും, സങ്കീർണ്ണ ഘട്ടങ്ങളിൽ മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതിലും സഹായിക്കുന്നതിലുമെല്ലാം മുസ്ലിംലീഗിൽ മറ്റാർക്കുമില്ലാത്ത ഐക്യവും, മാതൃകയുമുണ്ട്. ഒരു പരിധി വരെ മതവിശ്വാസത്തിന്റെ പിൻബലമാണ് ഇതിന് കാരണം. പാണക്കാട് തങ്ങളുടെ ഏത് തീരുമാനത്തേയും ഖണ്ഡിക്കുക എന്നത് ഇസ്ലാമിക വിശ്വാസത്തെ അവഗണിയ്ക്കുന്ന തരത്തിലാണ് യാഥാസ്ഥിതികരായ പാർട്ടി അണികൾ വിലയിരുത്തുന്നത്. ഇത് തന്നെയാണ് മുസ്ലിംലീഗിന്റെ ശക്തിയും. എന്നാൽ പുതിയ തലമുറയിൽ നല്ലൊരു വിഭാഗത്തെ ഇപ്രകാരം കുരുക്കിലാക്കാൻ സാധ്യമല്ല. മതവിശ്വാസികൾ ആണെങ്കിൽ പോലും, അതിന്റെ ശാസനയിൽ അവരെ അടക്കി വാഴാനാകില്ല. നിലപാടുകൾ തമ്മിലുള്ള വൈരുദ്ധ്യവും, അവയുടെ ഏറ്റുമുട്ടലുമാണ് രാഷ്ട്രീയം എന്ന വിലയിരുത്തലിൽ, മതവിശ്വാസത്തെ രാഷ്ട്രീയത്തിൽ കൂട്ടിക്കലർത്തുന്നതിനോട് പുതുതലമുറ വിമുഖത പുലർത്തുന്നുണ്ട്. അതുകൊണ്ടാണ് നേരത്തെ ഹരിത വിഷയത്തിൽ ഫാത്തിമ തഹ്‌ലിയ പാണക്കാട് സാദിക്കലി തങ്ങളെ 'നാലാം ഖലീഫ' എന്നൊക്കെ ആക്ഷേപത്തോടെ വിശേഷിപ്പിച്ചതും, എന്നാൽ അവിടുന്നിങ്ങോട്ടാണ് ഫാത്തിമ തഹ്‌ലിയ പലർക്കും അനഭിമതനായതും. 

എം.എസ്.എഫ് നേതാവ് പി.കെ നവാസ് തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് പോലീസിൽ പരാതി നൽകിയ ഫാത്തിമ തഹ്‌ലിയ, പിന്നീടത് പിൻവലിച്ച് മാപ്പ് പറഞ്ഞതിലൂടെ തനിക്കുണ്ടായ അവമതിപ്പ് ഇല്ലാതാക്കാൻ ശ്രമം നടത്തുന്നതായി ആരോപിച്ച് എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ് ഫാത്തിമ തഹ്‌ലിയക്കെതിരെ അതിരൂക്ഷമായി സോഷ്യൽ മീഡിയായിൽ എഴുതിയ കുറിപ്പ് എറെ വിവാദമായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് പോലീസിൽ പരാതി നൽകിയ തഹ്‌ലിയ പിന്നീടത് പിൻവലിച്ച് ലീഗ്  നേതൃത്വത്തോട് മാപ്പപേക്ഷിച്ച് പിന്നീട് പാർട്ടിയിൽ തിരിച്ചെത്തിയ ശേഷം, ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നവാസ് കുറ്റക്കാരൻ തന്നെ എന്ന ധ്വനിയിൽ സംസാരിച്ചതാണ് എം.എസ്.എഫ് നേതാവിന്റെ പ്രകോപനത്തിന് കാരണം. പെണ്ണ് എന്ന പ്രിവിലേജ് ദുരുപയോഗം ചെയ്യുന്ന മാനസിക വിഭ്രാന്തിയുള്ള 'തട്ടമിട്ട ശശികല' എന്നിങ്ങനെ വിശേഷിക്കപ്പെട്ട തഹ്‌ലിയായെ പച്ചമാംസം കൊത്തി വലിക്കുന്നവളായും, അസത്യങ്ങളുടെ ചതിക്കുഴി ഒരുക്കി വിഷം തുപ്പുന്നവളായുമാണ് എം.എസ്.എഫ്  മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി വി.എ വഹാബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിച്ച് പ്രസ്ഥാനത്തിന് മുകളിൽ വളർന്ന വിഷച്ചെടിയാണ് തഹ്‌ലിയായെന്നും, ഓട്ടക്കാലണ വിലയില്ലാതിരുന്ന തഹ്‌ലിയ ഒരു സുപ്രഭാതത്തിൽ നേതാവായി മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. 

സ്വന്തം സഹ പ്രവർത്തകന്റെ പച്ചമാംസം കൊത്തി വലിക്കുന്ന ക്രൂരത കാണുമ്പോൾ മൗനം പാലിക്കാനാവില്ല. നിയമസഭാ ഇലക്ഷൻ സമയത്തും അതിന് ശേഷവും തഹ്‌ലിയ ആ മനുഷ്യനെതിരെ വീണ്ടും പത്തി വിടർത്തി വിഷം തുപ്പുന്നത് രാഷ്ട്രീയ നന്ദികേടാണ്. പാണക്കാട്ടും, കോഴിക്കോട്ടും, കാരാത്തോടും നേതാക്കളുടെ വീടുകൾ കേറിയിറങ്ങി കാലു പിടിച്ച് ചെയ്ത തെറ്റുകൾ ഏറ്റ് പറഞ്ഞ് പാർട്ടി സ്ഥാനമാനങ്ങളിൽ കേറിക്കൂടി, നവാസ് കുറ്റക്കാരനാണെന്ന തെറ്റായ സന്ദേശം പൊതുജനങ്ങൾക്ക് നൽകുക വഴി അവൾ കൊത്തി വലിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല, ഒരു പ്രസ്ഥാനത്തിന്റെ അഭിമാനത്തേയാണ്. ഇത് കേവലം ആത്മസംതൃപ്തി കൊള്ളാനല്ലെന്നറിയാം, മറിച്ച് പാർട്ടി നേതൃത്വത്തിന് മുന്നിൽ നടത്തിയ കീഴടങ്ങലുകളെ മൂടി വയ്ക്കാനുള്ള നാലാംകിട നിലപാട് മാത്രമാണ്.  പെണ്ണ് എന്ന പ്രിവിലേജ് ഉപയോഗിച്ച് എന്തും പ്രചരിപ്പിക്കാമെന്നും, ഏത് നുണയും സത്യമാക്കാമെന്നും ഉള്ള മനോഗതി ഒരുതരം മാനസിക വിഭ്രാന്തിയാണ്. കേസ്സ് പിൻവലിച്ച് മാപ്പ് പറഞ്ഞതിലൂടെ പൊതു സമൂഹത്തിനിടയിൽ അവർക്കുണ്ടായ അവമതിപ്പ് മറച്ച് വയ്ക്കാൻ പി.കെ നവാസെന്ന മനുഷ്യന്റെ ജീവിതം ബലികൊടുക്കുന്നത് നികൃഷ്ടമായ കുതന്ത്രമാണ്. ഇത്തരം ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിന് നേതൃത്വം ഇനിയും തടയിട്ടില്ലെങ്കിൽ, ഭാവിയിൽ ഈ വിഷച്ചെടികൾ പ്രസ്ഥാനത്തെ തന്നെ വിഴുങ്ങും എന്ന കാര്യത്തിൽ തർക്കമില്ലെന്നും എം.എസ്.എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഈ പോസ്റ്റിനെ അനുകൂലിച്ചും, പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങളും വന്നിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയ പി.കെ നവാസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സത്യം ഉണ്ടെങ്കിൽ അഭിമാനബോധമുള്ളവർ  കേസ്സ് പിൻവലിച്ച്  മാപ്പുപറയാൻ തയ്യാറാകില്ലെന്നും, നേതാക്കളുടെ കാല് പിടിച്ച് ഇരവാദം ഉയർത്തിയത് സ്വാർത്ഥ നേട്ടം ലക്ഷ്യമിട്ടല്ലെങ്കിൽ പിന്നെന്തിനായിരുന്നു ഇത്തരത്തിലുള്ള നാടകം തയ്യാറാക്കിയതെന്നും എം.എസ്.എഫ് അണികളും ചോദിയ്ക്കുന്നു. അധികാരത്തിനും, പാർട്ടി സ്ഥാനമാനങ്ങൾക്കും, മാധ്യമ കവറേജിനും സോഷ്യൽ മീഡിയ ലൈക്കിനും വേണ്ടി സ്വന്തം സഹ പ്രവർത്തകനെ പിന്നിൽ നിന്ന് കുത്തുന്ന ഈ നികൃഷ്ടമനസ്സ് മാരകമായൊരു മനോരോഗമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എസ്.എഫ് നേതാവ് വി.എ. വഹാബ് ഫേസ്ബുക്കിലൂടെ പറയുന്നത്.

വീണ്ടും നിലവിളക്ക്

പൊതു പരിപാടികളിൽ   നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിശ്വാസപ്രകാരം അനുവദനീയമാണോ അല്ലയോ എന്ന പഴഞ്ചൻ തർക്കം മലബാറിലെ മുസ്ലിം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വീണ്ടും സജീവമായിട്ടുണ്ട്. പേരാമ്പ്രയിൽ ഒരു സ്വകാര്യ സ്ഥാപനം ഫാത്തിമ തഹ്‌ലിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചതാണ് വിവാദത്തിന് വഴിമരുന്നായത്. വിഷയം സുന്നീ-മുജാഹിദ് മതവേദികളിലും, മുസ്ലിംലീഗ് അണികൾക്കിടയിലും, ഓൺലൈൻ കമ്മ്യൂണിറ്റികളിലും വലിയ തോതിലുള്ള ചർച്ചകൾക്കും ഇടയായിട്ടുണ്ട്. വിളക്ക് കൊളുത്തുന്നത് കേവലം ഒരു സാംസ്‌കാരിക ആചാരം മാത്രമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, മതപരമായ പ്രതീകങ്ങളുള്ള ഇത്തരം കർമ്മങ്ങൾ ഒരു മുസ്ലിം ജനപ്രതിനിധി നടത്താൻ പാടുണ്ടോ എന്ന ചോദ്യമാണ് മറു വിഭാഗം ഉയർത്തുന്നത്. ഫാത്തിമ തഹ്‌ലിയായെ വിമർശിച്ചുകൊണ്ട് നിവധി മത നേതാക്കളും വിഷയത്തിൽ പ്രതികരിച്ചിട്ടുമുണ്ട്. 

തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും, രാഷ്ട്രീയ നേട്ടങ്ങൾക്കുമായി  ക്ഷേത്രങ്ങളിലും, പള്ളികളിലും മറ്റ് സമുദായങ്ങളുടെ പരിപാടികളിലും മതേതരത്വം തെളിയിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം ചെയ്തികൾ നടത്തുന്ന മുസ്ലിം രാഷ്ട്രീയക്കാർ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുകയാണ്. ഇത്തരത്തിലുള്ള നടപടികൾ യഥാർത്ഥ സാംസ്‌കാരിക ഇടപഴകലിൽ നിന്നല്ല ഉണ്ടാകുന്നത്. മറിച്ച് രാഷ്ട്രീയമായ കണക്ക് കൂട്ടലുകളിൽ നിന്നും, ലക്ഷ്യങ്ങളിൽ നിന്നുമാണ് ഇതെല്ലാം ഉടലെടുക്കുന്നത്. സമുദായത്തിന്റെ കാവൽക്കാരെന്ന് അവകാശപ്പെടുന്നവർ മത നിയമങ്ങളുടെ അതിർവരമ്പുകൾ ലംഘിക്കുമ്പോൾ, അതിന് പലവിധത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിന് അവസരം സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം പൊതുശ്രദ്ധ നേടലാണെന്നും അതിലൂടെ വ്യക്തിത്വം മഹത്തരമാണെന്ന് വരുത്തിത്തീർക്കലാണെന്നും, ഇപ്പോൾ ഫാത്തിമ തഹ്‌ലിയ നടത്തിയതും പൊതു ശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണെന്നും ചിലർ വാദിക്കുന്നു. 

അതേസമയം പ്രകാശത്തിന്റെ സ്രോതസ്സായി വിളക്ക് ഉപയോഗിക്കുന്നതും,  മതപരമായ ആചാരത്തിന്റെ ഭാഗമായി അത് ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആരാധനാ ക്രമങ്ങൾ ഇല്ലാത്ത ഒരു ചടങ്ങിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റ് കാണാനാകില്ലെന്നും, പ്രതീകാത്മകമായ കാര്യങ്ങളെ രാഷ്ട്രീയ-മത തർക്കങ്ങളാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നതെന്നും സാംസ്‌കാരിക നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഫാത്തിമ തഹ്‌ലിയായുടെ നടപടി ശ്ലാഘനീയമാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ, എം.എൻ കാരശ്ശേരി തുടങ്ങിയവരും പ്രതികരിച്ചു. 
ഏതായാലും പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം, വരും നാളുകളിൽ മുസ്ലിംലീഗ് എം.എൽ.എ മാർ വാർത്തകളിൽ നിരന്തരം ഇടം നേടിക്കൊണ്ടേയിരിക്കും. ആവശ്യത്തിനും, അനാവശ്യത്തിനും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img