01:24am 06 November 2026
NEWS
എല്ലാം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകുമല്ലേ? കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നെന്ന് നടിയുടെ വെളിപ്പെടുത്തൽ
28/01/2025  02:34 PM IST
nila
എല്ലാം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകുമല്ലേ? കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നെന്ന് നടിയുടെ വെളിപ്പെടുത്തൽ

ബാലതാരമായി അരങ്ങേറ്റം കുറിച്ച് ബോളിവുഡിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരമാണ് നടി ഫാത്തിമ സന ഷെയ്ഖ്. കമൽഹാസൻ നായകനായ 'ചാച്ചി 420' എന്ന സിനിമയിലാണ് ​​ബാലതാരമായി ഫാത്തിമ സന ഷെയ്ഖ് ആദ്യം വേഷമിട്ടത്. പിന്നീട് ആമിർ ഖാനൊപ്പം അഭിനയിച്ച 'ദംഗലി'ലൂടെ ഫാത്തിമ ശ്രദ്ധിക്കപ്പെട്ടു. 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ', 'ലുഡോ', 'സാം ബഹദൂർ' തുടങ്ങിയ സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളാണ് താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ, തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ താരം തുറന്നു പറയുകയാണ്. തെന്നിന്ത്യൻ സിനിമയിൽനിന്ന് കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നെന്ന് 'ബോളിവുഡ് ബബ്ബിൾ'ന് നൽകിയ അഭിമുഖത്തിൽ നടി തുറന്നുപറഞ്ഞു.

ഒരു കാസ്റ്റിങ് ഏജന്റാണ് തന്നോട് അഡ്ജസ്റ്റുമെന്റിന് ആവശ്യപ്പെട്ടത് എന്നാണ് താരം വെളിപ്പെടുത്തിയത്. ഇയാളുടെ നിരന്തരമായ ഫോൺകോളുകൾ അസ്വസ്ഥതയുണ്ടാക്കി. എല്ലാം ചെയ്യാൻ നിങ്ങൾ തയ്യാറാകുമല്ലേ എന്നായിരുന്നു അയാൾ ചോദിച്ചിരുന്നത്. കഥാപാത്രത്തിന് ആവശ്യമായത് ചെയ്യുമെന്നായിരുന്നു തന്റെ മറുപടി. പിന്നീട് താൻ ഒന്നും മിണ്ടിയില്ലെന്നും നടി പറഞ്ഞു.

ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് ഹൈദരാബാദിൽവെച്ച് ഒരു നിർമാതാവിൽനിന്നുണ്ടായ അനുഭവവും നടി വെളിപ്പെടുത്തി. 'നിങ്ങൾക്കറിയാമല്ലോ, നിങ്ങൾ ആളുകളെ കാണേണ്ടിവരും' എന്നാണ് നിർമാതാവ് പറഞ്ഞത്. അവർ ഒരിക്കലും കാര്യങ്ങൾ തുറന്നുപറയില്ല. പക്ഷേ, വിചിത്രമായരീതിയിൽ അവതരിപ്പിക്കും. അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. എന്നാൽ, 'നിങ്ങൾ ആളുകളെ കാണണം, അത് ചെയ്യണം, ഇത് ചെയ്യണം' എന്നെല്ലാമാണ് പറയുകയെന്നും ഫാത്തിമ സന ഷെയ്ഖ് വ്യക്തമാക്കി.

മുംബൈയിൽ നവാഗതരായ അഭിനേതാക്കളിൽനിന്ന് കാസ്റ്റിങ് ഡയറക്ടർമാർ കമ്മിഷൻ വാങ്ങുന്നതായും നടി ആരോപിച്ചു. 'റഫറൻസ്' എന്ന പേരുപറഞ്ഞാണ് പുതിയ അഭിനേതാക്കളുടെ വേതനത്തിൽനിന്ന് ഒരുവിഹിതം കാസ്റ്റിങ് ഡയറക്ടർമാർ വാങ്ങുന്നതെന്നായിരുന്നു നടിയുടെ ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img