
കാക്കനാട്: സീറോമലബാർ സഭയുടെ "പൗരസ്ത്യരത്നം 2026" അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും ദീർഘനാൾ സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ മികച്ച സംഭാവനകൾ നൽകുന്ന സഭാംഗങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ഉന്നത പുരസ്കാരമാണിത്. തലശ്ശേരി അതിരൂപതാ അംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രൊഫസറുമായിരുന്ന റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. ആരാധനക്രമ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കമ്മീഷൻ എപ്പിസ്കോപ്പൽ അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസഫ് കൊടക്കല്ലിൽ, സീറോമലബാർ സഭ കൂരിയ ചാൻസലർ ഫാ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ, ആരാധനക്രമ കമ്മീഷൻ സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരടങ്ങുന്ന അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
സഭയുടെ തനതായ ആരാധനക്രമ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലുംകാത്തുസൂക്ഷിക്കുന്നതിലും, ആരാധനക്രമത്തെ സംബന്ധിച്ച് ദൈവജനത്തിനിടയിൽ ആഴമേറിയ അവബോധം വളർത്തുന്നതിലും മാർ തോമസ് ഇലവനാൽ നൽകിയ അമൂല്യമായ സംഭാവനകളെ അവാർഡ് നിർണ്ണയ കമ്മിറ്റി പ്രത്യേകം വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2026 ഓഗസ്റ്റ് മാസത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കാനിരിക്കുന്ന സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ സമാപന സമ്മേളനത്തിൽ വെച്ച് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ തോമസ് ഇലവനാൽ പിതാവിന് പുരസ്കാരം സമ്മാനിക്കും.
Photo Courtesy - Google







