
മകളെ കൊലപ്പെടുത്തിയയാളെ പിതാവ് വെട്ടികൊലപ്പെടുത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് അജിത് കുമാർ കാവ്യയെ നടുറോഡിൽവെച്ച് വെട്ടികൊലപ്പെടുത്തിയത്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നുയ
ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്നു ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നാലുപേരും അമ്മൻപേട്ട പൊലീസിൽ കീഴടങ്ങി. നാലു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലങ്കുടി ഗവ. പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന പി.കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്. മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, ഇരുചക്ര വാഹനത്തിൽ സ്കൂളിലേക്കു പോകവേ, കാവ്യയെ തടഞ്ഞുനിർത്തി വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു.










