07:52pm 24 November 2026
NEWS
"അച്ഛാ, എന്നെ വെടിവെക്കരുത്"; 911 കോളിൽ കേട്ടത് കുഞ്ഞിന്റെ നിലവിളി; ഫ്ലോറിഡയിൽ കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം
24/11/2026  06:55 PM IST
nila

 

ഫ്ലോറിഡ: "അച്ഛാ, ദയവായി എന്നെ വെടിവെക്കരുത്..." അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു വീട്ടിൽനിന്ന് അടിയന്തര സേവന നമ്പറായ 911-ലേക്ക് എത്തിയ ഫോൺകോളിൽ കേട്ടത് ഒരു കുഞ്ഞിന്റെ ഹൃദയഭേദകമായ നിലവിളി. പിന്നാലെ വെടിയൊച്ചകളും. വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചിരുന്നു. ഫ്ലോറിഡയിലെ പ്ലാന്റ് സിറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം.

റാക്വൽ ലൂച്ചെഫെൽഡ് (34), ഭർത്താവ് ഐസക് ലൂച്ചെഫെൽഡ് (34), ഇവരുടെ മക്കളായ എനോക്ക് (5), ഹന്ന (3), ജോബ് (1) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം ഐസക് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് തൊട്ടുമുമ്പ് 911 എമർജൻസി സെന്ററിലേക്ക് എത്തിയ കോളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ചാഡ് ക്രോണിസ്റ്ററാണ് പുറത്തുവിട്ടത്. നവംബർ 19ന് ഉച്ചകഴിഞ്ഞ് 3.29ഓടെ പ്ലാന്റ് സിറ്റിയിലെ സ്പാർക്ക്മാൻ റോഡിലുള്ള വീട്ടിൽനിന്നായിരുന്നു കോൾ എത്തിയത്. ഫോണിന്റെ മറുതലയ്ക്കൽ ആരും സംസാരിച്ചില്ലെങ്കിലും ലൈൻ വിച്ഛേദിക്കപ്പെട്ടിരുന്നില്ല. വീട്ടിൽ നടക്കുന്ന ബഹളങ്ങളും സംസാരവും എമർജൻസി വിഭാഗത്തിലെ ജീവനക്കാർക്ക് കേൾക്കാമായിരുന്നു. അതിനിടെ ഒരു പുരുഷശബ്ദത്തിൽനിന്ന് "സോറി, ബഡ്ഡി" എന്ന വാക്കുകൾ കേട്ടു. പിന്നാലെ വെടിയൊച്ചയും. ഇതിന് പിന്നാലെയാണ് "അച്ഛാ, ദയവായി എന്നെ വെടിവെക്കരുത്" എന്ന് ഒരു കുട്ടി പലതവണ കരഞ്ഞപേക്ഷിച്ചത്. വീണ്ടും വെടിയൊച്ചകൾ ഉയർന്നതോടെ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പൊലീസ് സംഘത്തെ സ്ഥലത്തേക്ക് അയച്ചു. പത്ത് മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തിയെങ്കിലും അഞ്ചുപേരെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്.

മൊബൈൽ മെക്കാനിക്കായി ജോലി ചെയ്തിരുന്നയാളാണ് ഐസക്. കഴിഞ്ഞ ഒരു വർഷമായി കുടുംബം ഈ വീട്ടിലാണ് താമസിച്ചിരുന്നത്. കുടുംബവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികളോ പൊലീസ് ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നാണ് ഷെരീഫ് അറിയിച്ചത്. ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് മുൻപുള്ള ദിവസങ്ങളിൽ കുടുംബത്തിൽ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ആഴ്ച റാക്വലിന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങൾ ഒത്തുചേർന്നിരുന്നു. അന്ന് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ആഴ്ചയുടെ തുടക്കത്തിൽ കുട്ടികളെ മുത്തശ്ശിയെ ഏൽപ്പിച്ച് ഇരുവരും ഒരുമിച്ച് പുറത്തുപോയിരുന്നതായും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.

അഞ്ചുപേരുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും 911-ലേക്ക് വിളിച്ചത് ആരാണെന്നും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. വീട്ടിൽനിന്ന് ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ രേഖകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. കുടുംബത്തിലെ കൂട്ടമരണത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img