
തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. സംഭവത്തിൽ കുട്ടികളുടെ പിതാവ് അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടികൾ പെയിന്റിൽ ഉപയോഗിക്കുന്ന തിന്നർ കുടിച്ചെന്നായിരുന്നു അഫ്‌സൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ അഫ്‌സലിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും സംഭവത്തെക്കുറിച്ച് മൊഴി മാറ്റി പറയുന്നതായും പൊലീസ് പറയുന്നു.
അവശനിലയിലായ കുട്ടികളെ അഫ്‌സൽ തന്നെയാണ് ആശുപത്രികളിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
എന്നാൽ കുട്ടികളുടെ ശരീരത്തിൽ തിന്നർ എത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഇതാണ് സംഭവത്തിൽ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി തുടർ പരിശോധനകളും നടത്തും. കുട്ടികളുടെ മൃതദേഹങ്ങൾ നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










