04:47am 14 August 2026
NEWS
പിതാവ് അമീറിന്റെ വിയോഗം: മാത്തഫിലെ അനുശോചന പുസ്തകത്തിൽ ആദരമർപ്പിച്ച് യുവതലമുറ
21/07/2026  10:05 AM IST
nila
പിതാവ് അമീറിന്റെ വിയോഗം: മാത്തഫിലെ അനുശോചന പുസ്തകത്തിൽ ആദരമർപ്പിച്ച് യുവതലമുറ

​ദോഹ: അന്തരിച്ച പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയോടുള്ള ആദരവും സ്നേഹവും പ്രാർത്ഥനകളും പങ്കുവെച്ച് ഖത്തറിലെ യുവതലമുറ. അറബ് മോഡേൺ ആർട്ട് മ്യൂസിയമായ 'മാത്തഫിൽ' (Mathaf) ഒരുക്കിയിട്ടുള്ള അനുശോചന പുസ്തകത്തിൽ തങ്ങളുടെ മനസ്സിലുള്ള ഓർമ്മകളും പ്രാർത്ഥനകളും കുറിച്ചുകൊണ്ടാണ് ഇവർ രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നത്.
​രാജ്യത്തെ പുതിയ തലമുറയിലേക്ക് പിതാവ് അമീറിന്റെ മഹത്തായ ദർശനങ്ങൾ എത്രത്തോളം ആഴത്തിൽ പകർന്നുനൽകപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചെറുപ്പക്കാരുടെ വാക്കുകൾ.
​"തന്റെ ജനങ്ങൾക്ക് തണലേകിയ ഒരു രക്ഷാകവചവും, അവരുടെ പാതയിൽ വെളിച്ചം വീശിയ നക്ഷത്രവുമായിരുന്നു പിതാവ് അമീർ. ആധുനിക ഖത്തറിന്റെ വികസനത്തിന് ശക്തമായ അടിത്തറയിട്ട ദീർഘദർശിയായ നേതാവായിരുന്നു അദ്ദേഹമെന്ന് 
ജാസിം മുഹമ്മദ് അൽ-സലാഹിപറഞ്ഞു.
തങ്ങളുടെ വികാരങ്ങൾ പങ്കുവെക്കാൻ അവസരമൊരുക്കിയ മാത്തഫിന് ജാസിം നന്ദി അറിയിച്ചു.ഖത്തറിന്റെ വികസന യാത്രയിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച നേതാവാണ് വിടപറഞ്ഞതെന്ന് തുർക്കി ഹസൻ അൽ-മാലികി കുറിച്ചു. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളും ഉദാരമനസ്കതയും ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നും ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
​പിതാവ് അമീറിനായി പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് ഖാലിദ് മുഹമ്മദ് അൽ-സലാഹി തന്റെ സന്ദേശം രേഖപ്പെടുത്തിയത്. പരേതനായ പിതാവ് അമീറിന് അല്ലാഹു സർവ്വ കാരുണ്യവും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കട്ടെ എന്നും, രാജ്യത്തിനും ഭരണനേതൃത്വത്തിനും ജനങ്ങൾക്കും ഈ വേർപാട് താങ്ങാനുള്ള ക്ഷമ നൽകട്ടെയെന്നും അദ്ദേഹം കുറിച്ചു.
​മാത്തഫിൽ സജ്ജീകരിച്ചിട്ടുള്ള ഈ അനുശോചന പുസ്തകം കേവലം ഒരു ഔദ്യോഗിക രേഖ എന്നതിലുപരി, യുവതലമുറയ്ക്ക് തങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്താനും ദേശീയ ഓർമ്മകളുടെ ഭാഗമാകാനുമുള്ള വിശിഷ്ടമായ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img