
പാരിസ്/ദോഹ : ഖത്തർ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗം അന്താരാഷ്ട്ര സമൂഹത്തിന് വലിയൊരു നഷ്ടമാണെന്ന് യുനെസ്കോ (UNESCO) എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനും യുനെസ്കോയിലെ ഖത്തറിന്റെ സ്ഥിരപ്രതിനിധിയുമായ ഡോ. നാസർ ബിൻ ഹമദ് അൽ ഹിൻസാബ് പ്രസ്താവിച്ചു. ആഗോളതലത്തിൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ അവസരങ്ങൾ വ്യാപിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഫ്രാൻസിലെ പാരിസിൽ യുനെസ്കോ ആസ്ഥാനത്ത് നടന്ന ‘ദി ഗ്ലോബൽ കോംപാക്റ്റ് ഫോർ സയൻസസ് - സസ്റ്റൈനബിൾ ഡെവലപ്‌മെന്റ്: കമ്മിറ്റ്‌മെന്റ്‌സ് ഫോർ 2030 ആൻഡ് ബിയോണ്ട്’ എന്ന ഉന്നതതല മന്ത്രിതല ചർച്ചയുടെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുനെസ്കോ ഡയറക്ടർ ജനറൽ ഡോ. ഖാലിദ് അൽ അനാനി ഉൾപ്പെടെ നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഫാദർ അമീറിന്റെ മാനുഷിക പൈതൃകത്തോടും വിദ്യാഭ്യാസം, വികസനം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളോടുമുള്ള ആദരസൂചകമായി സമ്മേളനത്തിൽ പങ്കെടുത്തവർ ഒരു മിനിറ്റ് മൗനം ആചരിച്ചു.
"മനുഷ്യന്റെ അന്തസ്സ്, സുസ്ഥിര വികസനം, ശാശ്വത സമാധാനം എന്നിവയുടെ അടിസ്ഥാന ശില വിദ്യാഭ്യാസം ആണെന്ന് ഫാദർ അമീർ ദൃഢമായി വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം, അന്താരാഷ്ട്ര സഹകരണം എന്നിവയെ വ്യക്തികളെ ശാക്തീകരിക്കുന്നതിനും കൂടുതൽ ഉൾക്കൊള്ളുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രധാന ആയുധങ്ങളായാണ് അദ്ദേഹം കണ്ടതെന്ന്
ഡോ. നാസർ ബിൻ ഹമദ് അൽ ഹിൻസാബ്പറഞ്ഞു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും ശാസ്ത്ര പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യവിഭവശേഷിയിൽ നിക്ഷേപം നടത്തുന്നതിനും അന്തരിച്ച ഫാദർ അമീർ നൽകിയ പിന്തുണ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണെന്ന് ഡോ. അൽ ഹിൻസാബ് കൂട്ടിച്ചേർത്തു. ചിന്താപരമായ ബഹുസ്വരതയിലും സ്വതന്ത്ര മാധ്യമങ്ങളുടെ പങ്കിലുമുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണം സമാധാനം ഉറപ്പാക്കുന്നതിൽ നിർണായകമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.











