
ദോഹ: അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഭാരത സർക്കാർ, ഖത്തറിലെ ഇന്ത്യൻ എംബസി, പ്രവാസി സമൂഹം എന്നിവർക്ക് വേണ്ടി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, രാജകുടുംബം, ഖത്തർ ജനത എന്നിവരുടെ വലിയ നഷ്ടത്തിൽ പ്രവാസി ഭാരതീയരും പങ്കുചേരുന്നതായി അംബാസഡർ വ്യക്തമാക്കി.
ഊർജമേഖലയിലും അടിസ്ഥാന സൗകര്യവികസനത്തിലും ആഗോളതലത്തിൽ ഖത്തറിനെ മുൻനിരയിലെത്തിച്ച ദീർഘദർശിയായ നേതാവായിരുന്നു ഫാദർ അമീർ. വിദ്യാഭ്യാസം, സംസ്‌കാരം, കായികം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നടപ്പിലാക്കിയ പുരോഗമനപരമായ നയങ്ങളാണ് ഖത്തറിനെ അന്താരാഷ്ട്ര നയതന്ത്രരംഗത്തെ ശക്തമായ സാന്നിധ്യമാക്കി മാറ്റിയത്.ഇന്ത്യയുമായി ഏറെ ഊഷ്മളമായ ബന്ധം പുലർത്തിയ നേതാവായിരുന്നു ഫാദർ അമീർ. അമീർ പദവിയിലിരിക്കെ 1999, 2005, 2012 വർഷങ്ങളിൽ അദ്ദേഹം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുണ്ട്. ഒട്ടനവധി വ്യക്തിഗത സന്ദർശനങ്ങൾക്കും അദ്ദേഹം ഇന്ത്യയിലെത്തി.
2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ച വേളയിൽ ഫാദർ അമീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു വലിയ പദവിയായി കരുതുന്നുവെന്ന് അംബാസഡർ വിപുൽ ഓർമ്മിച്ചു. ഖത്തറിലെ പ്രവാസികളുടെ ക്ഷേമത്തിനായി എപ്പോഴും നിലകൊണ്ട കാരുണ്യവാനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.ഫാദർ അമീറിന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ സമൃദ്ധിയിലേക്ക് നയിച്ച ദീർഘദർശിയായ ഭരണാധികാരിയെയും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. പരേതനായ നേതാവിനോടുള്ള ആദരസൂചകമായി ഇന്ത്യയിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു











