
കൊച്ചി : കർഷകരുടെ ക്ഷേമത്തിനും ആനുകൂല്യ വിതരണത്തിനും യുവതലമുറയെ കാർഷികവൃദ്ധിയിലേക്ക് ആകർഷിപ്പിക്കുന്നതിനും വേണ്ടി 2020 ഒക്ടോബർ 14 ന് സർക്കാർ രൂപംകൊടുത്ത കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ സജീവമാക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്തെ 20 ലക്ഷത്തോളം കർഷകരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട ബോർഡിൽ ഇതിനോടകം 30,000 ൽ താഴെ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ക്ഷേമബോർഡ് പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ അംഗങ്ങളായിട്ടുള്ളവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയുമാണെന്ന് നേതാക്കൾ പറഞ്ഞു. 29 ന് രാവിലെ പത്തിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്നും മാർച്ച് ആരംഭിക്കും. കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി മാർച്ച് ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ , പ്രസിഡന്റ് കെ വി വസന്തകുമാർ എന്നിവർ പങ്കെടുത്തു.










