05:59pm 17 August 2026
NEWS
കർഷകർ നാടിന്റെ നട്ടെല്ല്; പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി


17/08/2026  02:56 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കർഷകർ നാടിന്റെ നട്ടെല്ല്; പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി
HIGHLIGHTS

സംസ്ഥാന തല കർഷക ദിനാഘോഷം കളമശ്ശേരിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

 

ഭൂനിയമങ്ങളിൽ ഭേദഗതികൾ വരുത്തും 

സംസ്ഥാനതല കർഷകദിനാഘോഷം ഉദ്ഘാടനം ചെയതു 


കർഷകർ ഈ നാടിന്റെ നട്ടെല്ലാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള  പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കളമശ്ശേരിയിൽ സംസ്ഥാനതല  കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന് അന്നം തരുന്ന കർഷകരോടുള്ള ആദരവും കാർഷിക വൃത്തിയോടുള്ള ബഹുമാനവുമാണ് കർഷകദിന ആഘോഷങ്ങളിലൂടെ നാട് പ്രകടിപ്പിക്കുന്നത്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ആകാശവും നിഴലും നോക്കി കൃത്യമായി കാലാവസ്ഥ പ്രവചിച്ചിരുന്ന രീതി മാറി, ഇന്ന് കാർഷിക കലണ്ടർ തന്നെ താളംതെറ്റിയ അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധികളുടെ ആദ്യ ഇരകൾ പാവപ്പെട്ട കർഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കാർഷികവൃത്തി തിരിച്ചുകൊണ്ടുവരാൻ ശക്തമായ പിന്തുണയാണ് സർക്കാർ ഉറപ്പുനൽകുന്നത്. അധികാരത്തിലേറി രണ്ടു മാസത്തിനുള്ളിൽ തന്നെ നെൽകർഷകർക്കുള്ള അധ്വാനഫലം ലഭ്യമാക്കാൻ നടപടിയെടുത്തു. റബ്ബറിന്റെ വില 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തിയത് ഉടൻ തന്നെ 300 രൂപയാക്കും. പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും ഉണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള പിന്തുണയും സംഭരണ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കും.
​കർഷകരെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടും. കൃഷിനാശവും വന്യജീവി ഭീഷണിയും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പ്രാചീന രീതികളും കോർത്തിണക്കും.  കൂടാതെ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ വാല്യൂ അഡിഷൻ (മൂല്യവർദ്ധന) നടത്തി ഉൽപ്പന്നങ്ങൾ 'കേരള ബ്രാൻഡ്' എന്ന പേരിൽ വിപണിയിലിറക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിലും വേഗത്തിലും ഇവ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.

​സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി 'രണ്ടാം ഭൂപരിഷ്കരണത്തിന്' സർക്കാർ തുടക്കമിടും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാനും അവിടെ കാർഷിക വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത രീതിയിൽ ടൂറിസം, മൾട്ടി-ക്രോപ്പിംഗ് (അവക്കാഡോ, റംബുട്ടാൻ തുടങ്ങിയവ) എന്നിവ പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ടാകും. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ വേഗത്തിൽ പഠിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്ന കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖിനെയും അദ്ദേഹത്തിന്റെ ടീമിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ പാരമ്പര്യ വിത്ത് സംരക്ഷകൻ ചെറുവയൽ രാമന് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള പ്രഥമ അവാർഡും മറ്റ് കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

 

അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായ മിൻഹാജ് ആലം സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി
അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മത്സ്യ ബന്ധന, സാമൂഹിക നീതി വകുപ്പ് മന്ത്രി
വി.ഇ. അബ്ദുൾ ഗഫൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ,  എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. ജെബി മേത്തർ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, എംൽഎമാരായ അൻവർ സാദത്ത്,  ടി.ജെ. വിനോദ്, ഉമ തോമസ്, മാത്യു കുഴൽനാടൻ, മനോജ് മുത്തേടൻ, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മേയർ അഡ്വ. മിനിമോൾ വി.കെ., എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്‌ണൻ, സ്പെഷ്യൽ സെക്രട്ടറി ടി.വി സുഭാഷ്  ജില്ലാ കളക്ടർ, ജി. പ്രിയങ്ക, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, ഡയറക്ടർ സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ സാജു കെ. സുരേന്ദ്രൻ, കൊച്ചി സർവകലാശാല വൈസ് ചാൻസലർ  പ്രൊഫ. എം. ജുനൈദ് ബുഷ്‌റി,
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ബോർഡ് മെമ്പർ  റ്റി.എ. നവാസ്, 
കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img