07:19am 13 November 2026
NEWS

എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

08/09/2025  08:46 PM IST
nila
 എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരും വളർത്തുനായയും മരിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സച്ചിൻ കപൂർ (49), ഭാര്യ റിങ്കു കപൂർ (48), മകൾ സുജൻ കപൂർ (13) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ആര്യൻ കപൂർ (24) ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ​ഗുരുതരമായി പരിക്കേറ്റ ആര്യൻ ചികിത്സയിലാണ്.

ഫരീദാബാദിൽ ഗ്രീൻ ഫീൽഡ് കോളനിയിലെ നാലുനിലക്കെട്ടിടത്തിലെ രണ്ടാമത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സച്ചിന്റെ കുടുംബം. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് കംപ്രസർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളിൽ പുക നിറഞ്ഞതോടെ ഉണർന്ന സച്ചിനും ഭാര്യയും മകളും വളർത്തുനായയ്ക്കൊപ്പം ടെറസിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ടെറസിലേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ കുടുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് പുക ശ്വസിച്ച് ഇവർ കുഴഞ്ഞുവീണു. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ആര്യൻ ജനാലയിലൂടെ പുറത്തേക്ക് ചാടി. ആര്യന്റെ കാലുകൾ ഒടിഞ്ഞിട്ടുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും എത്തി തീയണച്ച് മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img