
ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കാനാവാതെ യുവ ബിസിനസുകാരൻ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 28-കാരനായ രാഹുലാണ് താൻ നേരിട്ട മാനസിക-ശാരീരിക പീഡനങ്ങൾ വിവരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ തൂങ്ങിമരിച്ചത്.
രണ്ട് വർഷം മുൻപാണ് രാഹുൽ ജ്യോതി എന്ന പ്രീതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യ തന്നെ സ്വന്തം കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചിരുന്നുവെന്നും പിന്നീട് ഭാര്യയുടെ നിർബന്ധത്തെ തുടർന്ന് ഭാര്യവീട്ടിൽ തന്നെ താമസം ആരംഭിക്കേണ്ടിവന്നതായും വീഡിയോയിൽ അദ്ദേഹം പറയുന്നു. ഭാര്യവീടിന് സമീപം ആരംഭിച്ച തുണിക്കടയിലൂടെയായിരുന്നു രാഹുൽ ഉപജീവനം നടത്തിയിരുന്നത്.
ഭാര്യവീട്ടിൽ തനിക്ക് ഒരു അടിമയെപ്പോലെയായിരുന്നു പരിഗണനയെന്നും വീട്ടുജോലികൾ നിർബന്ധിച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും രാഹുൽ ആരോപിച്ചു. വീട് വൃത്തിയാക്കുന്നതുൾപ്പെടെയുള്ള ജോലികൾ തന്റെ മേൽ അടിച്ചേൽപ്പിച്ചിരുന്നുവെന്നും ചെറിയ കാര്യങ്ങൾക്കുപോലും ഭാര്യയും കുടുംബാംഗങ്ങളും മർദിച്ചിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.
ഭാര്യ പ്രീതിക്കു പുറമെ ഭാര്യയുടെ സഹോദരി നീതു, മാതാവ് വീണ, പിതാവ് ബിട്ടു എന്നിവരും തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തന്റെ മരണശേഷം കുടുംബസ്വത്ത് അമ്മയ്ക്കും സഹോദരങ്ങൾക്കും കൈമാറണമെന്നും വീഡിയോയിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
സ്വന്തം തുണിക്കടയിൽ വച്ചാണ് രാഹുൽ വീഡിയോ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ കണ്ട സഹോദരൻ ഉടൻ കടയിലെത്തിയെങ്കിലും ഷട്ടർ കുത്തിത്തുറന്ന് അകത്ത് പ്രവേശിക്കുമ്പോഴേക്കും രാഹുൽ തൂങ്ങിമരിച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയിലെ ആരോപണങ്ങളുടെ സത്യാവസ്ഥ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.










