
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യാണ്. അജിത്തിന്റെ 63-ാമത്തെ ചിത്രമായി റിലീസായ ഈ ചിത്രം ആദിക് രവിചന്ദ്രൻ ആണ് സംവിധാനം ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിൽ 10ന് റിലീസായ ഈ സിനിമ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പ്രോജക്ടിന് ശേഷം, അജിത്തിന്റെ 64-ാമത്തെ ചിത്രവും ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്യുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ 'ഗുഡ് ബാഡ് അഗ്ലി' റിലീസായി ഒരു വർഷം തികയുന്ന സാഹചര്യത്തിലും ഈ പദ്ധതിയെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അജിത്ത് തുടർന്ന് ദുബായിൽ മോട്ടോർ റേസിംഗ് പരിപാടികളിൽ പങ്കെടുക്കുന്നതിനാലാണ് ചിത്രം വൈകുന്നത് എന്നാണ് പറയപ്പെടുന്നത്. തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നടനായ വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ, തമിഴ് സിനിമയിൽ ബോക്സ് ഓഫീസിൽ കാര്യമായ കോളിളക്കം സൃഷ്ടിക്കാൻ കഴിവുള്ള നടനായ അജിത്ത് ഉടനെ തന്നെ തന്റെ അടുത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നാണ് താരത്തിന്റെ ആരാധകരും, സിനിമാ ലോകത്തിലുള്ള മറ്റുള്ളവരും പ്രതീക്ഷിക്കുന്നത്. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്നുള്ള ശൂന്യത നികത്താൻ അജിത്തിനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് അജിത്തിന്റെ ആരാധകരുടെ അഭിപ്രായവും! ഇതിനിടെ അജിത്തിനെ നായകനാക്കി നാല് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള 'സിരുത്തൈ' ശിവയും അജിത്തിനെ ഈയിടെ നേരിൽ കണ്ട് ഒരു പ്രൊജക്റ്റ് കുറിച്ച് സംസാരിച്ചുവെന്നുള്ള റിപ്പോർട്ടുകളും കോളിവുഡിൽ പുറത്തുവന്നിട്ടുണ്ട്.
Photo Courtesy - Google










