
ലക്നൗ: പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വെടിയേറ്റ് മരിച്ചു. കൊട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിമ്മിന് പുറത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മോട്ടോർസൈക്കിളുകളിലെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ജിമ്മിൽ വ്യായാമം പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് അങ്കിതിനു നേരെ ആക്രമണമുണ്ടായത്. ഒന്നിനുപുറകെ ഒന്നായി വെടിയുതിർത്ത അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ അങ്കിത് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അങ്കിതിന് നേരെ 18 റൗണ്ടിലേറെ വെടിയുതിർത്തതായാണ് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്സിൽ കുറിച്ചത്. കൊലപാതകത്തിൽ അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൊല്ലപ്പെട്ട മകന്റെ മൃതദേഹം മടിയിൽവച്ച് അമ്മ റോഡിലിരുന്ന് വിലപിക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്നും യാദവ് പ്രതികരിച്ചു. സംഭവത്തിൽ ജാട്ട് സമുദായത്തിനിടയിൽ കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അങ്കിത് മത്സരിക്കാൻ പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നും അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന്റെ കൃത്യമായ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
യൂട്യൂബിൽ 3.66 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള അങ്കിത് ബല്യാൻ ജനപ്രിയ ഹരിയാൻവി കലാകാരനായിരുന്നു. തോക്കുകളും വലിയ എസ്യുവി വാഹനങ്ങളും ഉൾപ്പെടുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ നിരവധി മ്യൂസിക് വിഡിയോകളിൽ ശ്രദ്ധേയമായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അക്രമികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചതായി പൊലീസ് അറിയിച്ചു.










