04:51am 06 November 2026
NEWS

ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ അന്തരിച്ചു

31/01/2025  09:40 AM IST
nila
 ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ അന്തരിച്ചു

ലണ്ടൻ: ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ (78) അന്തരിച്ചുവെന്ന് അവരുടെ വക്താവ് അറിയിച്ചു. 1964-ൽ യുകെയിലെ ആദ്യ 10-ൽ എത്തിയ ആസ് ടിയേഴ്‌സ് ഗോ ബൈ പോലെയുള്ള ഹിറ്റ് ​ഗാനങ്ങൾക്കും 1968-ലെ  ദ ഗേൾ ഓൺ എ മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള സിനിമകളിലെ അഭിനയത്തിനും പ്രശസ്തയായിരുന്നു.

1960 കളിൽ റോളിംഗ് സ്റ്റോൺസിൻ്റെ മുൻനിരക്കാരനായ മിക്ക് ജാഗറിൻ്റെ കാമുകി കൂടിയായിരുന്നു അവർ. വൈൽഡ് ഹോഴ്‌സ്, യു കാൻറ്റ് ഓൾവയ്‌സ് ഗെറ്റ് വാട്ട് യു വാണ്ട് പോലെയുള്ള പ്രചോദനാത്മക ഗാനങ്ങൾക്ക് ശ​ബ്ദം നൽകിയത് മരിയാൻ ആയിരുന്നു. 70-കളിലെ ഹെറോയിൻ ആസക്തിക്ക് ശേഷം, ബ്രോക്കൺ ഇംഗ്ലീഷ് എന്ന ക്ലാസിക് ആൽബത്തിലൂടെ താരം തിരിച്ചുവരവ് നടത്തി ഏവരെയും അമ്പരപ്പിച്ചിരുന്നു. 

ബുലിമിയ, സ്താനാർബുദം, എംഫിസിമ തുടങ്ങി വിവിധരോഗങ്ങൾ മാരിയാനെ അലട്ടിയിരുന്നു. 2020-ൽ കോവിഡ് ബാധയെ തുടർന്ന് 22 ദിവസത്തോളം ആശുപത്രിയിലും കഴിയേണ്ടിവന്നു. അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും രോഗമുക്തി നേടി ഒരുകൊല്ലത്തിനു ശേഷം 2021-ൽ തന്റെ 21-ാം ആൽബം ആസ് ഷി വാൽക്‌സ് ഇൻ ബ്യൂട്ടി മാരിയാൻ പുറത്തിറക്കി.

സംഗീതത്തിനൊപ്പം തന്നെ അഭിനയത്തെയും മാരിയാൻ ചേർത്തുപിടിച്ചിരുന്നു. അബ്‌സല്യൂട്ട്‌ലി ഫാബുലസ് എന്ന സിറ്റ്‌കോമിന്റെ രണ്ട് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ട മാരിയാൻ, ദ ബ്ലാക്ക് റൈഡറിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 2009-ൽ വിമൻസ് വേൾഡ് അവാർഡ്‌സിൽ വേൾഡ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് മാരിയാൻ അർഹയായി. മൂന്നുവട്ടം വിവാഹിതയാവുകയും (ജോൺ ഡൻബർ-1965, ബെൻ ബ്രയർലി-1979, ജോർജിയോ ഡെല്ല ടെർസ-1988) വിവാഹമോചിതയാവുകയും ചെയ്തിട്ടുണ്ട്. നിക്കോളാസ് ഡൻബർ ഏകമകനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img