ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ അന്തരിച്ചു

ലണ്ടൻ: ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ (78) അന്തരിച്ചുവെന്ന് അവരുടെ വക്താവ് അറിയിച്ചു. 1964-ൽ യുകെയിലെ ആദ്യ 10-ൽ എത്തിയ ആസ് ടിയേഴ്സ് ഗോ ബൈ പോലെയുള്ള ഹിറ്റ് ഗാനങ്ങൾക്കും 1968-ലെ ദ ഗേൾ ഓൺ എ മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള സിനിമകളിലെ അഭിനയത്തിനും പ്രശസ്തയായിരുന്നു.
1960 കളിൽ റോളിംഗ് സ്റ്റോൺസിൻ്റെ മുൻനിരക്കാരനായ മിക്ക് ജാഗറിൻ്റെ കാമുകി കൂടിയായിരുന്നു അവർ. വൈൽഡ് ഹോഴ്സ്, യു കാൻറ്റ് ഓൾവയ്സ് ഗെറ്റ് വാട്ട് യു വാണ്ട് പോലെയുള്ള പ്രചോദനാത്മക ഗാനങ്ങൾക്ക് ശബ്ദം നൽകിയത് മരിയാൻ ആയിരുന്നു. 70-കളിലെ ഹെറോയിൻ ആസക്തിക്ക് ശേഷം, ബ്രോക്കൺ ഇംഗ്ലീഷ് എന്ന ക്ലാസിക് ആൽബത്തിലൂടെ താരം തിരിച്ചുവരവ് നടത്തി ഏവരെയും അമ്പരപ്പിച്ചിരുന്നു.
ബുലിമിയ, സ്താനാർബുദം, എംഫിസിമ തുടങ്ങി വിവിധരോഗങ്ങൾ മാരിയാനെ അലട്ടിയിരുന്നു. 2020-ൽ കോവിഡ് ബാധയെ തുടർന്ന് 22 ദിവസത്തോളം ആശുപത്രിയിലും കഴിയേണ്ടിവന്നു. അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും രോഗമുക്തി നേടി ഒരുകൊല്ലത്തിനു ശേഷം 2021-ൽ തന്റെ 21-ാം ആൽബം ആസ് ഷി വാൽക്സ് ഇൻ ബ്യൂട്ടി മാരിയാൻ പുറത്തിറക്കി.
സംഗീതത്തിനൊപ്പം തന്നെ അഭിനയത്തെയും മാരിയാൻ ചേർത്തുപിടിച്ചിരുന്നു. അബ്സല്യൂട്ട്ലി ഫാബുലസ് എന്ന സിറ്റ്കോമിന്റെ രണ്ട് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ട മാരിയാൻ, ദ ബ്ലാക്ക് റൈഡറിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 2009-ൽ വിമൻസ് വേൾഡ് അവാർഡ്സിൽ വേൾഡ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് മാരിയാൻ അർഹയായി. മൂന്നുവട്ടം വിവാഹിതയാവുകയും (ജോൺ ഡൻബർ-1965, ബെൻ ബ്രയർലി-1979, ജോർജിയോ ഡെല്ല ടെർസ-1988) വിവാഹമോചിതയാവുകയും ചെയ്തിട്ടുണ്ട്. നിക്കോളാസ് ഡൻബർ ഏകമകനാണ്.











