
മുംബൈ: കുന്നിൻമുകളിൽനിന്ന് താഴേക്ക് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 18കാരനായ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് പിതാവും തുടർന്ന് അമ്മയും അപകടത്തിൽപ്പെട്ടത്. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിലാണ് ദാരുണ സംഭവം.
ദേവ്ലായ് സ്വദേശിയായ 18കാരൻ രാവിലെ കുന്നിൻമുകളിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാതാപിതാക്കളും പ്രദേശവാസികളും പൊലീസും ചേർന്ന് ഏകദേശം മൂന്ന് മണിക്കൂറോളം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ യുവാവ് കുന്നിൻമുകളിൽനിന്ന് പിന്മാറാൻ തയാറായില്ല.
മകൻ താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി തുടരുന്നതിനിടെ പിതാവ് നേരിട്ട് സമീപിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പിതാവ് അടുത്തേക്ക് എത്തിയപ്പോൾ യുവാവ് പിന്നിലേക്ക് നീങ്ങി. ഇതിനിടെ മകനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇരുവർക്കും നിയന്ത്രണം നഷ്ടപ്പെടുകയും കുന്നിൻതാഴേക്ക് വീഴുകയുമായിരുന്നു.
സംഭവം കണ്ട് പരിഭ്രാന്തയായ അമ്മയും പിന്നാലെ താഴേക്ക് വീണു. മൂന്നുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.
പൊലീസും സ്ഥലത്തെത്തി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. മാതാപിതാക്കളും പ്രദേശവാസികളും നിരന്തരം യുവാവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നതായി ദൃക്സാക്ഷിയായ സഞ്ജയ് ജാദവ് പറഞ്ഞു.
യുവാവിന്റെ അമ്മ ചാടരുതെന്ന് അപേക്ഷിച്ച് ഏറെ നേരം യാചിച്ചിരുന്നുവെന്നും സഞ്ജയ് ജാദവ് പറഞ്ഞു. രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.










