ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കാക്കൂർ: താമരശ്ശേരി കൈതപ്പൊയിലിലെ അപാർട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ഈന്താട് മുണ്ടപ്പുറത്തുമ്മൽ സ്വദേശിനിയായ ഹസ്ന (34)യുടെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി.
മക്കളോടും കുടുംബത്തോടും ചേർന്ന് നല്ല ജീവിതം നയിച്ചിരുന്ന ഹസ്ന ചതിയിൽ പെട്ടതാണെന്ന് ബന്ധുക്കൾ പറയുന്നു. ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് വീട്ടിലേക്കു മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതിന് മുൻപ് തന്നെ ഹസ്ന മരണപ്പെട്ടതായാണ് കുടുംബത്തിന്റെ വാദം. മൂന്ന് കുട്ടികളെ ഉമ്മയില്ലാത്തവരാക്കിയ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും അവർ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ പങ്കാളിയായ യുവാവിനൊപ്പം ഹൈസൺ അപാർട്മെന്റിൽ താമസിച്ചുവരികയായിരുന്നു ഹസ്ന. കഴിഞ്ഞ ദിവസം രാവിലെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂണിൽ ഭർത്താവിനെയും മക്കളെയും വിട്ട് യുവാവിനൊപ്പം പോയ ഹസ്നയെ തുടർന്ന് പൊലീസ് കണ്ടെത്തി വീട്ടിലേക്കു തിരിച്ചെത്തിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, അടുത്ത ദിവസം തന്നെ അവർ വീണ്ടും വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് യുവാവിനൊപ്പം കഴിയുന്ന വിവരം അറിഞ്ഞതോടെ കുടുംബം ഇടപെടലുകളിൽ നിന്ന് പിന്മാറിയെങ്കിലും ഹസ്ന ഇടയ്ക്കിടെ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും മാതാവിനോടും മൂത്ത മകനോടും സംസാരിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ഭർതൃവീട്ടിലായിരിക്കെ ഫാഷൻ ഡിസൈനിങ് പഠനത്തിനിടെയാണ് ഹസ്നയും യുവാവുമായി പരിചയമുണ്ടായതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. വീട്ടിലേക്കു തിരിച്ചുവരുമെന്ന് പറഞ്ഞതിന്റെ അടുത്ത ദിവസം തന്നെ മരിച്ച നിലയിൽ കണ്ടെത്തിയത് സംശയങ്ങൾ ശക്തമാക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
ചില ദുരൂഹ ഇടപാടുകളിൽ ഹസ്നയെ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം, സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു.











