
മട്ടാഞ്ചേരി: നൂറു വര്‍ഷത്തിലേറെയായി തലമുറകളായി താമസിക്കുന്ന വീട്ടില്‍ നിന്നും തങ്ങളെ കുടിയൊഴിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഗാന്ധിയന്‍ സത്യാഗ്രഹവുമായി കുടുംബവും സാമൂഹ്യ- സാംസ്‌ക്കാരിക- രാഷ്ട്രീയ രംഗത്തുള്ളവരും. മട്ടാഞ്ചേരി പാലസ് റോഡിലെ നവനീത് കൃഷ്ണ കോമ്പൗണ്ടില്‍ താമസിക്കുന്ന പൂജാറ കുടുംബാംമായ ജാസ്മിന്‍ ദീപക് പൂജാറയും ഭര്‍ത്താവ് ദീപക് പൂജാറയും മകള്‍ ജോളി, മകന്‍ ജിം തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് ഗാന്ധിയന്‍ സത്യാഗ്രഹം നടത്തുന്നത്. ഒക്ടോബര്‍ 25, 26, 27 തിയ്യതികളില്‍ വൈകിട്ട് ആറു മണിക്ക് നവനീത് കൃഷ്ണ മന്ദിര്‍ കവാടത്തില്‍ സത്യാഗ്രഹം നടത്തും.
കൊച്ചിന്‍ വൈഷ്ണവ് മഹാജന്‍ മാനേജ്‌മെന്റിന് കീഴിലുള്ളതാണ് നവനീത് കോമ്പൗണ്ട്. കൊച്ചിന്‍ വൈഷ്ണവ് മഹാജന്‍ കോടതി വിധി സമ്പാദിച്ച് ഒഴിപ്പിക്കല്‍ നടപടിയുമായി മുമ്പോട്ടു പോവുകയാണെന്ന് കുടുംബം ആരോപിക്കുന്നു. ഒക്ടോബര്‍ 25ന് വീട് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ ദിവസം തന്നെ മുന്‍സിഫ് കോടതിയില്‍ വാദവുമുണ്ട്.
ദൈവത്തിന്റെ പേരിലാണ് മാനുഷികമല്ലാത്ത പ്രവര്‍ത്തി നടത്തുന്നതെന്നും ക്ഷേത്ര വാതില്‍ തങ്ങള്‍ക്കു മുമ്പില്‍ കൊട്ടിയടച്ചിരിക്കുകയാണെന്നും ജാസ്മിന്‍ ദീപക് പൂജാറ ആരോപിക്കുന്നു. കൊച്ചിന്‍ വൈഷ്ണവ് മഹാജന്‍ മാനേജ്‌മെന്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് രണ്ട് വീടുകളും മറ്റു കുടുംബങ്ങള്‍ക്ക് 22 താമസക്കാരുള്ള നവനീത് കൃഷ്ണ ക്ഷേത്ര ഗുജറാത്തി കോമ്പൗണ്ടില്‍ മൂന്ന് വീടുകളുമുണ്ടെന്നും ജാസ്മിന്‍ പൂജാറ പറയുന്നു.










