03:04pm 11 May 2026
NEWS
ലഹരിമൂത്താൽ മാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കും; യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി കുടുംബം
11/05/2026  10:20 AM IST
nila
ലഹരിമൂത്താൽ മാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കും; യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി കുടുംബം

ലഖ്നൗ: ലഹരിക്ക് അടിമയായ യുവാവിനെ കുടുംബാംഗങ്ങൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ നസീർപൂർ ഗ്രാമത്തിലാണ് സംഭവം. 32കാരനായ ദുഷ്യന്ത് കുമാറാണ് കൊല്ലപ്പെട്ടത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാൾ മാതാപിതാക്കളെ നിരന്തരം മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ദുഷ്യന്തിന്റെ പെരുമാറ്റത്തിൽ മനംനൊന്ത കുടുംബം ഒടുവിൽ കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ദുഷ്യന്തിന്റെ പിതാവ് പീതം സിംഗ്, മാതാവ് മായാദേവി, സഹോദരൻ സങ്കിത് എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പദ്ധതി നടപ്പാക്കാൻ ജോഗേന്ദ്ര എന്ന പ്രാദേശിക കുറ്റവാളിക്ക് അഞ്ച് ലക്ഷം രൂപ ക്വട്ടേഷനായി നൽകാനും തീരുമാനിച്ചു. ഇതിനായി തുക കണ്ടെത്താൻ മായാദേവി തന്റെ സ്വർണാഭരണങ്ങൾ 55,000 രൂപയ്ക്ക് വിറ്റതായും അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സങ്കിതും ജോഗേന്ദ്രയും സംഘത്തിലെ മറ്റുള്ളവരും ചേർന്ന് ദുഷ്യന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയിലെ വരണ്ട കനാലിൽ ഉപേക്ഷിച്ചു. ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയ പൊലീസ് മരണത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് സഹോദരൻ സങ്കിതിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കുടുംബത്തിന്റെ പങ്ക് പുറത്തറിഞ്ഞത്.

സംഭവത്തിൽ പിതാവ് പീതം സിംഗിനെയും സഹോദരൻ സങ്കിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാതാവ് മായാദേവിയും മുഖ്യപ്രതി ജോഗേന്ദ്രയും ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 103(1) വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img