
അധികാരത്തിൽ നിന്ന് നിഷ്ക്കാസനം ചെയ്യപ്പെടുമ്പോൾ കുടുംബാധിഷ്ഠിത സംരംഭങ്ങളായ പ്രാദേശികപാർട്ടികൾ തൊഴുത്തിൽകുത്തും തമ്മിലടിയും മൂലം തകർന്നടിയുന്ന അനുഭവമാണ് നമ്മുടെ രാജ്യത്തുള്ളത്. തെലങ്കാനയിലെ ബിആർഎസ്സിൽ സംഭവിക്കുന്നത് അതുതന്നെയാണ്. സംസ്ഥാനത്ത് സർവ്വാധികാരിയായിരുന്നു മുഖ്യമന്ത്രിയായിരുന്ന ബി ആർഎസ്സ് അധ്യക്ഷൻ കെ സി ആർ എന്ന കെ. ചന്ദ്രശേഖര റാവു. മകൻ കെടിആറിനെ സംസ്ഥാനത്ത് തന്റെ പിൻഗാമിയും മകൾ കവിതയെ പാർട്ടിയുടെ ദേശീയ മുഖവുമാക്കാനാണ് കെ സി ആർ ആഗ്രഹിച്ചത്. അതിന്റെ മുന്നോടിയായാണ് പാർട്ടിയുടെ ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) എന്ന പേര് ബിആർഎസ് ( ഭാരത് രാഷ്ട്ര സമിതി) എന്നാക്കിയതും ഡൽഹിയിൽ വൻ ആസ്ഥാനം ഉത്ഘാടനം ചെയ്തതും. പക്ഷെ കെ സി ആറിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. 2023ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അധികാരം നഷ്ടമായി. സ്വാധീനം 28 സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസാണ് അധികാരത്തിലേറിയത്. ബിജെപിയും സ്വാധീനം വർധിപ്പിച്ചു. കഴിഞ്ഞ വർഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബി ആർഎസ്സിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. കോൺഗ്രസ്സും ബിജെപിയും എട്ടു സീറ്റ് വീതം പിടിച്ചു. ഹൈദരാബാദ് സീറ്റ് എഐഎം ഐഎമ്മിന്റെ ഉവൈസി നിലനിർത്തുകയും ചെയ്തു. കെസിആറിന്റ ഭരണകാലത്തെ ക്രമക്കേടുകളെ കുറിച്ച് കോൺഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞവർഷം മാർച്ചിൽ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ കവിതയ്ക്ക് അഞ്ചുമാസം ജയിലിൽ കിടക്കേണ്ടിവന്നു. അതിന് മുമ്പുതന്നെ പാർട്ടിയിൽ പൊട്ടിത്തെറി തുടങ്ങിയിരുന്നു. ജയിലിലായിരുന്നപ്പോൾ ബിആർഎസ്സിനെ ബിജെപിയുടെ തൊഴുത്തിൽ കെട്ടണമെന്ന നിർദ്ദേശം ചില പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് ലഭിച്ചിരുന്നെന്നും താനത് തള്ളിക്കളഞ്ഞെന്നും കഴിഞ്ഞദിവസം കവിത വെളിപ്പെടുത്തി. പാർട്ടിയെ നിയന്ത്രിക്കുന്ന സഹോദരൻ കെ ടി ആറും കവിതയും തമ്മിൽ സ്വരച്ചേർച്ച ഇല്ലാതായിട്ട് മാസങ്ങളായി. പാർട്ടിയിൽ നേതൃത്വസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കവിത പിതാവിനെഴുതിയ സ്വകാര്യ കത്ത് ഈയ്യിടെ പുറത്തായിരുന്നു. അതിന്റെ പിന്നിൽ സഹോദരനാണെന്ന് കവിത ആരോപിക്കുന്നു. ബിആർഎസ്സിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ശ്രമമാണ് സഹോദരൻ നടത്തുന്നതെന്ന് കവിത ആരോപിക്കുന്നു. പിതാവിന്റെ നേതൃത്വം മാത്രമെ താൻ അംഗീകരിക്കൂ എന്നാണ് കവിതയുടെ നിലപാട്. കോൺഗ്രസ്സ് ഗവണ്മെന്റ് പിതാവിനെതിരെ നീങ്ങുമ്പോൾ അതിന് തടയിടാൻ സഹോദരൻ പാർട്ടി മെഷിനറിയെ സജ്ജമാക്കുന്നില്ലെന്ന് കവിത കുറ്റപ്പെടുത്തുന്നു. "അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനം നടക്കുന്നില്ല.സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ പാർട്ടി വളരില്ല" സഹോദരനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് കവിത പറയുന്നു. കെ ടി ആർ വിദേശയാത്രയിലാണ്. ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കെസിആറിനെ മക്കളുടെ തമ്മിലടി അസ്വസ്ഥനാക്കുന്നുണ്ട്. മദ്യനയക്കേസിൽ വിചാരണ നേരിടുന്ന കവിത പാർട്ടിയുടെ വനിതാവിഭാഗം അധ്യക്ഷയും എംഎൽസിയുമാണ്. പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ് അവർ നോട്ടമിടുന്നത്. കെടിആർ വഴങ്ങുന്നില്ലെങ്കിൽ പിതാവിന്റെ ആശീർവാദത്തോടെ കവിത മറ്റൊരു പാർട്ടി രൂപീകരിച്ചേക്കും എന്നും വാർത്തയുണ്ട്. ബി ആർ എസ് തകർച്ചയുടെ വക്കിലാണെന്ന് സാരം.











