
ഷീല സണ്ണിയെന്നു പറയുമ്പോൾ തന്നെ കേരളത്തിലെ വാർത്തകൾ ശ്രദ്ധിക്കുന്നവർക്ക് ആളെ മനസ്സിലാകും. ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്കുമരുന്ന് ബിസിനസ് ചെയ്യുന്നെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുങ്ങി 72 ദിവസം ജയിലിൽ കഴിയേണ്ടി വന്ന വീട്ടമ്മ, സ്വയം സംരംഭക.
ചാലക്കുടിയിൽ ചെറിയൊരു ബ്യൂട്ടി പാർലർ നടത്തുന്ന വനിതയായിരുന്നു ഷീല സണ്ണി. ഒരു മുറിയിൽ മുൻഭാഗത്ത് ഒരു വനിത നടത്തുന്ന ചെറിയൊരു ടെയ്‌ലറിംഗ് യൂണിറ്റും അതിനു പിന്നിൽ ചെറിയൊരു സെറ്റപ്പിൽ ഷീല സണ്ണിയുടെ ബ്യൂട്ടിപാർലറും. ത്രഡ്ഡിംഗിനുള്ള കസേരയും ഫേഷ്യൽ ചെയ്യാനുള്ള സാധാരണ സൗകര്യങ്ങളിലും കവിഞ്ഞതൊന്നും ആ ബ്യൂട്ടി പാർലറിലുണ്ടായിരുന്നില്ല.
2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയെന്ന 53 കാരി ജീവിതത്തിലൊരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ആ സംഭവം നടന്നത്. അവർ 'കേരളശബ്ദം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയോട് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
അന്നു വൈകിട്ട് മൂന്നര മണിയോടടുപ്പിച്ച സമയത്താണ് യൂണിഫോമണിഞ്ഞ ഒരു വനിതയും മറ്റൊരു ഉദ്യോഗസ്ഥനും ഷീല സണ്ണിയുടെ ബ്യൂട്ടി പാർലറിൽ എത്തിയത്. യൂണിഫോം കണ്ടപ്പോൾ പൊലീസുകാരാണെന്നാണ് അവർ വിചാരിച്ചത്. എന്നാലത് എക്‌സൈസുകാരായിരുന്നു. യൂണിഫോമിട്ട രണ്ടു പേർക്കു പുറമേ യൂണിഫോം ഇല്ലാതെ കുറച്ചുപേർ കൂടി സമീപങ്ങളിലുണ്ടായിരുന്നു.
ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും, ബാഗിലും സ്‌കൂട്ടറിലുമാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെന്നാണ് വിവരമെന്നും പരിശോധിക്കണമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം. തനിക്ക് ഇത്തരം ഇടപാടുകളൊന്നുമില്ലെന്ന് ഷീല സണ്ണി ആണയിട്ടെങ്കിലും ഉദ്യോഗസ്ഥർ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. തന്റെ സ്ഥാപനം മുഴുവൻ പരിശോധിക്കാമെന്നും ബാഗ് മുമ്പിൽ തന്നെയുണ്ട് നോക്കാമെന്നും പറഞ്ഞതോടെ ഉദ്യോഗസ്ഥർ ബാഗെടുത്ത് പരിശോധന തുടങ്ങി. അകത്തെവിടെയും അവർക്ക് ഒന്നും കണ്ടെത്താനായില്ല. എന്നാൽ ബാഗിലെ കീറിയതുപോലുള്ള ചെറിയൊരു ഓട്ടയിൽ നിന്നും അവർക്കൊരു സാധനം കിട്ടി. ഇത് സ്റ്റാംപാണെന്നും നിങ്ങൾക്ക് മയക്കുമരുന്ന് വിൽപ്പനയുണ്ടെന്നുമായി ഉദ്യോഗസ്ഥർ.
ഭർത്താവിനെ ഉടനെ വിളിച്ചു വരുത്താൻ അവർ ആവശ്യപ്പെട്ടു. എന്നാൽ ജോലിയാവശ്യാർഥം ഭർത്താവ് വടക്കാഞ്ചേരിയിലായതിനാൽ ചാലക്കുടിയിൽ തന്നെ മൊബൈൽ കട നടത്തുന്ന മകനെ വിളിക്കാമെന്ന് അവർ പറഞ്ഞു. മകനെ ഫോണിൽ വിളിച്ച് വിവരങ്ങൾ പറയുകയും ഉടനെ പാർലറിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. മകൻ അന്ന് ശാരീരിക സുഖം തോന്നാതിരുന്നതിനാൽ മൊബൈൽ ഷോപ്പിൽ പോയിരുന്നില്ല. ദൂരെയുള്ള വീട്ടിൽ നിന്നും മകൻ എത്തി. ഷീല സണ്ണിയുടെ മകനേയും പാർലർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയേയും അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ സ്ഥാപന ഉടമയേയും കൂട്ടി എക്‌സൈസുകാർ താഴെ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ തുറന്നു അതിനകത്ത് പരിശോധന നടത്തി. സ്‌കൂട്ടറിൽ നിന്നും ഒരു പൊതി കിട്ടി. അതോടെ ബ്യൂട്ടിപാർലർ ഉടമ മയക്കുമരുന്ന് ബിസിനസുകാരിയായി.
വിവരമറിഞ്ഞ് ചുറ്റും കൂടിയ നാട്ടുകാർക്കിടയിലൂടെയാണ് ഷീല സണ്ണിയെ വൈകിട്ട് അഞ്ചരയോടെ എക്‌സൈസുകാർ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി കൊണ്ടുപോയത്. താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആ സമയംവരെ ചിന്തിച്ചിരുന്നില്ലെന്നും കിട്ടിയ പൊതിയുമായി എക്‌സൈസുകാർ മടങ്ങുമെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും ഷീല സണ്ണി പറയുന്നു. കാരണം അങ്ങനെ പൊതികളുണ്ടായിരുന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു.
എക്‌സൈസ് റേഞ്ച് ഓഫീസിൽ ചോദ്യം ചെയ്യാനായി എത്തിച്ചതായിരുന്നു ആദ്യനീക്കം. വിവരമറിഞ്ഞ് മാധ്യമങ്ങളും ക്യാമറാമാന്മാരുമെല്ലാമെത്തി. അവർ തുരുതുരാ ഫോട്ടോയെടുത്തു. അതിനുമുമ്പ് ഒരു പൊലീസ് സ്റ്റേഷനിൽ പോലും പോയിട്ടില്ലാത്ത ഷീല സണ്ണിക്ക് ഫോട്ടോ എടുക്കുമ്പോൾ മുഖം മറച്ചുവെക്കണമെന്നു പോലും അറിയില്ലായിരുന്നു. ഒരു ഉദ്യോഗസ്ഥൻ മുഖം മറയ്ക്കാൻ രഹസ്യമായി പറഞ്ഞു കൊടുത്തിട്ടു പോലും അവർക്കത് മനസ്സിലായില്ല.
എക്‌സൈസ് ഓഫീസർ സതീശൻ ഉൾപ്പെടെയുള്ളവർ തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടും ഷീല സണ്ണിക്ക് അവർ 'സ്റ്റാംപ്' എന്ന് വിശേഷിപ്പിച്ച മയക്കു മരുന്നിനെക്കുറിച്ച് ഒരു കാര്യം പോലും അറിയില്ലായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് സ്റ്റാംപ് വരുന്നതെന്നും അതിനു മുമ്പ് ചാലക്കുടിയിൽ സ്റ്റാംപുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥർ ബാംഗ്ലൂർ ബന്ധം വ്യക്തമാക്കാൻ ഷീല സണ്ണിയോട് ആവശ്യപ്പെട്ടു. അവർക്ക് ബാംഗ്ലൂരുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.
ബാംഗ്ലൂരിൽ ആരെങ്കിലുമുണ്ടോ എന്ന എക്‌സൈസുകാരുടെ ചോദ്യത്തിന് തന്റെ ഭാര്യയുടെ അനുജത്തി ബാംഗ്ലൂരിലാണെന്ന് ഷീല സണ്ണിയുടെ മകൻ സംഗീത് ഉദ്യോഗസ്ഥരോട് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി അവർ തങ്ങളോടൊപ്പം വീട്ടിലുണ്ടായിരുന്നതായും സംഗീത് വെളിപ്പെടുത്തി. അപ്പോഴും, ആ കുട്ടി അങ്ങനെയൊന്നും ചെയ്യില്ലെന്ന പക്ഷക്കാരിയായിരുന്നു ഷീല സണ്ണി.
കഴിഞ്ഞ ഒരു മാസമായി ഷീല സണ്ണി നിരീക്ഷണത്തിലാ യിരുന്നുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ അവരോട് പറഞ്ഞത്. ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി രാത്രി ഒൻപതരയോടെ ഷീല സണ്ണിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. ആ സമയത്ത് ജയിലിലേക്ക് തന്നോടൊപ്പം മറ്റൊരു സ്ത്രീയെക്കൂടി കൊണ്ടുവന്നിരുന്നുവെന്ന് ഷീല സണ്ണി ഓർക്കുന്നു.
തടവുപുള്ളികൾ ഉറങ്ങിക്കിടക്കുന്ന വിശാലമായ സെല്ലിലേക്ക് കയറ്റുമ്പോൾ ശബ്ദമുണ്ടാക്കരുതെന്നായിരുന്നു പൊലീസുകാരുടെ താക്കീത്. അന്നു രാത്രിയും പിന്നെ കുറേ രാത്രികളും ഷീല സണ്ണിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു.
ബ്യൂട്ടിപാർലറിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ വാർത്ത പുറംലോകത്ത് കത്തിപ്പടരുന്നതൊന്നും ജയിലിനകത്ത് ഷീല സണ്ണി അറിയുന്നുണ്ടായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് ഭർത്താവ് സണ്ണിയും മകളുടെ ഭർത്താവ് ജോയ്‌സണും ജയിലിലെത്തിപ്പോഴാണ് പുറത്തെ വിവരങ്ങൾ ഷീല സണ്ണി അറിഞ്ഞത്. ബ്യൂട്ടിപാർലറെന്നാൽ മറ്റു പലതും നടക്കുന്ന സ്ഥലമെന്ന ചിന്ത പലർക്കുമുള്ളതിനാൽ വാർത്തകളിൽ നിറഞ്ഞ കാര്യങ്ങൾ വെള്ളം തൊടാതെ വിഴുങ്ങാനായിരുന്നു ലോകത്തിന് താൽപര്യം.
ബ്യൂട്ടി പാർലറിൽ വരുന്ന കോളജ് വിദ്യാർഥികൾക്ക് കൈമാറാനാണ് ഷീല സണ്ണി 'സ്റ്റാംപ്' കൈവശം വെച്ചതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഷ്യം. എന്താണ് സ്റ്റാംപെന്നും അതെങ്ങനെയാണ് ഉപയോഗിക്കുകയെന്നും ഷീല സണ്ണി ചോദിച്ചു മനസ്സിലാക്കിയത് പല ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജയിലിനകത്തുള്ള മയക്കുമരുന്ന് കേസിൽ തടവിലുള്ള പ്രതികളിൽ നിന്നായിരുന്നു.
സ്റ്റാംപ് പിടികൂടി ഒന്നര മാസമാകുമ്പോഴേക്കും ചാലക്കുടിയിലെ പാർലർ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. പാർലറിലെ സാധനങ്ങൾ സണ്ണിയും മകൻ സംഗീതും ചേർന്ന് വീട്ടിലേക്ക് കൊണ്ടുവന്നു.
ചാലക്കുടിയിൽ നിന്നും സ്റ്റാംപ് പിടികൂടുന്ന സംഭവം ആദ്യത്തേതായതിനാൽ ബാംഗ്ലൂർ ബന്ധം കൂടി അന്വേഷണത്തിലുണ്ടായിരുന്നു. അതിനിടയിലാണ് സണ്ണിയും ജോയ്‌സണും ചേർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി എക്‌സൈസ് ക്രൈംബ്രാഞ്ചിലേക്ക് പരാതി കൈമാറിയതോടെയാണ് കഥ മാറിത്തുടങ്ങിയത്.
അന്വേഷണം ഒരു ഭാഗത്ത് നടക്കവെ മെയ് 10-ന് ജയിൽവാസത്തിന്റെ 72-ാം ദിവസം ഷീല സണ്ണിക്ക് ജാമ്യം ലഭിച്ചു. ഷീല ജയിലിൽ പോകുമ്പോൾ ഗർഭിണിയായിരുന്ന മകൾ സബിത ജൂൺ 16-ന് ഒരു കുഞ്ഞിന് ജന്മം നൽകി. പരിശോധനയ്ക്ക് അയച്ച സ്റ്റാംപിന്റെ ലാബ് റിപ്പോർട്ട് പുറത്തുവന്നു. അത് മയക്കുമരുന്നല്ല, വ്യാജമാണെന്ന്! അതോടെ ഹൈക്കോടതി ഇടപെട്ട് ഷീല സണ്ണിയെ കേസിലെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി. കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസിപ്പോൾ അന്വേഷിക്കുന്നത്. അതിനിടയിലാണ് ഷീല സണ്ണിയുടെ മകൻ സംഗീതിന്റെ ഭാര്യ ലിൽജിയുടെ അനുജത്തി ലിവിയയിലേക്ക് അന്വേഷണം നീങ്ങിയത്. ബംഗളൂരുവിൽ നിന്നും നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും മയക്കുമരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. അൻപതിലേറെ വയസ്സ് പ്രായവും നാട്ടിൽ ഭാര്യയും മക്കളുമുള്ള നാരായണദാസും ഇരുപതുകാരി ലിവിയയും ബംഗളൂരുവിൽ ഒരുമിച്ച് താമസിക്കുന്നവരാണെന്ന വിവരവും അന്വേഷണസംഘം കണ്ടെത്തി. നാരായണദാസിൽ നിന്നും അന്വേഷണം തന്നിലേക്കെത്തുമെന്ന് തിരിച്ചറിഞ്ഞ ലിവിയ മാർച്ചിൽ യു എ ഇയിലേക്ക് വിമാനം കയറി. സന്ദർശക വിസയിലായിരുന്ന ലിവിയ വിസ കാലാവധി കഴിഞ്ഞ് തിരികെ വിമാനമിറങ്ങിയപ്പോൾ പൊലീസിന്റെ പിടിയിലുമായി.
ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കാൻ എന്തായിരുന്നു കാരണം?
തന്നെയെന്തിനാണ് മയക്കുമരുന്നു കേസിൽ പെടുത്തിയതെന്ന് ഷീല സണ്ണിക്ക് ഇപ്പോഴും അറിയില്ല. ലിവിയയുടെ ജീവിതരീതികൾ ശരിയല്ലെന്ന് ഷീല സണ്ണി മകൻ സംഗീതിന് അയച്ച വാട്‌സ്ആപ് വോയ്‌സ് മെസേജ് കേട്ടത് തന്നിൽ പകയുണ്ടാക്കിയെന്നാണ് ലിവിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ താനങ്ങനെയൊരു സന്ദേശം അയച്ചിട്ടില്ലെന്ന് ഷീല സണ്ണി പറയുന്നു. മകന്റെ ഭാര്യയോട് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനെക്കുറിച്ചും വസ്ത്രരീതികളെക്കുറിച്ചും ഒരു മാതാവിന്റെ സ്ഥാനത്തു നിന്നും സംസാരിച്ചിട്ടുണ്ട്. അതിലപ്പുറം കുടുംബത്തിൽ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഷീല സണ്ണി പറയുന്നു. സാധാരണ ഒരു കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളൊക്കെ തന്റെ കുടുംബത്തിലും ഉണ്ടായിട്ടുണ്ടാകും. അതുപക്ഷേ, ഇത്തരമൊരു വിരോധത്തിലേക്ക് നീങ്ങുമോ എന്ന സംശയം ഇപ്പോഴും ഷീല സണ്ണിക്ക് മനസ്സിലാകുന്നില്ല.
താനും ഭർത്താവും ചേർന്ന് മകന്റെ ഭാര്യയുടെ പത്ത് സെന്റ് സ്ഥലം വിറ്റ് തങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്ന ആരോപണവും അവർ ഉയർത്തുന്നുണ്ടെന്നും ഷീല സണ്ണി പറഞ്ഞു. എന്നാൽ മകന്റെ ഭാര്യയുടെ കുടുംബത്തിന്റെ പത്ത് സെന്റ് സ്ഥലം ലിൽജിയും അമ്മയും ചേർന്ന് ബാങ്കിൽ പണയം വെച്ചതാണെന്നും അങ്ങനെ ലഭിച്ച പണം ഉപയോഗിച്ച് ചാലക്കുടിയിൽ രണ്ടാമതൊരു മൊബൈൽ ഷോപ്പ് കൂടി തുടങ്ങുകയായിരുന്നുവെന്നും ഷീല സണ്ണി പറയുന്നു. നേരത്തെ ബോംബെയിൽ കല്ല്യാൺ ജ്വല്ലറിയിൽ അക്കൗണ്ടന്റായിരുന്ന മകൻ വിവാഹശേഷം ഭാര്യയുമായി ചേർന്ന് അവരുടെ സ്വർണം ഉപയോഗിച്ചാണ് ചാലക്കുടിയിൽ ആദ്യത്തെ മൊബൈൽ ഷോപ്പ് ആരംഭിച്ചത്. അത് അവർ ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നു. ഇതിലൊന്നും തങ്ങൾക്കൊരു പങ്കുമില്ലെന്നും ഷീല സണ്ണി ആവർത്തിക്കുന്നു.
വ്യാജ മയക്കുമരുന്ന് നിരപരാധിക്ക് തുണയായി
പതിനായിരം രൂപ നൽകി താൻ ബംഗളൂരുവിൽ നിന്നും ഒരു നൈജീരിയക്കാരനിൽ നിന്നാണ് സ്റ്റാംപ് വാങ്ങിയതെന്ന് ലിവിയ സമ്മതിക്കുന്നുണ്ട്. എന്നാൽ അത് വ്യാജമല്ലെന്നും ഒറിജിനലാണെന്നും ലിവിയ പൊലീസിനോട് പറഞ്ഞു. പണം വാങ്ങി നൈജീരിയക്കാരൻ ലിവിയയെ പറ്റിച്ചത് ഷീല സണ്ണിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള വഴിയായി.
സണ്ണിയും ഷീലയും രണ്ടു മക്കളുമായി വാടകയ്ക്ക് താമസിക്കുന്ന കാലത്ത് പണം സ്വരുക്കൂട്ടിവെച്ച് കുറച്ച് സ്ഥലം വാങ്ങി വീടുവെക്കാൻ തുടങ്ങിയിരുന്നു. അക്കാലത്താണ് സംഗീതിന് വിവാഹാലോചന വന്നത്. വീടുപണി പാതിയിലാണെന്നും അതുകഴിഞ്ഞേ വിവാഹം കഴിക്കാനാവുകയുള്ളു എന്നു പറഞ്ഞെങ്കിലും ആദ്യമായി പെണ്ണുകണ്ട കുട്ടിയെത്തന്നെ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചതോടെ പെട്ടെന്ന് വീടുപണി പൂർത്തിയാക്കി വിവാഹം നടത്തുകയായിരുന്നു. ബാങ്ക് വായ്പയെടുത്താണ് സ്ഥലം വാങ്ങിയതും വീടുപണിയും നടത്തിയിരുന്നതും. ബോംബെയിലായിരുന്ന മകനായിരുന്നു ബാങ്ക് വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നത്. ഷീല സണ്ണിയുടെ പാർലറിൽ നിന്നുള്ള വരുമാനമായിരുന്നു ജീവിതച്ചെലവിനുണ്ടായത്. വീടും സ്ഥലവും മകന്റെ പേരിലായിരുന്നു എഴുതിയത്.
കേസും കൂട്ടവും വന്നതോടെ ഷീല സണ്ണിക്കും ഭർത്താവിനും തങ്ങളുടെ വീട്ടിൽ പോകാൻ കഴിയാതെയായി. അവർ മകളോടൊപ്പം അവരുടെ വീട്ടിലായി ജീവിതം. മകന് കുഞ്ഞ് ജനിച്ച വിവരം പോലും ഷീലയും ഭർത്താവും വൈകിയാണ് അറിഞ്ഞത്. തങ്ങളുടെ പേരക്കുട്ടിയെ അവർ കണ്ടിട്ടുമില്ല.
തന്റെ ഭാര്യയുടെ സഹോദരി ബംഗളൂരുവിലാണെന്ന് ആദ്യം പറഞ്ഞത് മകനാണെങ്കിലും പിന്നീടവൻ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും അകലം പാലിച്ചു. തന്റെ സഹോദരിക്കെതിരെ ഭർത്താവ് മൊഴി നൽകിയതിൽ പ്രതിഷേധിച്ച് ലിൽജി പിണങ്ങിപ്പോയി. അവരുടെ വീട്ടിലെത്തിയില്ല, അന്വേഷിച്ച സ്ഥലത്ത് എവിടേയുമില്ല. മൊബൈൽ ഫോൺ ഓഫുമായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് സംഗീത് ചാലക്കുടി പൊലീസിൽ പരാതി നൽകി. ഓഫാക്കിയ മൊബൈൽ ഓണാക്കിയപ്പോൾ ലിൽജി കൊല്ലത്ത് ഒരു സുഹൃത്തിന്റെ വീട്ടിലാണെന്ന് കണ്ടെത്തി. അമ്മയുടെ കേസ് നടക്കുന്നതിനാൽ പൊലീസ് തന്നെ ഉപദേശിച്ചത് അനുസരിച്ച് സംഗീത് കൊല്ലത്തു പോയി ലിൽജിയെ കൂട്ടിക്കൊണ്ടുവന്നു.
ഷീല സണ്ണി ജയിലിൽ നിന്നിറങ്ങുകയും നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ മലപ്പുറത്തു നിന്നും 'തണൽ' എന്ന സംഘടന അവർക്ക് വീണ്ടും ബ്യൂട്ടി പാർലർ തുറക്കാനും ജീവിതം മുമ്പോട്ടു നയിക്കാനുമുള്ള വഴിയൊരുക്കി കൊടുത്തു. എന്നാൽ നിരപരാധിത്വത്തിലും പലരും പാർലറിൽ വരാൻ മടി കാണിച്ചു. വാടകയും വർധിച്ചിരുന്നു. ഒത്തുപോവാനാവാതെ വന്നതോടെ പാർലർ പൂട്ടി.
അതിനിടെ കടം വീട്ടാനും ജീവിതം മുമ്പോട്ടു കൊണ്ടുപോകാനുമായി ഷീല സണ്ണി ചെന്നൈയിൽ ഡേ കെയറിൽ ജോലിക്കുപോയി. ആറുമാസത്തോളം ചെന്നൈയിൽ ജോലി ചെയ്തു.
ജയിൽ കാലത്ത് ലൈബ്രറിയിലിരുന്ന് പുസ്തകം വായിച്ചും സഹതടവുകാരുടെ ചെറിയ കുട്ടികളോടൊപ്പം ചെലവഴിച്ചും ഇടയ്ക്ക് ഉദ്യോഗസ്ഥരോട് അനുവാദം വാങ്ങി അടുക്കളയിൽ സഹായിച്ചുമൊക്കെയാണ് ദിവസങ്ങൾ കഴിഞ്ഞത്.
കേസിപ്പോൾ ഹൈക്കോടതിയിൽ
തന്റെ ബാഗിൽ നിന്നും സ്‌കൂട്ടറിൽ നിന്നും പിടികൂടിയ വസ്തുക്കൾ മയക്കുമരുന്നാണെന്ന് ആരോപിച്ച് തന്നെ ജയിലിലേക്കയച്ചതിനെതിരെ അഡ്വ. സഞ്ജു കെ ശിവൻ വഴി കേരള സർക്കാറിനെതിരെ ഷീല സണ്ണി മാനനഷ്ടത്തിന് കേസുകൊടുത്തു. 72 ദിവസത്തെ ജയിൽവാസത്തിന് 72 ലക്ഷം രൂപയായിരുന്നു മാനനഷ്ടമായി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിപ്പോൾ ഹൈക്കോടതിയിലാണ്. ചാലക്കുടി എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന സതീശനാണ് ഷീല സണ്ണിക്കെതിരെ വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഷീല സണ്ണിക്കെതിരെയുള്ള കേസ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ എക്‌സൈസ് ഇൻസ്‌പെക്ടർ സതീശനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട ചാലക്കുടി എക്‌സൈസ് ഓഫീസിലെ ജീവനക്കാരെ സർക്കാർ സ്ഥലം മാറ്റുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ-21 പ്രകാരം വ്യക്തിയുടെ മൗലികാവകാശങ്ങൾ ലംഘിക്കുകയും ജീവിക്കാനും സ്വതന്ത്രമായി പെരുമാറാനുമുള്ള അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് ഷീല സണ്ണി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേരള സർക്കാറിന് പുറമേ എക്‌സൈസ് കമ്മീഷണർ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ (അഡ്മിനിസ്‌ട്രേഷൻ), അസിസ്റ്റന്റ് എക്‌സൈക് കമ്മീഷണർ എറണാകുളം, തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്) ആയി വിരമിച്ച ഡി. ശ്രീകുമാർ, ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശൻ, ഇരിങ്ങാലക്കുട പ്രിവന്റീവ് എക്‌സൈസ് സർക്കിൾ ഓഫീസിലെ കെ.എ. ജയദേവൻ, ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ഷിബു വർഗ്ഗീസ്, ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഓഫീസിലെ വുമൺ സിവിൽ എക്‌സൈസ് ഓഫിസർ ആർ.എസ്. രജിത എന്നിങ്ങനെ ഒൻപത് പേർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
നിലാബട്ടി ബെഹറ ഏലിയാസ് ലളിത ബെഹറ വേഴ്‌സസ് ഒറിസ സർക്കാർ ആന്റ് അദേഴ്‌സ്, നമ്പി നാരായണൻ വേഴ്‌സസ് സിബി മാത്യൂസ് അന്റ് അദേഴ്‌സ്, ശ്യാം ബാലകൃഷ്ണൻ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ആന്റ് അദേഴ്‌സ് തുടങ്ങി സമാന കേസുകൾ ഫയലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വപ്‌നമായി ഇറ്റലിയാത്ര
കുടുംബത്തെ സംരക്ഷിക്കാനും സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനും ഇറ്റലിയിൽ ജോലിക്കു പോകാനുള്ള ശ്രമങ്ങളിലായിരുന്നു ഷീല സണ്ണി. ഇറ്റലിയിൽ ജോലിയുള്ള ഒരു കൂട്ടുകാരി വഴി ഇറ്റാലിയൻ യാത്രയ്ക്കായി ഒരു ഏജന്റിനെ സമീപിച്ചിരുന്നു. രണ്ടു തവണ കടലാസു പണികൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചെങ്കിലും രണ്ടു തവണയും തള്ളിപ്പോയി. വീണ്ടും ശ്രമങ്ങൾ നടത്താനിരിക്കെയാണ് കേസിൽ കുടുക്കിയത്. അതോടെ മുമ്പോട്ടേക്കുള്ള വഴി അടയുകയായിരുന്നു.
എങ്കിലും ഷീല സണ്ണി നിരാശയല്ല. ദൈവം ഓരോ സമയത്തും തനിക്കു മുമ്പിലേക്കുള്ള വഴികൾ കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നതിനാൽ പ്രതിസന്ധിയെക്കുറിച്ച് കൂടുതൽ ആലോചിക്കാറില്ലെന്ന് അവർ പറയുന്നു. ജയിലിലായ ആദ്യ ദിവസങ്ങളിൽ നിരാശ ബാധിച്ച് ആത്മഹത്യയെക്കുറിച്ചൊക്കെ ചിന്തിച്ചു പോയിട്ടുണ്ടെങ്കിലും ഭർത്താവും മകളും മകളുടെ ഭർത്താവും നൽകിയ ധൈര്യം ജീവിക്കാൻ പ്രേരണ നൽകുകയായിരുന്നു. കുറ്റം ചെയ്യാത്ത താനെന്തിന് മരിക്കണമെന്ന ചിന്ത ഉറച്ചതോടെ കുറ്റവാളികളെത്തേടി ശിക്ഷയെത്തുമെന്ന വിശ്വാസം മുറുകെപ്പിടിക്കുകയായിരുന്നു.











