
ദോഹ:പുലരിയുടെ ആദ്യവെളിച്ചം മണൽപ്പരപ്പിൽ പതിയുമ്പോൾ തന്നെ ആകാശം ചിറകുകളുടെ ശബ്ദം കേൾക്കാൻ തുടങ്ങി. കഴിഞ്ഞദിവസം തുടക്കം കുറിച്ച ദേശീയ അഭിമാനമായ
ഫാൽക്കൺ ഫെസ്റ്റിവൽ അൽ തലാമത്സരത്തോടെയാണ്ആരംഭിച്ചത്. ക്ഷമയും,കരുത്തും, വേഗവും ഒരുമിക്കുന്ന പോരാട്ടത്തിന് ഖത്തർ വേദിയാകുന്ന മർമ്മി
ഫെസ്റ്റിവലിൽ
മുപ്പത് മത്സരാർത്ഥികളാണ് ആദ്യദിനത്തിൽ പറന്നുയർന്നത്.
വെള്ളിയാഴ്ച മുതൽ ബുധനാഴ്ച വരെ ദിവസേന അഞ്ച് ഗ്രൂപ്പുകളായി മത്സരം മുന്നേറും. ഓരോ പറക്കലും, ഓരോ തിരിച്ചു വരവും, ഫാൽക്കണറുടെ വർഷങ്ങളായുള്ള പരിശീലനത്തിന്റെയും വിശ്വാസത്തിന്റെയും അളവുകോലായി മാറുന്നു. ക്വാളിഫയർ ദിനത്തിന് ശേഷം, രണ്ടാം റൗണ്ടിലേക്കും അവിടെ നിന്ന് ഫൈനലിലേക്കും യാത്ര തുടരും.
ജനുവരി 13ന് ആഭ്യന്തര ദൗഅ മത്സരം അരങ്ങേറും. 400 മീറ്റർ ദൂരത്തിൽ വേഗതയെ വെല്ലുവിളിക്കുന്ന ഈ പോരാട്ടത്തിൽ, ജുവനൈൽ, ഖർണാസ് വിഭാഗങ്ങളിലായി ജൈർ, സാക്കർ, ഫ്രീ ഫാൽക്കണുകൾ ആകാശം കീഴടക്കും.
16 വരെ നീളുന്ന ക്വാളിഫൈയിംഗ് റൗണ്ടുകൾ, മികച്ചവരെ തിരഞ്ഞെടുത്ത് മുന്നോട്ട് നയിക്കും.
ജനുവരി 19ന് അടുത്ത ഘട്ടത്തിലെ മത്സരങ്ങൾ നടക്കും. തുടർന്ന് ജനുവരി 20ന് അന്താരാഷ്ട്ര ദൗഅ ഫൈനൽ—ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന ചിറകുകളുടെ സംഗമം. ജനുവരി 23ന് വൈകുന്നേരം ഹദ്ദ് അൽ തഹദ്ദി ഫൈനൽ ആവേശത്തിന് കൊടിയേറും. അതിന് പിന്നാലെ മസായിൻ ചാമ്പ്യൻഷിപ്പുംനടക്കും.
രാവിലെ അഞ്ച് മണിക്ക് തന്നെ തുടങ്ങുന്ന മത്സരങ്ങളും, പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന ഒരുക്കങ്ങളും, സമയത്തോടുള്ള കൃത്യതയുടെ മറ്റൊരു പരീക്ഷണമാണ്. ഫെസ്റ്റിവലിന്റെ വിജയത്തിൽ ഫാൽക്കണർമാർ പങ്കാളികൾ മാത്രമല്ല—അവർ തന്നെയാണ് ഈ ഉത്സവത്തിന്റെ ഹൃദയം.
വേദിയും വഴികളും ഒരുങ്ങി. സീലൈനിൽ നിന്ന് ഫെസ്റ്റിവൽ മൈതാനത്തേക്ക് നീളുന്ന റോഡുകൾ പുതുചരടണിഞ്ഞു. പതാകകൾ കാറ്റിൽ പറന്ന്, “ഇവിടെയാണ് മത്സരം” എന്ന് ദൂരെ നിന്നുതന്നെ അറിയിക്കുന്നു.










