04:31pm 29 April 2026
NEWS
ഇന്ത്യയിൽ ‘വെസ്റ്റ് ആർക്ടിക്ക’യുടെ വ്യാജ എംബസി പ്രവർത്തിച്ചത് എട്ടുവർഷത്തോളം
23/07/2025  06:09 PM IST
nila
ഇന്ത്യയിൽ ‘വെസ്റ്റ് ആർക്ടിക്ക’യുടെ വ്യാജ എംബസി പ്രവർത്തിച്ചത് എട്ടുവർഷത്തോളം

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതി അന്വേഷിച്ച യുപി സ്പെഷൽ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത് എട്ടു വർഷമായി പ്രവർത്തിക്കുന്ന വ്യാജ എംബസി. ലോകത്ത് ഒരു രാജ്യവും അം​ഗീകരിച്ചിട്ടില്ലാത്ത  ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ എംബസിയാണ് കഴിഞ്ഞ എട്ടുവർഷമായി ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹർഷവർധൻ ജെയിൻ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ് ആർക്ടിക്കയുടെ ‘ബാരൺ’ എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. 

ആഡംബര ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിൻ എംബസി തുറന്നത്. എംബസി കെട്ടിടവളപ്പിൽ പാർക്ക് ചെയ്തിരുന്ന ആഡംബര കാറുകൾക്ക് വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളായിരുന്നു. ഇവ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫിസിൽനിന്ന് വ്യാജ പാസ്പോർട്ടുകളും പിടിച്ചെ‌ടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ജെയിൻ ഉപയോഗിച്ചിരുന്നു.  ജനങ്ങൾക്കിടയിൽ വിശ്വാസ്യത നേടുന്നതിനായാണ് ഇത്തരത്തിൽ ദൃശ്യങ്ങളും നിർമ്മിച്ചത്. 

നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് 2011ൽ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസം മുൻപ്, വെസ്റ്റ് ആർക്ടിക്ക എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ, ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറലിന്റെ ഫോട്ടോകൾ എന്ന പേരിൽ ജെയിനിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നെന്നും എസ്ടിഎഫ് സംഘം പറയുന്നു.

അമേരിക്കൻ നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്‌ഹെൻറി 2001ലാണ് ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യം സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗ്രാൻഡ് ഡ്യൂക്കായി ട്രാവിസ് സ്വയം പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന വെസ്റ്റ് ആർക്ടിക്കയുടെ വിസ്തീർണ്ണം 6,20,000 ചതുരശ്ര മൈൽ ആണെന്നാണ് മക്‌ഹെൻറി അവകാശപ്പെടുന്നത്. രാജ്യത്ത് 2,356 പൗരന്മാരുണ്ടെന്നും ഇയാൾ പറയുന്നു. സ്വന്തമായി ഒരു പതാകയും കറൻസിയും ഉണ്ടെങ്കിലും ലോകത്ത് ഒരു രാജ്യവും ഈ രാജ്യത്തെ അംഗീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img