
മുണ്ടക്കയം: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വേഗത്തിൽ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ട്രാവൽ ഏജൻസി ഉടമ അനീഷ് ഉമ്മർ പൊലീസ് പിടിയിലായി. കൂട്ടിക്കൽ പാലക്കുന്നേൽ സ്വദേശിയായ ഇയാളെ കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആറുമാസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിലെ വീസ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. വീസ ലഭിക്കാതിരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെ ഇരകളായവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതുവരെ നൂറിലധികം പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.
പരാതികൾ വർധിച്ചതിനെ തുടർന്ന് അനീഷ് ഉമ്മർ ഒളിവിൽ പോകുകയും, തുടർന്ന് മുണ്ടക്കയം പൊലീസ് ഇയാളുടെ ട്രാവൽ ഏജൻസി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകളും സാമ്പത്തിക രേഖകളും പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു.
തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടേക്കാണ് ഒഴുക്കിയതെന്നും ആരെല്ലാമാണ് ഇതിൽ പങ്കാളികളായിരിക്കുന്നതെന്നും കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.











