
മലപ്പുറം-കരുവാരകുണ്ടിലെ മുസ്ലിം അനാഥാലയത്തിനു കീഴിലുള്ള 'ദാറുന്നജാത്ത് സ്‌കൂളിലെ' അധ്യാപക നിയമന അഴിമതിക്കേസ്സിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി അന്ത്യശാസനം നൽകി. പ്രതികൾക്കെതിരെ നടപടി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹൈക്കോടതി മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. വ്യാജരേഖയുണ്ടാക്കി മൂന്ന് അധ്യാപകരെ ദാറുന്നജാത്ത് ഓർഫനേജ് യു.പി സ്‌കൂളിൽ നിയമിക്കുകയും, ഒരു കോടിയോളം രൂപ ശമ്പളയിനത്തിൽ സർക്കാറിനെ കബളിപ്പിച്ച് കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് ഈ സ്‌കൂളിനെതിരെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഇ.കെ സുന്നീ വിഭാഗം സമസ്ത നേതാവ് അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിന്റെ മകൾ ഉൾപ്പെടെ പ്രതികളായ കേസ്സിൽ, ആദ്യം നടപടിയ്ക്ക് അനുമതി നൽകിയ സർക്കാർ, പിന്നീട് രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ഫയൽ തിരിച്ച് വിളിക്കുകയായിരുന്നു.
ഡി.ഡി.ഇ യുടെ അന്വേഷണ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്നും, ദാറുന്നജാത്ത് സ്‌കൂളിനേയും, അനുബന്ധ സ്ഥാപനങ്ങളേയും സമൂഹമധ്യേ ഇകഴ്ത്തി കാണിക്കാനുള്ള ശത്രുക്കളുടെ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി അബ്ദുൽ ഹമീദ്‌ഫൈസി അമ്പലക്കടവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതോടെ എൽ.ഡി.എഫ് നേതാക്കളേയും ഇടത് സർക്കാറിനേയും സ്വാധീനിച്ച് സ്‌കൂളിനെതിരെയുള്ള അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന ആരോപണവുമുയർന്നു. അന്ന് പി.വി അൻവർ എം.എൽ.എ യാണ് സമസ്ത നേതാവിനും, സ്‌കൂളിനും വേണ്ടി ഇടപെട്ടതെന്ന ആരാപണവുമുയർന്നിരുന്നു. തുടർന്ന് പരാതിക്കാരനായ എം. ഹുസൈനാർ ഹൈക്കോടതിയെ സമീപിച്ചു. സർക്കാറിന്റെ വിശദീകരണം വൈകിയതിനാൽ കേസ്സ് നീണ്ടുപോയി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് മരവിപ്പിച്ച സർക്കാർ കുറ്റക്കാരായ അധ്യാപകരേയും, അന്വേഷണ ഉദ്യോഗസ്ഥരേയും ഹിയറിങ് നടത്തി. എന്നിട്ടും നടപടി വൈകിയ സാഹചര്യത്തിലാണ് ഇപ്പോൾ ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്.
'പിക്‌പോക്കറ്റിന്'
സമാനമായ വെട്ടിപ്പ്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'ഏരിയാ ഇന്റൻസീവ് പ്രോഗ്രാം' പദ്ധതി പ്രകാരമാണ് കരുവാരകുണ്ടിൽ 'ദാറുന്നജാത്ത് സ്‌കൂൾ' അനുവദിക്കുന്നത്. ഈ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട സ്‌കൂളുകളിൽ 2003 മുതൽ തുടർന്നുള്ള വിവിധ വർഷങ്ങളിലായി ജോലിയിൽ പ്രവേശിച്ച്, നിയമന അംഗീകാരം ലഭിയ്ക്കാതിരുന്ന അധ്യാപകരിൽ പലരും സർക്കാർ സ്‌കൂളുകളിലും, മറ്റ് സ്ഥാപനങ്ങളിലുമായി ജോലി നേടി പോയി. എന്നാൽ 2003 മുതൽ ജോലിയിൽ പ്രവേശിച്ച അധ്യാപകർക്കെല്ലാം, 2015 നവംബർ മുതൽ അംഗീകാരവും, സേവന വേതന ആനുകൂല്യങ്ങളും അനുവദിച്ചു കൊണ്ട് 2019-ൽ സർക്കാർ ഉത്തരവിറങ്ങി. ഈ ഉത്തരവിന്റെ മറവിൽ, നേരത്തെ അപ്രൂവൽ കിട്ടാതെ പിരിഞ്ഞുപോയ അധ്യാപകരുടെ രേഖകൾ തിരുത്തിയും, അനുബന്ധമായി കൃത്രിമ രേഖകളുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തിയത്. അപ്രൂവൽ കിട്ടാതെ പിരിഞ്ഞുപോയ അധ്യാപകരുടെ ശമ്പളം, സുന്നത്ജമാഅത്തിന്റെ വക്താവായി അവകാശപ്പെടുന്ന സമസ്തയിലെ രണ്ടാംനിര നേതാവ് ഹമീദ് ഫൈസിയുടെ മകൾ സുലാഫയും, ഭാര്യാ സഹോദരന്റെ ഭാര്യ നിഷാത്ത് സുൽത്താനയും, മറ്റൊരധ്യാപിക സി റൈഹാനയും ചേർന്ന് ഒപ്പിട്ട് കൈപ്പറ്റുകയായിരുന്നു. സ്‌കൂൾ മാനേജർ എൻ.കെ അബ്ദുറഹ്മാനും സ്‌കൂൾ ഹെഡ്മാസ്റ്ററും ഈ വെട്ടിപ്പിന് കൂട്ടുനിൽക്കുകയും ചെയ്തു. ഈ മൂന്ന് പേരും സ്വകാര്യ സ്ഥപനത്തിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയ എട്ട് വർഷ കാലയളവിലാണ് സർക്കാറിന്റെ ഒരു കോടിയോളം രൂപ അടിച്ചെടുത്തത്. നിയമന രേഖയിൽ ഗുരുതരമായ കൃത്രിമം കാണിച്ച് മുൻകാല പ്രാബല്യത്തോടെ ചെയ്യാത്ത ജോലിയുടെ പേരിലാണ് ഇത്രയും തുക ഈ മൂവർസംഘം ശമ്പളമായി കൈപ്പറ്റിയത്. ഇക്കാര്യങ്ങളെല്ലാം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക 18 ശതമാനം പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കണമെന്നും, കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നത്.
നടപടി ഉണ്ടാകുമെന്ന്
ഇ.കെ സമസ്തയിലെ രണ്ടാംനിര നേതാവായ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ. ഈ സ്ഥാപനത്തിലെ ട്രഷറർ കൂടിയായ ഇദ്ദേഹത്തിന്റെ മകൾ സുലാഫ, ഭാര്യാ സഹോദരന്റെ ഭാര്യ നിഷാത്ത് സുൽത്താന, മറ്റൊരധ്യാപിക സി റൈഹാന, സ്‌കൂൾ മാനേജർ എൻ.കെ. അബ്ദുറഹ്മാൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ എന്നിവരാണ് പ്രതികൾ. ജോലി ചെയ്യാതെ, ജോലി ചെയ്തതായി കൃത്രിമരേഖയുണ്ടാക്കി മൂന്ന് അധ്യാപികമാരും കൂടി എട്ട് വർഷം ഒരു കോടിയോളം രൂപ ശമ്പളമായും, മറ്റ് ആനുകൂല്യമായും കൈപ്പറ്റിയതായാണ് വണ്ടൂർ എ.ഇ.ഒ യും, മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ 2024 ഏപ്രിൽ നാലിന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. മാനേജർക്കും, മറ്റ് പങ്കാളികൾക്കുമെതിരെ ക്രിമിനൽ നടപടിക്കും ഈ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് ഈ റിപ്പോർട്ട് ജലരേഖയായി. കേസ്സ് അട്ടിമറിക്കപ്പെടാനുള്ള ശ്രമവും തകൃതിയായി അരങ്ങേറി. ഇതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട ഫയൽ സർക്കാർ തിരിച്ച് വിളിച്ചതും.
വ്യാജരേഖയുണ്ടാക്കി സ്ഥിരം നിയമനം നൽകിയ അധ്യാപകരുടെ നിയമന തീയതികളിൽ പ്രകടമായ വൈരുദ്ധ്യമുണ്ട്. അധ്യാപകരുടെ ഹാജർ പട്ടികയിലും കൃത്രിമം നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹാജർ പട്ടികയിലും, അധ്യാപകരുടെ ഒപ്പുകളിലും വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മറ്റാരോ ജോലി ചെയ്ത രേഖകളിൽ കുറ്റക്കാരായ അധ്യാപകർ ഒപ്പു വെച്ചതായി കണ്ടെത്തി. സ്വകാര്യ സ്ഥപനത്തിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയ അതേ കാലയളവിലാണ് കുറ്റക്കാരായ അധ്യാപകർ സർക്കാർ ശമ്പളവും കൈപ്പറ്റിയത്. ഇപ്രകാരം ഗുരുതരമായ ക്രമക്കേടുകളെ തുടർന്ന് ദാറുന്നജാത്ത് സ്‌കൂളിലെ കുറ്റക്കാരായ മൂന്ന് അധ്യാപകർക്കും, ഹെഡ്മാസ്റ്റർക്കും, മാനേജർക്കുമെതിരെ 15 ദിവസത്തിനകം നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് സർക്കാർ അനുമതി നൽകിയിരുന്നു. പിന്നീട് ഡി.പി.ഐ യിൽ നിന്ന് നാടകീയമായി ഫയൽ തിരിച്ച് വിളിപ്പിക്കുകയായിരുന്നു. ഈ നീക്കം വിദ്യാഭ്യാസ വകുപ്പിനുള്ളിൽ അമർഷത്തിന് വഴി വെച്ചിരുന്നു.
വ്യാജരേഖ ഉണ്ടാക്കിയത് അടക്കമുള്ള കേസ്സിൽ അട്ടിമറി സാധ്യത നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി, സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ എം. ഹുസൈനാർ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ഈ ഹർജിയിൽ സർക്കാറിന്റെ വിശദീകരണം ഹൈക്കോടതി ആരാഞ്ഞുവെങ്കിലും സർക്കാർ പ്രതികരിച്ചിരുന്നില്ല. വിശദീകരണം നൽകാൻ രണ്ടുതവണ സർക്കാർ അഭിഭാഷകർ സമയം നീട്ടി വാങ്ങുകയായിരുന്നു. അത്യന്തം ഗുരുതരമായ ഈ കേസ്സിൽ നടപടികൾ വൈകിപ്പിക്കാനുള്ള നീക്കം സർക്കാർ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. ഇപ്പോൾ ഹൈക്കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്ന് ദാറുന്നജാത്ത് സ്‌കൂളിലെ അധ്യാപക നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഗൗരവതരമാണെന്നും, പുനരന്വേഷണ സമിതി റിപ്പോർട്ട് തയ്യാറാക്കിയ ശേഷം നടപടി പൂർത്തിയാക്കുമെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു, ജോയന്റ് സെക്രട്ടറി ബി.ടി ബിജുകുമാർ, സെക്ഷൻ ഓഫീസർ ഗിരീഷ് പറമ്പത്ത് എന്നിവരുൾപ്പെടുന്ന കമ്മറ്റിയുടെ റിപ്പോർട്ടും, അവരുടെ ശുപാർശയും ഒരു മാസത്തിനകം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുമെന്നും, തുടർന്ന് ഒരു മാസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കുമെന്നും അണ്ടർ സെക്രട്ടറി കെ. അശ്വതി ഹൈക്കോടതിയിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമസ്തയും സി.പി.എമ്മും
സമസ്തപോലുള്ള മതസംഘടനകളെ പ്രീണിപ്പിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം പൊന്നാനി ഏരിയാ സമ്മേളനത്തിൽ രൂക്ഷമായ വിമർശമുയർന്നിരുന്നു. ന്യൂനപക്ഷ പ്രീണനം നടത്തുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന ചിത്രം അപകടകരമാണെന്ന് പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് സമസ്ത പോലുള്ള സംഘടനകളെ താലോലിച്ചതും, സി.എ.എ പോലുള്ള പ്രശ്‌നങ്ങൾ ഏറ്റെടുത്ത് കാമ്പയിൻ നടത്തിയതും പാർട്ടിയ്ക്ക് ദോഷം ചെയ്‌തോ എന്ന് പരിശോധിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ചോർച്ചയ്ക്ക് ഇത് കാരണമായിട്ടുണ്ടെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. രണ്ടാം പിണറായി സർക്കാറിന്റെ കാര്യശേഷിയില്ലായ്മ തിരുത്തപ്പെടണമെന്നും, കൂടുതൽ ജനകീയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും പൊന്നാനി ഏരിയാ സമ്മേളനത്തിൽ നിർദ്ദേശമുയർന്നു.
സമീപകാലത്തായി സമസ്തയ്ക്കുള്ളിലെ രൂക്ഷമായ തൊഴുത്തിൽക്കുത്തിന്റേയും, വിഴുപ്പലക്കലിന്റേയും പരിണിത ഫലമായാണ് ദാറുന്നജാത്ത് സ്‌കൂളിലെ നിയമനത്തട്ടിപ്പ് പുറത്തുവരാനിടയാകുന്നത്. ദാറുന്നജാത്ത് സൊസൈറ്റി പ്രസിഡണ്ട് പാണക്കാട് സാദിഖലി തങ്ങളാണ്. അതേസമയം സമസ്തയിലെ ലീഗ് വിരുദ്ധനാണ് ഹമീദ് ഫൈസി അമ്പലക്കടവ്. ദാറുന്നജാത്ത് സ്‌കൂളിലെ വ്യാജ നിയമനവും, ക്രമക്കേടും പുറത്ത് വന്നതോടെ, സമസ്തയ്ക്കുള്ളിലെ ലീഗനുകൂലികളും, പ്രതികൂലികളും തമ്മിലുള്ള പോരിന് പൂർവ്വാധികം ശക്തിയുമേറി. ദാറുന്നജാത്തിലെ ക്രമക്കേട് കണ്ടെത്തിയ അന്വേഷണത്തിന് പിറകിൽ ചരടുവലി നടത്തുന്നത് മുസ്ലിംലീഗ് നേതാക്കളാണെന്നാണ് സമസ്തയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയിൽ നേരത്തെ അംഗമായിരുന്ന എം ഹുസൈനാർ നൽകിയ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ദാറുന്നജാത്തിൽ അന്വേഷണം നടത്തിയത്. ഹമീദ്‌ഫൈസി അമ്പലക്കടവും, സമസ്തയുടെ ചില നേതാക്കളും ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരത്തെ കൂടിക്കാഴ്ചയും നടത്തിയിരുന്നു. ദാറുന്നജാത്ത് വിഷയത്തിൽ ഹൈക്കോടതിയുടെ അന്ത്യശാസനത്തോടെ കാര്യങ്ങൾ മറ്റ് തലങ്ങളിലേക്ക് നീങ്ങുകയാണ്. സമസ്തയിലെ ചില നേതാക്കൾ നടത്തിയ വെട്ടിപ്പിനെ 'ദീനുൽ ഇസ്ലാമി'ന്റെ പേരിൽ ന്യായീകരിക്കുന്ന സാഹചര്യമാണിപ്പോൾ. മകൾക്കും, മറ്റ് ബന്ധുക്കൾക്കും വ്യാജ നിയമനം നൽകി സാമ്പത്തിക വെട്ടിപ്പ് നടത്തിയ അബ്ദുൽഹമീദ് ഫൈസി, ഇനിയെങ്ങനെയാണ് 'ഹറാമിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൊതു വേദിയിൽ പ്രസംഗിക്കുക' എന്ന ചോദ്യമാണ് സോഷ്യൽ മീഡിയായിൽ കൊഴുക്കുന്നത്. അതേസമയം സമസ്തയുടെ കീഴ് ഘടകങ്ങളിലുളള സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ പോർവിളികളുമായി പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിൽ, സംഘടനയിലെ വിഭാഗീയത അവസാനിപ്പിക്കാൻ നേതൃത്വം മലപ്പുറത്ത് സമവായ ചർച്ച നടത്തിയിരുന്നു. സാദിക്കലി തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, എം.ടി അബ്ദുല്ല മുസ്ല്യാർ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി മുസ്ലിംലീഗിന്റേയും, സമസ്തയുടേയും പ്രധാന നേതാക്കൾ ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു. മുസ്ലിംലീഗ് അനുകൂല-വിരുദ്ധചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കുകയാണ് സമവായ ചർച്ചയുടെ ലക്ഷ്യം. ഇരു വിഭാഗങ്ങളേയും ഒന്നിച്ചിരുത്തി പ്രശ്‌ന പരിഹാരം കണ്ടെത്താനാണ് നേതൃത്വം ശ്രമം നടത്തിയത്. പരസ്പരം സലാം ചൊല്ലി പിരിഞ്ഞെങ്കിലും ചർച്ചയുടെ ഗുണഫലം എത്രത്തോളം ഉണ്ടാകുമെന്നത് കണ്ടറിയണം.











