
കൊല്ലത്ത് ആഭിചാരക്രിയയുടെ മറവിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിദ്ധൻ അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശി ഷിനുവിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയർന്ന വിജയം നേടാൻ സാധിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. മുറിയിൽ നിന്നും പൂജാ സാധനങ്ങളും വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
ശംഖ് ജ്യോതിഷം എന്ന പേരിലാണ് ഷിനു ആളുകളെ ആകർഷിച്ചിരുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരിൽ ചൂരൽപ്രയോഗവും ഇയാൾ നടത്താറുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഇവിടേക്ക് ആളുകൾ എത്താറുണ്ടത്രെ. മുമ്പ് ടൈൽസിന്റെ പണികൾ ചെയ്തിരുന്ന ഇയാൾ കുറച്ച് കാലം മുമ്പാണ് സ്വാമിയുടെ വേഷം കെട്ടി പ്രവർത്തിച്ച് തുടങ്ങിയത്. 10000 മുതൽ ഒരു ലക്ഷം വരെയാണ് ഇയാൾ പൂജയ്ക്ക് ഈടാക്കുന്ന ഫീസ്. മാത്രവുമല്ല, ആളുകളെ കൊണ്ടുവന്നാൽ ഇയാൾ കമ്മീഷൻ നൽകാറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞാണ് ഷിനുവിന്റെ അടുത്തേക്ക് എത്തിയതെന്ന് പതിനൊന്നുകാരിയുടെ അമ്മ വ്യക്തമാക്കുന്നത്. പൂജ ചെയ്യണം കുറച്ച് പൈസയേ ആകുള്ളുവെന്നായിരുന്നു ഇയാൾ പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞത്. യുവതി ആദ്യം തനിച്ചാണ് ഷിനുവിന്റെ അടുത്ത് എത്തിയത്. പിന്നീട് പെൺകുട്ടിയേയും കൂട്ടിയെത്തുകയായിരുന്നു.
കുട്ടി പഠിക്കാൻ മോശമാണെന്നും ഒറ്റയ്ക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കണമെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയോട് പറയുകയായിരുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞാലേ പൂജ ചെയ്യാൻ പറ്റുള്ളുവെന്നും പറഞ്ഞതോടെ അമ്മ സമ്മതിക്കുകയും ചെയ്തു. തനിക്ക് വിശ്വാസമായത് കൊണ്ടും നല്ലൊരു മനുഷ്യനാണെന്നും കരുതിയുമാണ് കുട്ടിയെ ഒറ്റയ്ക്ക് മുറിയിൽ വിട്ടതെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. ഏകദേശം മുക്കാൽ മണിക്കൂറോളം പെൺകുട്ടിയുമൊത്ത് ഷിനു മുറിയിലായിരുന്നു. ഈ സമയം അത്രയം അമ്മ പുറത്ത് കാത്തുനിന്നു. കുട്ടി പുറത്ത് ഇറങ്ങിയപ്പോൾ മുഖത്ത് ഒരു ഭയമുണ്ടായിരുന്നു. ഇതോടെയാണ് അമ്മ കാര്യം അന്വേഷിച്ചത്. അമ്മ ചോദിച്ചപ്പോൾ സ്വാമി മോശമായി സ്പർശിച്ചതായി തോന്നിയെന്ന് കുട്ടി പറഞ്ഞു. സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നായിരുന്നു കുട്ടി പറഞ്ഞത് ഇതോടെ ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു.











