02:33pm 27 June 2026
NEWS
വ്യാജ പേവിഷ വാക്സീൻ രാജ്യത്തുണ്ടെന്ന് തുറന്നു സമ്മതിച്ച് കേന്ദ്രസർക്കാർ
04/02/2026  10:59 AM IST
nila
വ്യാജ പേവിഷ വാക്സീൻ രാജ്യത്തുണ്ടെന്ന് തുറന്നു സമ്മതിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് വ്യാജ ആന്റി–റേബീസ് വാക്സീനുകൾ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റേബീസ് വാക്സീൻ എടുത്തിട്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവങ്ങളുണ്ടായിരുന്നു. ഇത്തരം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.

റേബീസ് വാക്സീനുകളെക്കുറിച്ച് ഉയർന്ന പരാതികളെ തുടർന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ സംസ്ഥാന ലൈസൻസിങ് അതോറിറ്റികളുമായി ചേർന്ന് അന്വേഷണം നടത്തിയതായി ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ അറിയിച്ചു. വ്യാജ ആന്റി–റേബീസ് മരുന്ന് വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, സംഭവം നടന്ന സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല.

‘അഭയറാബ്’ എന്ന ഇന്ത്യൻ നിർമിത ആന്റി–റേബീസ് വാക്സീനിന്റെ വ്യാജ പതിപ്പുകളാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 2023ൽ ഓസ്ട്രേലിയ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ വാക്സീൻ എടുത്ത ഓസ്ട്രേലിയൻ പൗരന് പിന്നീട് റേബീസ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ജാഗ്രതാ നിർദേശം.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ വാക്സീൻ കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ഡൽഹി, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ വ്യാജ വാക്സീൻ പതിപ്പുകൾ പിടിച്ചെടുത്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ, വാക്സീനുകൾ, ആന്റിമൈക്രോബിയലുകൾ, സൈക്കോട്രോപിക് മരുന്നുകൾ ഉൾപ്പെടെ എല്ലാ മരുന്നുകളും ക്യുആർ കോഡ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2024ൽ ആരംഭിച്ച ഈ നടപടികൾ പ്രകാരം നിലവിൽ ഏകദേശം 75 ശതമാനം മരുന്നുകളിൽ ക്യുആർ സംവിധാനം നടപ്പാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img