
ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘പരിവാഹൻ’ പോർട്ടലിന് സമാനമായ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആളുകളെ കബളിപ്പിച്ച കേസിൽ 24-കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശി അൻഷുൽ യാദവിനെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. എം.സി.എ. ബിരുദധാരിയാണ് ഇയാൾ.
സാമ്പത്തിക ഇടപാടുകളുടെ വിശദമായ പരിശോധനയ്ക്കൊടുവിലാണ് പ്രതിയിലേക്ക് അന്വേഷണസംഘം എത്തിയത്. ‘parivahan.online’ എന്ന പേരിൽ സർക്കാർ വെബ്‌സൈറ്റിനോട് അതീവ സാമ്യമുള്ള പോർട്ടൽ രൂപകൽപ്പന ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ആർ.സി. ബുക്ക് സേവനങ്ങൾ, വാഹന നികുതി അടയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഓൺലൈനിൽ എത്തുന്നവരെയാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടത്. യഥാർഥ സർക്കാർ സൈറ്റാണെന്ന് തെറ്റിദ്ധരിക്കുന്ന തരത്തിലായിരുന്നു പോർട്ടലിന്റെ രൂപകൽപ്പന.
വാഹന നമ്പർ ബുക്ക് ചെയ്യുന്നതിനായി സൈറ്റ് സന്ദർശിച്ച ഒരാളുടെ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആവശ്യമായ വിവരങ്ങൾ ശേഖരിച്ചശേഷം പ്രതി 1,099 രൂപ ഫീസായി അടയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും പണം ആവശ്യപ്പെട്ടതോടെ പരാതിക്കാരന് സംശയം തോന്നി.
തുടർന്ന് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പണം എവിടേക്കാണ് ഒഴുകിയതെന്നുമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.










