
ബംഗളൂരു: മന്ത്രവാദത്തിലൂടെ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. സന്ന്യാസിയെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ ആളുകളെ പറ്റിച്ചത്. ഒരു ലക്ഷം രൂപ നൽകിയാൽ മന്ത്രവാദത്തിലൂടെ അത് പത്തുലക്ഷം രൂപയാക്കി നൽകും എന്നായിരുന്നു വാഗ്ദാനം. പൂജകൾക്കൊടുവിൽ യന്ത്ര സഹായത്തോടെ പണം മുകളിൽ നിന്നും വർഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, കള്ളനോട്ടുകളായിരുന്നു ഇത്തരത്തിൽ പണമഴയായി ആളുകൾക്ക് നൽകിയത്.
നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പണം ഇരട്ടിയാക്കാൻ പൂജകൾ വേണമെന്ന് പറഞ്ഞാണ് ഇരകളെ സമീപിക്കുക. തുടർന്ന് പ്രത്യേകം ഒരുക്കിയ മുറിയിലേക്ക് ഇവരെ വിളിച്ചുവരുത്തി പൂജകൾ ചെയ്യും. പൂജയുടെ അവസാനം മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വീഴുകയും ചെയ്യും. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.
മുറിക്ക് പിന്നിൽ സെറ്റ് ചെയ്തിരിക്കുന്ന യന്ത്ര സഹായത്തോടെയാണ് കള്ളനോട്ടുകൾ പറത്തുന്നത്. തട്ടിപ്പ് മനസിലാക്കിയ നാട്ടുകാർ പ്രതികളുടെ സംഘത്തിലെ ഒരാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ പൊലീസ് കെെക്കൂലി വാങ്ങി ഇയാളെ രക്ഷപ്പെടുത്തിയെന്നും നാട്ടുകാർ ആരോപിച്ചു. പക്ഷേ പൊലീസിനും ലഭിച്ചത് കള്ളനോട്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.











