03:03am 02 May 2026
NEWS
വ്യാജകത്ത് വിവാദം: കെ. സുധാകരന്റെ മരുമകനെ സൈബർ പോലീസ് ചോദ്യം ചെയ്തു
30/04/2026  09:15 AM IST
ന്യൂസ് ബ്യൂറോ
വ്യാജകത്ത് വിവാദം: കെ. സുധാകരന്റെ മരുമകനെ സൈബർ പോലീസ് ചോദ്യം ചെയ്തു


​കണ്ണൂർ: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി പ്രചരിപ്പിച്ച കേസിൽ കെ. സുധാകരന്റെ മരുമകൻ അജിത് കുമാറിനെ സൈബർ പോലീസ് ചോദ്യം ചെയ്തു. കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
​നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് വിവാദത്തിനടിസ്ഥാനമായ കത്ത് പുറത്തുവന്നത്. കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരന് ജയസാദ്ധ്യതയില്ലെന്നും പകരം ടി.ഒ. മോഹനനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചാൽ വിജയം ഉറപ്പാണെന്നും കത്തിൽ പറയുന്നു. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയ്ക്ക് സണ്ണി ജോസഫ് അയച്ചു എന്ന നിലയിലാണ് ഈ കത്ത് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിച്ചത്.
​ഗൂഢാലോചനയെന്ന് പരാതി
കെ.പി.സി.സിയുടെ ഔദ്യോഗിക ലെറ്റർഹെഡ് ഉപയോഗിച്ച് തന്റെ ഒപ്പ് കൃത്രിമമായി നിർമ്മിച്ചാണ് കത്ത് തയ്യാറാക്കിയതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പരാതി. സണ്ണി ജോസഫിന്റെ പരാതിയിൽ കേസെടുത്ത സൈബർ പോലീസ് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. കത്ത് നിർമ്മിച്ചതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img