
കോട്ടയം: പോക്സോ കേസിൽ 22 കാരൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് വടവാതൂർ പാത്തുകളത്തിൽ വീട്ടിൽ ആദിത്യൻ പി. കിഷോർ (22) അറസ്റ്റിലായത്. ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പൊലീസുകാരെ ഉൾപ്പെടെ ഇയാൾ കബളിപ്പിച്ച് വിവിധ സംഭവങ്ങളിൽ ഇടപെട്ടിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ‘ഐപിഎസ് ട്രെയ്‌നി’ എന്ന പേരിൽ ഇയാൾ ഇടപെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
‘2023 ബാച്ച് ബിഹാർ കേഡർ ഐപിഎസ്’ എന്നായിരുന്നു പരിചയപ്പെടുത്തൽ. ‘ആദിത്യൻ പി.കെ. ഐപിഎസ്’ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. ദുൽഖർ സൽമാൻ ഐപിഎസ് ട്രെയ്‌നിയായി അഭിനയിച്ച ‘വിക്രമാദിത്യൻ’ എന്ന മലയാള സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് പ്രതി ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി.
കോട്ടയം കലക്ടറേറ്റിലെ ജീവനക്കാരിക്ക് ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഏജൻസി ഉടമകൾ 10 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലാണ് ആദിത്യൻ ഏറ്റവും ഒടുവിൽ ഇടപെട്ടത്. യുവതിക്കും ഭർത്താവിനുമൊപ്പം എറണാകുളം മുളവുകാടുള്ള ഏജൻസി ഉടമകളുടെ വീട്ടിലെത്തിയ ഇയാൾ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തിരികെ വാങ്ങി നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന് പറഞ്ഞ് ഏജൻസി ഉടമകളുടെ വാഹനം പിടിച്ചെടുത്ത് കോട്ടയത്തേക്കും പോയി. ഇതിനിടെ ‘പ്രതിഫലമായി’ 20,000 രൂപ ഗൂഗിൾ പേയിലൂടെ വാങ്ങുകയും ചെയ്തു.
ഏജൻസി ഉടമകളുടെ പരാതിയിൽ ആദിത്യനെ വിളിച്ച വരാപ്പുഴ എസ്ഐയോടും ഇയാൾ ഭീഷണി മുഴക്കി. ‘ഐപിഎസുകാരോട് സംസാരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലേ?’ എന്നായിരുന്നു ചോദ്യം. ഇതോടെ സംശയം തോന്നിയ കലക്ടറേറ്റ് ജീവനക്കാരി കോട്ടയം ഡിവൈഎസ്പി ഓഫിസിൽ ആദിത്യനെക്കുറിച്ച് അന്വേഷിച്ചു.
ഗൂഗിൾ പേ നമ്പറിൽ വിളിച്ചപ്പോൾ നിർണായക വിവരം
ആദിത്യന് പണം നൽകിയ ഗൂഗിൾ പേ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഫോൺ എടുത്തത് പത്തനംതിട്ട സ്വദേശിയായ 17കാരിയായിരുന്നു. ഐപിഎസ് ട്രെയ്‌നിയാണെന്ന് പറഞ്ഞാണ് ആദിത്യൻ തന്നെ പരിചയപ്പെട്ടതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പിന്നീട് പീഡിപ്പിച്ചെന്നും അതിനുശേഷം ഇയാൾ ഫോൺ എടുക്കുന്നില്ലെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെയാണ് ആദിത്യനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കുടുംബവഴക്കിലും ‘ഐപിഎസ്’ ഇടപെട്ടു
ആദിത്യന്റെ വ്യാജ ഐപിഎസ് വേഷം സംബന്ധിച്ച വിവരം നേരത്തേ തന്നെ ഇടുക്കി പൊലീസിന് ലഭിച്ചിരുന്നു. മാസങ്ങൾക്കു മുൻപ് ഉപ്പുതറയിലെ ഒരു വീട്ടിൽ കുടുംബവഴക്ക് നടക്കുന്നതായി വിവരം ലഭിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അവിടെ ‘ഐപിഎസ് ഉദ്യോഗസ്ഥൻ’ എന്ന നിലയിൽ ആദിത്യൻ കാത്തുനിൽക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ചെന്നും ഇനി പൊലീസ് ഇടപെടേണ്ടതില്ലെന്നും പറഞ്ഞ് ഇയാൾ പൊലീസ് സംഘത്തെ മടക്കി അയച്ചു.
കോട്ടയം സ്വദേശിയായ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു പരിചയപ്പെടുത്തൽ. സംശയം തോന്നിയ ഇടുക്കി പൊലീസ് കോട്ടയത്ത് അന്വേഷിച്ചെങ്കിലും ഈ പേരിലുള്ള ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല. റാങ്ക് പട്ടികകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അന്വേഷണത്തിൽ ‘വിക്രമാദിത്യൻ’ സിനിമയിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് ലഭിച്ചത്.
പത്തനംതിട്ട സ്വദേശിയായ 17കാരിയുടെ നിർദേശപ്രകാരമാണ് ഉപ്പുതറയിലെ കുടുംബപ്രശ്നത്തിൽ ആദിത്യൻ ഇടപെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഒരിക്കൽ സിആർപിഎഫ് ഇൻസ്പെക്ടറായും
മണർകാട് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലും ആദിത്യൻ ഇടപെടാൻ ശ്രമിച്ചു. സിആർപിഎഫ് ഇൻസ്പെക്ടറെന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിച്ച് കേസിൽ ഇടപെടേണ്ടതില്ലെന്ന് നിർദേശിച്ചതായും പൊലീസ് പറയുന്നു.
ഐപിഎസ് ഉദ്യോഗസ്ഥനെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവും സംസാരവുമായിരുന്നു ഇയാളുടെ പ്രധാന തന്ത്രം. നിയമ, പൊലീസ് മേഖലകളുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ച് സംസാരിച്ചതിനാൽ പൊലീസുകാർക്കുപോലും ആദ്യഘട്ടത്തിൽ സംശയം തോന്നിയില്ല.
ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഐടിഐ വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളതെന്നാണ് പൊലീസ് പറയുന്നത്. ഓൺലൈൻ ടാക്സി കാർ ഓടിക്കുന്നതിനിടെയാണ് കലക്ടറേറ്റ് ജീവനക്കാരിയെ പരിചയപ്പെട്ടത്. താൻ ഐപിഎസ് ട്രെയ്‌നിയാണെന്ന് പറഞ്ഞതോടെ, ഏജൻസി ഉടമകൾ തനിക്ക് പണം തിരികെ നൽകാനുണ്ടെന്ന വിവരം യുവതി ആദിത്യനോട് പങ്കുവച്ചു. ഇതോടെയാണ് ഇയാൾ വിഷയത്തിൽ ഇടപെടുകയും പണം തിരികെ വാങ്ങി നൽകുകയും ചെയ്തത്.
പൊലീസ് വാഹനങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ
ഇൻസ്റ്റഗ്രാം വഴിയാണ് ആദിത്യൻ 17കാരിയെ പരിചയപ്പെട്ടത്. പൊലീസ് വാഹനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും വ്യാജ ഐപിഎസ് ഉദ്യോഗസ്ഥനെന്ന അവകാശവാദം വിശ്വസിപ്പിക്കാൻ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
പത്തനംതിട്ട കീഴ്‌വായ്പൂരിൽ സോളർ സ്ഥാപിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയ കേസിലും കൈതേപ്പാലത്തെ ബാറിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും ആദിത്യൻ പ്രതിയാണ്. കൂടുതൽ പേരെ സമാനരീതിയിൽ കബളിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ മേൽനോട്ടത്തിലായിരുന്നു നടപടി. എസ്ഐ വി.എസ്. ഗിരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.കെ. രൂപേഷ്, അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.










