
വ്യാജ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ. അസമിലെ സിൽച്ചാറിലാണ് സംഭവം. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാർ എന്നയാളാണ് അറസ്റ്റിലായത്. മതിയായ മെഡിക്കൽ യോഗ്യതകളൊന്നുമില്ലാതെ കഴിഞ്ഞ പത്തുവർഷമായി ഇയാൾ ഗൈനക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇതിനിടെ അമ്പതിലേറെ സിസേറിയനുകളും ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകളും ഇയാൾ നടത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിൽച്ചാറിലെ ഷിബ്‌സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിൽ സിസേറിയൻ നടത്തുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിൽച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’ ഇയാൾ. പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്.
അന്വേഷണത്തിൽ പുലോക്കിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പുലോക് മലക്കാറിനെ അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.











