02:57pm 09 November 2026
NEWS
കാർ‌ത്തികയുടെ എംബിബിഎസും വെറും തള്ള് മാത്രം
11/05/2025  06:46 AM IST
nila
കാർ‌ത്തികയുടെ എംബിബിഎസും വെറും തള്ള് മാത്രം

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപ് വ്യാജ ഡോക്ടറെന്ന് പൊലീസ്. കാർത്തിക പ്രദീപിന് ഡോക്ടർ ലൈസൻസ് ഇല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാർത്തിക യുക്രെയ്നിൽ മെഡിസിൻ പഠനം നടത്തിയെങ്കിലും ഇതു പൂർത്തിയാക്കിയതായോ കേരളത്തിൽ റജിസ്ട്രേഷനെടുത്തതായോ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. 

കാർത്തികയുടെ ‘ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി’ക്ക്‌ ലൈസൻസില്ലെന്നു പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. വിദേശത്തേക്ക്‌ ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ്‌ സ്ഥാപനത്തിനില്ലെന്നു വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ്‌ എമിഗ്രന്റ്‌സും സ്ഥിരീകരിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ പേരിലായിരുന്നു യുവതി വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത്‌ കോടികൾ തട്ടിയെടുത്തത്.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കാർത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. 

തൃശൂർ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് കാർത്തിക പിടിയിലായത്. വിശ്വാസവഞ്ചനയ്‌ക്കാണ്‌ എറണാകുളം സെൻട്രൽ പൊലീസ്‌ കാർത്തികയെ അറസ്റ്റ്‌ ചെയ്‌തത്‌. യുകെയിൽ സോഷ്യൽ വർക്കറായി ജോലിനൽകാമെന്നു പറഞ്ഞ്‌ 5.23 ലക്ഷം രൂപയാണു തൃശൂർ സ്വദേശിനിയിൽനിന്നു തട്ടിയെടുത്തത്‌. എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്‌ ജില്ലകളിലെ പൊലീസ്‌ സ്‌റ്റേഷനുകളിലും കാർത്തികയുടെ സ്ഥാപനത്തിനെതിരെ പരാതിയുണ്ട്‌. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img