09:31pm 15 August 2026
NEWS
‘ഓണം ഓഫർ’ മറയാക്കി വ്യാജ വെളിച്ചെണ്ണ; കേരള വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട് ലോബി
14/08/2026  09:41 AM IST
nila
‘ഓണം ഓഫർ’ മറയാക്കി വ്യാജ വെളിച്ചെണ്ണ; കേരള വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട് ലോബി

ഓണം വിപണി ലക്ഷ്യമിട്ട് മായംചേർത്ത വെളിച്ചെണ്ണ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടെ നീക്കമെന്ന് റിപ്പോർട്ട്. ഉയർന്ന വിലയുള്ള ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് പകരം കുറഞ്ഞ വിലയിൽ ‘ഓണം ഓഫർ’ എന്ന പേരിലാണ് മായംചേർത്ത എണ്ണ വിപണിയിലെത്തിക്കുന്നത്. സർക്കാർ സബ്സിഡിയോടെ വിൽക്കുന്ന വിപണിയിലേക്കും ഇത്തരം ഉൽപന്നങ്ങൾ കടത്തിവിടാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.

കേരളത്തിൽ കൊപ്രയുടെ വില ഉയർന്നുനിൽക്കുന്നതിനാൽ യഥാർഥ വെളിച്ചെണ്ണ ഉൽപാദനത്തിൽ വലിയ ലാഭമില്ല. ഒരു ക്വിന്റൽ കൊപ്രയ്ക്ക് ഏകദേശം 17,000 രൂപയാണ് വില. ഇതിൽനിന്ന് ശരാശരി 66 ലിറ്റർ എണ്ണ ലഭിക്കും. ലിറ്ററിന് 280 രൂപ നിരക്കിൽ വിറ്റാൽ 18,480 രൂപ മാത്രമാണ് ലഭിക്കുക. ഉൽപാദനച്ചെലവ് കൂടി കണക്കാക്കുമ്പോൾ ലാഭം നാമമാത്രം. ലിറ്ററിന് 310–320 രൂപ ലഭിച്ചാൽ മാത്രമാണ് കാര്യമായ നേട്ടമുണ്ടാകുക.

ഇതാണ് കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കുന്ന എണ്ണയ്ക്ക് കേരളത്തിൽ വിപണി കണ്ടെത്താൻ സഹായിക്കുന്നതെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട്ടിൽ കൊപ്രയ്ക്ക് കേരളത്തേക്കാൾ വില കുറവാണ്. അതിനൊപ്പം മായം ചേർക്കുന്നതോടെ ലിറ്ററിന് 240–280 രൂപ വരെ വിലയിൽ എണ്ണ കേരളത്തിലെത്തിക്കാനാകുമെന്നാണ് ആരോപണം.

‘ബ്രാൻഡ് നൽകിയാൽ മതി’

കേരളീയ പേരുകളിലുള്ള ബ്രാൻഡുകളുടെ പാക്കറ്റിൽ ഇത്തരം എണ്ണ വിപണിയിലെത്തിക്കുന്ന രീതിയും സജീവമാണെന്നാണ് വിവരം. ഉൽപാദനം, സംഭരണം തുടങ്ങിയ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല; ബ്രാൻഡ് പേര് നൽകിയാൽ ആവശ്യപ്പെടുന്ന സ്ഥലത്ത് പാക്ക് ചെയ്ത എണ്ണ എത്തിക്കുന്ന സംവിധാനമാണ് ഉപയോഗിക്കുന്നതെന്നാണ് ആരോപണം. ഇതുവഴി ഇടനിലക്കാർക്കും വൻ ലാഭം ലഭിക്കും.

ഓണത്തിന് മുന്നോടിയായി ഇത്തരം സംഘങ്ങളുടെ മാർക്കറ്റിങ് വിഭാഗം കേരളത്തിൽ സജീവമായിട്ടുണ്ട്. കുറഞ്ഞ വിലയുടെ ഓഫറുകളിൽ വീഴാതെ ഗുണനിലവാരം ഉറപ്പാക്കി എണ്ണ വാങ്ങണമെന്നാണ് വിപണിയിലെ മുന്നറിയിപ്പ്.

മായം ചേർക്കാൻ ‘വഴി’ തുറന്ന് തേങ്ങാപ്പിണ്ണാക്ക്

തേങ്ങാപ്പിണ്ണാക്കിന്റെ നിയന്ത്രണമില്ലാത്ത ഇറക്കുമതിയാണ് വ്യാജ വെളിച്ചെണ്ണ നിർമാണത്തിന് സഹായകമാകുന്ന മറ്റൊരു ഘടകമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് 1.72 ലക്ഷം ടൺ തേങ്ങാപ്പിണ്ണാക്കാണ്.

വെളിച്ചെണ്ണയുടെ അംശം നിലനിർത്തിയ പിണ്ണാക്ക് ലായകങ്ങൾ ഉപയോഗിച്ച് വീണ്ടും സംസ്കരിച്ച് എണ്ണയാക്കുന്നതായി നേരത്തെ സി.എ.സി.പി. മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം എണ്ണ പിന്നീട് മായംചേർക്കലിന് ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.

വെളിച്ചെണ്ണ ഇറക്കുമതിക്ക് 35% ചുങ്കമുള്ളപ്പോൾ തേങ്ങാപ്പിണ്ണാക്കിന് 15% മാത്രമാണ് ചുങ്കം. ഇതാണ് പിണ്ണാക്ക് ഇറക്കുമതി വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം മാത്രം 337 കോടി രൂപ മൂല്യമുള്ള തേങ്ങാപ്പിണ്ണാക്ക് രാജ്യത്തേക്ക് എത്തിയിട്ടുണ്ട്.

വെളിച്ചെണ്ണ വില ഉയർന്ന സാഹചര്യത്തിൽ കുറഞ്ഞ ചുങ്കമുള്ള പിണ്ണാക്ക് ഇറക്കുമതി ചെയ്ത് അതിൽനിന്ന് എണ്ണയുണ്ടാക്കുന്ന രീതിക്ക് പിന്നിൽ വ്യാജ വെളിച്ചെണ്ണ മാഫിയയുടെ ഇടപെടലുണ്ടെന്ന സംശയവും ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img